സ്വര്‍ണം പവന്‍ 44,000ന് താഴേക്ക്
- വെള്ളിവിലയിലും ഇന്ന് ഇടിവ്
- ഡോളര്‍ കരുത്താര്‍ജിച്ചത് സ്വര്‍ണ വിലയെ ബാധിച്ചു
ഇന്ന് സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. 22കാരറ്റ് ഗ്രാമിന് 10 രൂപയുടെ ഇടിവോടെ 5495 രൂപയാണ് വില, ഇന്നലെയും ഗ്രാമിന് 10 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 80 രൂപയുടെ ഇടിവോടെ 43,960 രൂപയാണ് ഇന്നത്തെ വില. ജൂലൈ 13ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. ഇക്കാലയളവില്‍ ആദ്യമായാണ് പവന് വില 44,000ന് താഴേക്ക് വരുന്നത്. ഈ മാസം 2 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വില ഉയര്‍ന്നത്.
24കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 11 രൂപ ഇടിഞ്ഞ് 5995 രൂപയിലെത്തി. 24 കാരറ്റ് പവന് 47,960 രൂപയാണ് ഇന്നത്തെ വില, 88 രൂപയുടെ ഇടിവ്. ഔണ്‍സിന് 1930.43 ഡോളര്‍ ( 09 Aug, 2023 | 10:22 IST) എന്ന തലത്തിലാണ് ആഗോള തലത്തില്‍ സ്വര്‍ണവില പുരോഗമിക്കുന്നത്. ഇടിവില്‍ നിന്നും തിരിച്ചുകയറാനുള്ള പ്രവണത ആഗോള തലത്തില്‍ സ്വര്‍ണ വില പ്രകടമാക്കുന്നുണ്ട്. ചൈനയുടെ ദുര്‍ബലമായ വ്യാപാര കണക്കുകളുടെ പശ്ചാത്തലത്തില്‍ ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായി നിക്ഷേപകര്‍ പുലര്‍ത്തുന്ന ജാഗ്രതയുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.
മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.
സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് വെള്ളി ഗ്രാമിന് 60 പൈസയുടെ ഇടിവോടെ 76.70 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് ഇന്ന് 613.60 രൂപയാണ്, 4.80 രൂപയുടെ ഇടിവ്. ഇന്ന് രൂപയുടെ മൂല്യം നേരിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്.
ഡോളറിനെതിരേ 82.82 രൂപ എന്ന നിലയാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.