ഇന്ത്യന്‍ വിപണിക്ക് തിരിച്ചടി; വിദേശ നിക്ഷേപകര്‍ ചൈനയിലേക്ക്
- രണ്ടാഴ്ചക്കിടെ ചൈനീസ് ഓഹരികളുടെ വിപണമൂല്യത്തില്‍ രണ്ട് ലക്ഷം കോടി ഡോളറിന്റെ വര്‍ധനവ്
- ഹോങ്കോങിലെ വിപണി മൂല്യം 1.2 ലക്ഷം കോടി ഡോളറും ഉയര്‍ന്നു
- വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ചൈന സ്വിറ്റ്സര്‍ലാന്‍ഡിനും ദക്ഷിണ കൊറിയക്കും ഓസ്ട്രേലിയക്കുമൊപ്പമെത്തി
ഏറെക്കാലം അനക്കമില്ലാതെ കിടന്ന ചൈനീസ് ഓഹരി വിപണി കുതിപ്പിന്റെ പാതയില്‍. ചൈനീസ് സര്‍ക്കാര്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചതാണ് വിപണിക്ക് നേട്ടമായത്. രണ്ടാഴ്ചക്കിടെ ചൈനീസ് ഓഹരികളുടെ വിപണമൂല്യത്തില്‍ രണ്ട് ലക്ഷം കോടി ഡോളറിന്റെ വര്‍ധനവുണ്ടായി. ഹോങ്കോങിലെ വിപണി മൂല്യമാകട്ടെ 1.2 ലക്ഷം കോടി ഡോളറും ഉയര്‍ന്നു.
ഒക്ടോബര്‍ രണ്ടിലെ കണക്ക് പ്രകാരം ചൈനയുടെ മൊത്തം വിപണിമൂല്യം 10.1 ലക്ഷം കോടി ഡോളറാണ്. സെപ്റ്റംബര്‍ 13ലെ 7.95 ലക്ഷം കോടി ഡോളറിനെ അപേക്ഷിച്ച് രണ്ട് ലക്ഷം കോടിയുടെ വര്‍ധന. ഇതോടെ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ചൈന സ്വിറ്റ്സര്‍ലാന്‍ഡിനും ദക്ഷിണ കൊറിയക്കും ഓസ്ട്രേലിയക്കുമൊപ്പമെത്തി.
സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ പലിശ കുറയ്ക്കല്‍ ഉള്‍പ്പടെയുള്ള നടപടികളാണ് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വന്‍തോതില്‍ പണം വിപണിയിലിറക്കുകയും ചെയ്തു. ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പലിശ നിരക്ക് 1.7 ശതമാനത്തില്‍നിന്ന് 1.5 ശതമാനമായാണ് കുറച്ചത്. ബാങ്കുകള്‍ക്ക് ബാധകമായ കരുതല്‍ ധനാനുപാതം അര ശതമാനം കുറച്ചതോടെ 14,200 കോടി ഡോളറാണ് വിപണിയിലെത്തിയത്.
നിരക്ക് താഴ്ത്തിയതോടെ ഭവനവായ്പാ പലിശയില്‍ അര ശതമാനം കുറവുണ്ടായി. അഞ്ച് കോടി കുടംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇതിലൂടെ മാത്രം ഇവര്‍ക്ക് പലിശയനിത്തില്‍ 2110 കോടി രൂപ ലാഭിക്കാനാകും.
ഓഹരി വിപണിക്കായി 7,100 കോടി ഡോളറിന്റെ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കിയത്.