കുരുമുളക് വിപണിയിൽ ഉണർവ്; മാറ്റമില്ലാതെ റബർ വില

Update: 2025-01-23 12:48 GMT

നാളികേരോൽപ്പന്നങ്ങൾക്ക് തളർച്ച. തമിഴ്നാട്ടിൽ കൊപ്ര വില താഴ്ന്നത് മില്ലുകാരെ തിടുക്കത്തിൽ വെളിച്ചെണ്ണ വിറ്റു മാറാൻ പ്രേരിപ്പിച്ചു. ശബരിമല സീസൺ അവസാനിച്ചതിനാൽ ദക്ഷിണേന്ത്യയിൽ നാളികേരത്തിന് ആവശ്യകാർ കുറഞ്ഞ കാര്യം ഇന്നലെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ ഗ്രാമീണ മേഖലകളിൽ നിന്നുള്ള പച്ചതേങ്ങ വരവ് ഉയരുമെന്ന കണക്ക് കൂട്ടലിലാണ് കൊപ്രയാട്ട് വ്യവസായ മേഖല. കൊച്ചിയിൽ വെളിച്ചെണ്ണ, കൊപ്ര വിലകൾ കുറഞ്ഞു.

ഉൽപാദന മേഖലയിൽ നടന്ന ഏലക്ക ലേലത്തിൽ ചരക്ക് വരവ് പെടുന്നനെ കുറഞ്ഞങ്കിലും അതിന് അനുസൃതമായിവില ഉയർത്തി ചരക്ക് സംഭരിക്കാൻ ഇടപാടുകാർ തയ്യാറായില്ല. കയറ്റു മതിക്കാരും ആഭ്യന്തര ഇടപാടുകാരും ലേലത്തിൽ സജീവമായിരുന്നു. ആകെ 22,219 കിലോ ഏലക്ക എത്തിയതിൽ 18,837 കിലോയും വാങ്ങലുകാർ മത്സരിച്ച് വാങ്ങി. മികച്ചയിനങ്ങൾ കിലോ 3302 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 3059 രൂപയിലും കൈമാറി.

കൊച്ചി, കോട്ടയം വിപണികളിൽ റബർ വിലയിൽ മാറ്റമില്ല. ശക്തമായ മഴ മൂലം തായ്ലൻറ്റിൽ ടാപ്പിങ് വീണ്ടും സ്തംഭിച്ചത് ഏഷ്യൻ റബർ അവധി വിപണികളിൽ വിലക്കയറ്റത്തിന് അവസരം ഒരുക്കുമെന്ന് ഉൽപാദന രാജ്യങ്ങൾ കണക്ക് കൂട്ടിയെങ്കിലും വ്യവസായിക ഡിമാൻറ് ഉയർന്നില്ല. ബാങ്കോക്കിൽ ഷീറ്റ് കിലോ 210 രൂപയിലും കൊച്ചിയിൽ നാലാം ഗ്രേഡ് 190 രൂപയിലുമാണ്.

വിയെറ്റ്നാമിൽ കുരുമുളക് വില ഉയർന്നതിൻറ ചുവട് പിടിച്ച് ഇന്ത്യയിലും ഇന്തോനേഷ്യയിലും ഇന്ന് ഉൽപ്പന്ന മികവ് കാണിച്ചു. കുരുമുളക് ലഭ്യത ചുരുങ്ങിയതാണ് നിരക്ക് ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചത്. വിദേശത്തെ ഉണർവിൻറ ചുവടു പിടിച്ച് കൊച്ചിയിൽ വിൽപ്പനക്കാർ കുറവായിരുന്നു. അൺ ഗാർബിൾഡ് മുളക് 64,000  രൂപ.

Tags:    

Similar News