ധനനയ യോഗത്തിൽ ഫെഡ് നൽകുന്ന പ്രതീക്ഷകൾ എന്തായിരിക്കും? അറിയാം ആഗോളവിപണിയുടെ ട്രെൻഡ്
- അമേരിക്കൻ കേന്ദ്രബാങ്കിന്റെ ധനനയയോഗം അടുത്ത ആഴ്ച
- ഫെഡിന്റെ പ്രതീക്ഷകളെക്കുറിച്ചുള്ള സൂചനകൾ വിപണികൾ സൂക്ഷ്മമായി നിരീക്ഷിക്കും.
- വിവിധ കേന്ദ്രബാങ്കുകളുടെ യോഗം അടുത്ത ആഴ്ച
പോയ വാരത്തിൽ പണപ്പെരുപ്പം, തൊഴിലില്ലായ്മ കണക്കുകൾ തുടങ്ങിയവയിലെ അപ്രതീക്ഷതമായ വർധനവ് യുഎസ് വിപണികൾക്ക് മേൽ സമ്മർദ്ദം ചെലുത്തി. സൂചികകളിൽ പലതും പ്രോഫിറ്റ് ബുക്കിങ്ങിൽ കാലിടറി. പ്രതിവാര പ്രകടനം വിലയിരുത്തുമ്പോൾ ഡൗ ജോൺസ് 0.02% ഇടിവിൽ അവസാനിച്ചപ്പോൾ നാസ്ഡാക് 0.7 ശതമാനത്തിന്റെ ഇടിവും എസ്&പി 500 സൂചിക 0.13% ഇടിവുമാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ കേന്ദ്രബാങ്കിന്റെ ധനനയയോഗം കടന്നുവരുന്ന അടുത്ത ആഴ്ച ആഗോള വിപണിയ്ക്ക് നിർണായകമാണ്.
2024 ലെ പലിശ നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട ഫെഡറൽ റിസേർവിന്റെ മീറ്റിംഗ് മാർച്ച് 19ന് നടക്കുകയാണ്. തീരുമാനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം 20 നു ആയിരിക്കും പുറത്തു വിടുക. നിലവിലെ പലിശ നിരക്കിൽ മാറ്റം വരുത്തില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം പീക്ക് ലെവലിൽ നിന്ന് കുറഞ്ഞെങ്കിലും ഫെഡിന്റെ 2% വാർഷിക ലക്ഷ്യത്തിൽ എത്തിയിട്ടില്ല. ഫെബ്രുവരിയിലെ ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക റിപ്പോർട്ട് പ്രകാരം 3.2% ആണ് വാർഷിക പണപ്പെരുപ്പമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് . പണപ്പെരുപ്പം ലക്ഷ്യ നിരക്കിൽ കൂടുതൽ ആയതും കൊണ്ട് തന്നെ പലിശ നിരക്ക് 5.25% to 5.5% എന്ന റേഞ്ചിനുള്ളിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ വർഷം പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സമയവും വ്യാപ്തിയും സംബന്ധിച്ച ഫെഡിന്റെ പ്രതീക്ഷകളെക്കുറിച്ചുള്ള സൂചനകൾ വിപണികൾ സൂക്ഷ്മമായി നിരീക്ഷിക്കും.
മാർച്ച് 19ന് വരുന്ന ക്രൂഡ് ഓയിൽ ഇൻവെന്ററി കണക്കുകളും കൺസ്യൂമർ ഡിമാന്റിന്റെ ഗതിയെ സംബന്ധിച്ച കൃത്യമായ സൂചനകൾ നൽകും. മാർച്ച് 21ന് , പ്രതിവാര ജോബ്‌ലെസ്സ് ക്ലെയിംസ് ഡാറ്റ പ്രസിദ്ധീകരിക്കും. പോയവാരത്തിൽ ഡാറ്റയിൽ ഉണ്ടായ അപ്രതീക്ഷിത വർദ്ധനവ് സമ്പദ്‌വ്യവസ്ഥയിൽ കൺസ്യൂമർ സ്‌പെൻഡിങ് വർധിക്കുന്നു എന്ന സൂചനയാണ് നൽകിയത്. ഈ ട്രെൻഡ് തുടരുന്ന പക്ഷം ഫെഡ് പലിശ നിരക്ക് കുറയ്ക്കുന്നതിൽ വീണ്ടും കാലതാമസം ഉണ്ടായേക്കാം. അതിനോടോപ്പം തന്നെ മാർച്ചിലെ നിർമാണ, സർവീസ് മേഖലകളുടെ പിഎംഐ (PMI), എസ്&പി ഗ്ലോബൽ കോംപോസിറ്റ് പിഎംഐ എന്നീ ഡാറ്റകളും കൂടി എത്തുന്നതോടെ സമ്പദ്‌വ്യസ്ഥയുടെ ഗതിവിഗതികൾ നിക്ഷേപകർക്ക് കൃത്യമായി അനലൈസ് ചെയ്യാൻ സാധിക്കും. ഇന്ത്യൻ ഐടി കമ്പനികൾക്കും ഈ ഡാറ്റ നിർണയകമാകും. അന്ന് തന്നെ പുറത്തു വരുന്ന ഭവന വില്പന (HOME SALES) ഡാറ്റ യുഎസ് ഭവന വിപണിയുടെ ശക്തിയേയും റിയൽ എസ്റ്റേറ്റ് ട്രെൻഡിനെയും മനസ്സിലാക്കാൻ സഹായിക്കുന്നു, മൊത്തത്തിലുള്ള സാമ്പത്തിക ശക്തിയുടെ ഒരു പ്രധാന സൂചകവുമാണ് ഈ ഡാറ്റ. വാരാന്ത്യത്തിൽ ഫെഡറൽ കമ്മിറ്റി അംഗം റാഫേൽ ബോസ്റ്റിക് (Raphael Bostic) ന്റെ പ്രസ്താവനകളെയും വിപണി സൂക്ഷ്മമായി നിരീക്ഷിക്കും. ഈ ഡാറ്റകളോടുള്ള പ്രതികരണമാവും ആഗോള-ആഭ്യന്തര വിപണികളെ നയിക്കുക.
അമേരിക്കൻ വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച പോസിറ്റീവ് മൊമെന്റം നിലനിർത്താൻ യൂറോ സോണിലെ പ്രധാന സൂചികൾക്ക് സാധിച്ചു. റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്ന ജർമൻ സൂചികയായ ഡാക്സ് (DAX) പ്രതിവാരം 0.61% നേട്ടം രേഖപ്പെടുത്തിയപ്പോൾ ഫുട്സ് 100 (FTSE 100) സൂചിക 0.88 ശതമാനവും ക്യാക് 40 (CAC 40) സൂചിക 1.70% നേട്ടത്തോടെയും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. മാർച്ച് 18 ന് വരുന്ന ഫെബ്രുവരിയിലെ പണപ്പെരുപ്പ (CPI) ഡാറ്റയാണ് അടുത്ത ആഴ്ചയിൽ യൂറോ സോണിൽ വരുന്ന പ്രധാന ഡാറ്റകളിലൊന്ന്. യൂറോപ്യൻ കേന്ദ്രബാങ്ക് പലിശ നിരക്കുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് ഉപയോഗിക്കുന്ന നിർണായക ഡാറ്റകളിൽ ഒന്നാണിത്. ഫെബ്രുവരിയിലെ സിപിഐ 3.3 ശതമാനത്തിൽ നിന്നും 3.1% ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെഡിന് പിന്നാലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്കിനെ സംബന്ധിച്ച തീരുമാനം മാർച്ച് 20 നു അറിയിക്കും. തൽസ്ഥിതി തുടരുമെന്നാണ് തന്നെയാണ് പ്രതീക്ഷിക്കുന്നത് . ഈ തീരുമാനങ്ങളെ സൂക്ഷ്മമായി തന്നെ യൂറോപ്യൻ വിപണികൾ നിരീക്ഷിക്കും.
തുടർന്ന് മാർച്ച് 20ന് തന്നെ ബ്രിട്ടന്റെ വാർഷികാടിസ്ഥാത്തിലുള്ള സിപിഐ പണപ്പെരുപ്പ കണക്കുകളും വരും. മുൻപ് റിപ്പോർട്ട് ചെയ്ത 4 ശതമാനത്തിൽ നിന്നും 3.6 ശതമാനമായി കുറയുമെന്നാണ് വിദഗ്ധരുടെ അനുമാനം. പലിശ നിരക്ക് നിലനിർത്തുന്നതിൽ സെൻട്രൽ ബാങ്ക് വളരെ ശ്രദ്ധ നൽകുന്ന ഡാറ്റ കൂടി ആയതു കൊണ്ട് വിപണി ഈ ഡാറ്റയോട് ശക്തമായി തന്നെ പ്രതികരിക്കാനുള്ള സാധ്യതയാണുള്ളത്. അന്ന് തന്നെ ജർമനിയുടെ പിപിഐ (PPI) ഡാറ്റയും പ്രസിദ്ധീകരിക്കും. മാർച്ച് 21ന് ബ്രിട്ടൻ, ജർമ്മനി ഫ്രാൻസ്,യൂറോസോൺ എന്നിവിടങ്ങളിലെ നിർമാണ-സർവീസ് കോംപോസിറ്റ് പിഎംഐ കണക്കുകൾ പുറത്തു വരും. ഈ സമ്പദ് വ്യവസ്ഥകളുടെ മുന്നോട്ടുള്ള ഭാവിയെ സംബന്ധിച്ച് നിക്ഷേപകർക്ക് വ്യക്തമായ ധാരണ ലഭിക്കും. മാർച്ച് 22ന് ബ്രിട്ടന്റെ റീറ്റെയ്ൽ സെയിൽസ് ഡാറ്റ കൂടി വരുന്നതോടെ വിപണിയുടെ മുന്നോട്ടുള്ള ഗതിയെ സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങളെടുക്കാൻ നിക്ഷേപകർക്ക് സാധിക്കും.
ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രകടനമാണ് സൂചികളിൽ പോയ വാരം കണ്ടത്. ജപ്പാൻ, സൗത്ത് കൊറിയ തുടങ്ങിയ വിപണികൾ നെഗറ്റീവ് ടോണിൽ പ്രതിവാര പ്രകടനം രേഖപ്പെടുത്തിയപ്പോൾ ചൈനീസ് വിപണികൾ പോസിറ്റീവ് ടോണിലാണ് പ്രതിവാര പ്രകടനം റിപ്പോർട്ട് ചെയ്തത്. ബാങ്ക് ഓഫ് ജപ്പാന്റെ പലിശ നിരക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങളോടെയാണ് ഈ ആഴ്ച ഏഷ്യൻ വിപണികൾ ആരംഭിക്കുന്നത്. നിലവിലെ അൾട്രാ ലൂസ് പോളിസിയിൽ നിന്നും നേരിയ വർധനവ് ജപ്പാൻ കേന്ദ്ര ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ നെഗറ്റീവ് പലിശ നിരക്ക് ഉള്ള ഏക വികസിത രാജ്യമാണ് ജപ്പാൻ. മാർച്ച് 19ന് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, ലോൺ പ്രൈം റേറ്റുകൾ പ്രഖ്യാപിക്കും. ഈ തീരുമാനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. മാർച്ച് 20ന് ഇന്തോനേഷ്യയുടെ പലിശ നിരക്കുകളും നിക്ഷേപകർക്ക് മുന്നിലെക്കെത്തും. മാർച്ച് 21ന് ഫെബ്രുവരിയിലെ കോർ സിപിഐ കണക്കുകൾ കൂടി എത്തുന്നതോടെ ഏഷ്യൻ മേഖലയുടെ യഥാർത്ഥ ചിത്രം നിക്ഷേപകർക്ക് ലഭിക്കും.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല