കൂപ്പുകുത്തി വൊഡഫോണ്‍ ഐഡിയ ഓഹരികള്‍; വീണത് മസ്‍കുമായി കൂടാനില്ലെന്ന പ്രഖ്യാപനത്തിനു ശേഷം
- മസ്കിന്‍റെ സ്‍റ്റാര്‍ലിങ്കുമായി പങ്കാളിത്തം ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
- വിഐ ഓഹരികള്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കുതിപ്പിലായിരുന്നു
- സെബി ടെലികോം കമ്പനിയോട് സ്വമേധയാ വിശദീകരണം തേടിയിരുന്നു
എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കുമായി പങ്കാളിത്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വൊഡഫോണ്‍ ഐഡിയ നിഷേധിച്ചു. ഇതിനു പിന്നാലെ ടെലികോം കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ കനത്ത ഇടിവ് നേരിട്ടു. ഉച്ചയ്ക്ക് 2.26നുള്ള വിവരം അനുസരിച്ച് ഏകദേശം 5.59 ശതമാനം ഇടിവോടെ 16.02 രൂപയിലാണ് വൊഡഫോണ്‍-ഐഡിയ ഓഹരികളുടെ വില്‍പ്പന നടക്കുന്നത്.
സ്‍റ്റാര്‍ലിങ്കുമായി അത്തരത്തിലുള്ള ഒരു ചർച്ചയിലും ഇല്ലെന്ന് ചൊവ്വാഴ്ച നടത്തിയ സ്‍റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. തെറ്റായ വാര്‍ത്തകളുടെ അടിസ്ഥാനം വ്യക്തമല്ലെന്നും വിപണി നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ആവശ്യപ്പെട്ട് നല്‍കിയ വിശദീകരണത്തില്‍ വോഡഫോൺ ഐഡിയ അറിയിച്ചു.
വോഡഫോൺ-ഐഡിയയുമായുള്ള സഖ്യം ചര്‍ച്ച ചെയ്യാന്‍ ശതകോടീശ്വരൻ എലോൺ മസ്‍ക് ജനുവരി 10-ന് ഗു ജറാത്ത് സന്ദർശിക്കുമെന്ന വാർത്ത വന്നതിന്‍റെ ഫലമായി കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വോഡഫോൺ ഐഡിയ ഓഹരികൾ കുതിച്ചുയർന്നു. എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് സ്‌പേസ് ലിങ്ക്ഡ് ബ്രോഡ്‌ബാൻഡ് ബിസിനസിന് ഇന്ത്യയിൽ ഒരു സ്പെക്‌ട്രം പങ്കാളി ആവശ്യമാണെന്നും ഇതിന് വൊഡഫൊണ്‍ ഐഡിയയുമായി ചര്‍ച്ച നടക്കുന്നുവെന്നുമായിരുന്നു റിപ്പോർട്ട്. മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സെബി സ്വമേധയാ വോഡഫോൺ ഐഡിയയോട് ഈ വിഷയത്തിൽ വിശദീകരണം തേടിയിരുന്നു.
തിങ്കളാഴ്ച, വോഡഫോൺ ഐഡിയ ഓഹരി വില എൻഎസ്ഇയിൽ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 18.40 രൂപയിലെത്തി, കഴിഞ്ഞ രണ്ട് സെഷനുകളിൽ 38 ശതമാനത്തിലധികം റാലി ഈ ഓഹരി രേഖപ്പെടുത്തി.