യുഎസ് സൂചികകൾ വൻ തകർച്ചയിൽ; ഏഷ്യൻ വിപണികളും താഴ്ചയിൽ തുടക്കം

  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 8.00 ന് -77.00 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്.
  • ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 525.80 കോടി രൂപയ്‌ക്ക്‌ ഓഹരികൾ അധികം വാങ്ങി

Update: 2023-02-22 02:30 GMT

കൊച്ചി: എസ്‌ബിഐ-യിലെ സാമ്പത്തിക വിദഗ്ധർ ആഭ്യന്തര ജിഡിപി വളർച്ച ഡിസംബർ പാദത്തിൽ 4.6 ശതമാനമായിരിക്കുമെന്ന്‌ ഇന്നലെ ഇറക്കിയ ഒരു പഠനത്തിൽ പറയുന്നു. മുൻ പാദങ്ങളിലെ പോലെ അത്ര ശക്തമല്ലെന്ന് പറയുമ്പോഴും റിസർവ് ബാങ്ക് പ്രവചിച്ച 4.4 ശതമാനത്തേക്കാൾ ഉയർന്നതാണ് അവരുടെ പ്രവചനം. അസ്ഥിരമായി ഓഹരിവിപണി തുടരുന്നതിന്റെ ഒരു പ്രധാന കാരണവും ആഗോളമായിത്തന്നെയുള്ള വളർച്ചയിലെ മുരടിപ്പാണ്. ഇന്ന് ഫെഡ് റിസർവിന്റെ കഴിഞ്ഞ മീറ്റിങ്ങിന്റെ മിനിറ്റ്സിലും വിപണിക്ക് ഊർജം പകരാൻ പറ്റിയ വാക്കുകളൊന്നും ഉണ്ടാവില്ലെന്ന് തന്നെയാണ് വിശകലന വിദഗ്ധർ വിശ്വസിക്കുന്നത്. എങ്കിലും യൂറോ സോണിൽ നിന്നും യുകെയിൽ നിന്നും പുറത്തിറക്കിയ പ്രാഥമിക നിർമ്മാണ, സേവന പർച്ചേസിംഗ് മാനേജർ ഇൻഡക്സ് (PMI) നമ്പറുകൾ കണക്കാക്കിയതിനേക്കാൾ മികച്ചതാണ്.

ഇതിനിടയിൽ, ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റുകളിലെ വ്യാപാര സമയം ദീർഘിപ്പിച്ചാൽ ആഗോള പരമായി ഒറ്റരാത്രികൊണ്ട് വിപണിയിലുണ്ടാകുന്ന അപകടസാധ്യത കുറക്കാനാവുമെന്ന് വിദഗ്ധർ ചൊവ്വാഴ്ച പറഞ്ഞു. എൻഎസ്ഇ ഓഹരി വിഭാഗത്തിലെ വ്യാപാര സമയം വൈകുന്നേരം 5 മണി വരെ നീട്ടാൻ ശ്രമിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾക്കിടയിലാണ് പരാമർശം.

"ഇന്നത്തെ ലോകത്ത്, സമ്പദ്‌വ്യവസ്ഥകൾ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു, ആഗോള വിപണികളുടെ സംയോജനം ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളിലെയും യുഎസിലെയും യൂറോപ്പിലെയും വിപണികളിലെ സംഭവവികാസങ്ങളോട് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് പ്രതികരിക്കുന്നു. അതിനാൽ, കൂടുതൽ വ്യാപാര സമയമുള്ള വിപണികൾക്ക് സംരക്ഷണം ലഭിക്കും. അതിനാൽ, ഇക്വിറ്റി വിഭാഗത്തിന്റെ ട്രേഡിംഗ് സമയം വർദ്ധിപ്പിക്കാനുള്ള എൻഎസ്ഇയുടെ ഏത് നീക്കവും വിപണി പങ്കാളികളെയും റീട്ടെയിൽ നിക്ഷേപകരെയും സഹായിക്കും." ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ ബാലകൃഷ്ണൻ പറഞ്ഞു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 8.00 ന് -77.00 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്.

ഇന്നലെ, വിപണി അവസാനിക്കുമ്പോൾസെൻസെക്സ് 18.82 പോയിന്റ് ഇടിഞ്ഞ് 60,672.72 ലും നിഫ്റ്റി 17.90 പോയിന്റ് കുറഞ്ഞ് 17,826.70 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റിയാകട്ടെ 28.10 പോയിന്റ് താഴ്ന്ന് 40,673.60-ലാണ് അവസാനിച്ചത്.

നിഫ്റ്റി ഫിനാൻഷ്യൽ സർവീസസും, എഫ് എം സി ജി-യും, കൺസ്യൂമർ ഡ്യൂറബിൾസും മൊഴികെ എല്ലാ മേഖല സൂചികകളും ഇടിഞ്ഞപ്പോൾ നിഫ്റ്റി പി എസ് യു ബാങ്കും റീയൽറ്റിയും 1.00 ശതമാനത്തിലേറെ താഴ്‌ന്നു. അദാനി എന്റർപ്രൈസസ് 3.11 ശതമാനം ഇടിഞ്ഞു 1571.10 പോയിന്റിലെത്തി.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച (ഫെബ്രുവരി 21) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ -235.23 കോടി രൂപയ്‌ക്ക്‌ അധികം വിറ്റപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 525.80 കോടി രൂപയ്‌ക്ക്‌ ഓഹരികൾ അധികം വാങ്ങി.

കേരള കമ്പനികൾ

ഇന്നലെ കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ കൊച്ചിൻ ഷിപ് യാർഡ്, ഫെഡറൽ ബാങ്ക്, ജിയോജിത്, ജ്യോതി ലാബ്, കിംസ്, മുത്തൂറ്റ് ക്യാപിറ്റൽ, വി ഗുർഡ് എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്.

റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രയും പുറവങ്കരയും നഷ്ടത്തിലായപ്പോൾ ശോഭ ഉയർന്നു.

ആഗോള വിപണി

ഏഷ്യൻ വിപണികൾ എല്ലാം ഇന്ന് നഷ്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. തായ്‌വാൻ (-176.47), ഹോങ്കോംഗ് ഹാങ്ങ് സെങ് (-137.13), ദക്ഷിണ കൊറിയ കോസ്‌പി (-37.51), ജപ്പാൻ നിക്കേ (-380.35), ജക്കാർത്ത കോമ്പോസിറ്റ് (-37.51), ചൈന ഷാങ്ങ്ഹായ് (0.33) എന്നിവ താഴ്ചയിൽ തുടക്കം കുറിച്ചിരിക്കുന്നു.

ഇന്നലെ തുടർച്ചയായ മൂന്നാം സെഷനിലും യുഎസ് സൂചികകൾ തകർന്നു. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ 2023 ലെ നേട്ടത്തെ ഇല്ലാതാക്കും വിധം -697.10 പോയിന്റ് ഇടിഞ്ഞപ്പോൾ എസ് ആൻഡ് പി -81.75 പോയിന്റും നസ്‌ഡേക് -294.97 പോയിന്റും താഴ്ചയിൽ അവസാനിച്ചു.

യൂറോപ്പിലും സൂചികകൾഎല്ലാം താഴ്ച്ചയിലാണ് അവസാനിച്ചത്; പാരീസ് യുറോനെക്സ്റ്റും (-26.96), ലണ്ടൻ ഫുട്‍സീയും (-36.56), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-79.93) ചുവപ്പിലേക്കു കൂപ്പുകുത്തി.

വിദഗ്ധാഭിപ്രായം

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി സൂചിക ഇപ്പോൾ 40500 എന്ന നിർണായക സപ്പോർട്ട് സോണിലാണ് വ്യാപാരം നടത്തുന്നത്, ഈ ലെവലിന് മുകളിൽ തുടരാൻ കഴിഞ്ഞാൽ 41,000-41,300 ലെവലിലേക്കുള്ള പുൾബാക്ക് റാലിക്ക് സാക്ഷ്യം വഹിക്കാനാകും. എന്നാൽ, ഈ പിന്തുണ ലംഘിച്ചാൽ 40,000 ലേക്കുള്ള കൂടുതൽ വിറ്റഴിക്കലിന് ഇടയാക്കും, അവിടെ ഗണ്യമായ അളവിൽ 'പുട്ട് റൈറ്റിംഗ് 'ദൃശ്യമാണ്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ഓപ്പൺ മാർക്കറ്റ് ഇടപാടുകൾ വഴി ഐടി സേവന മാനേജ്‌മെന്റ് കമ്പനിയായ സെൻസർ ടെക്‌നോളജീസിൽ (ഓഹരി വില 293.45 രൂപ) നിപ്പോൺ ലൈഫ് ഇന്ത്യ ട്രസ്റ്റി 1.7529 ശതമാനം അധിക ഓഹരികൾ സ്വന്തമാക്കി. ഇതോടെ കമ്പനിയിലെ നിപ്പോണിന്റെ ഓഹരി പങ്കാളിത്തം നേരത്തെ 3.47 ശതമാനത്തിൽ നിന്ന് 5.23 ശതമാനമായി ഉയർന്നു.

മൂന്ന് സീരീസുകളിലായി ഒരു ലക്ഷം രൂപ മുഖവിലയുള്ള 1.07 ലക്ഷം നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നൽകി ബയോകോൺ (ഓഹരി വില 227.15 രൂപ) 1,070 കോടി രൂപ സമാഹരിച്ചു.

അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പ്രോഗ്രാമിനായി സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിയായ ഭാരത് ഇലക്‌ട്രോണിക്‌സ് എയ്‌റോനോട്ടിക്കൽ (ഓഹരി വില 1425.55 രൂപ) ഡെവലപ്‌മെന്റ് ഏജൻസി, ഡിആർഡിഒയുമായി ധാരണാപത്രം ഒപ്പുവച്ചു.

ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് ഓപ്പൺ മാർക്കറ്റ് ഇടപാടുകൾ വഴി എൽഐസി ഹൗസിംഗ് ഫിനാൻസ് കമ്പനിയിൽ (ഓഹരി വില 358.25 രൂപ) 2.03 ശതമാനം അധിക ഓഹരികൾ സ്വന്തമാക്കി. ഇതോടെ, കമ്പനിയിലെ മ്യൂച്വൽ ഫണ്ട് ഹൗസ് ഷെയർഹോൾഡിംഗ് നേരത്തെ 5.04 ശതമാനത്തിൽ നിന്ന് 7.07 ശതമാനമായി ഉയർന്നു.

അമേരിക്കൻ വിപണിയിൽ ഒരു ജനറിക് ആന്റി സൈക്കോട്ടിക് മരുന്ന് പുറത്തിറക്കിയതായി ലുപിൻ (ഓഹരി വില 670.45 രൂപ) ചൊവ്വാഴ്ച അറിയിച്ചു. ലുറാസിഡോൺ ഹൈഡ്രോക്ലോറൈഡ് ടാബ്‌ലെറ്റുകൾക്ക് യുഎസിൽ $4.2 ബില്യൺന്റെ വാർഷിക വിൽപ്പന കണക്കാക്കിയിട്ടുണ്ട്.

യുഎസ് ഡോളർ = 82.79 രൂപ (+6 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 82.65 ഡോളർ (-1.69%)

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,200 രൂപ (-10 രൂപ)

ബിറ്റ് കോയിൻ = 20,91,000 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.01 ശതമാനം ഉയർന്ന് 103.57 ന് വ്യാപാരം നടക്കുന്നു.

Tags:    

Similar News