ഇൻട്രാഡേയിൽ 13% ഉയർന്ന് ടെക്ക് ഓഹരി; സർവകാല ഉയരത്തിൽ നിന്ന് ബ്രേക്ക്ഔട്ടോ?
- ഇൻട്രാഡേ വ്യാപാരത്തിൽ 13% ഉയർച്ച നേടി
- 10 മാസങ്ങൾക്കിടയിൽ 270 ശതമാനം മുന്നേറ്റം
ഇൻട്രാഡേ വ്യാപാരത്തിൽ 13% ഉയർച്ച നേടി സ്‌മോൾ ക്യാപ് ഐടി ഓഹരി ക്വിക്ക് ഹീൽ ടെക്നൊളജിസ് (Quick Heal Technologies). മുൻകാല ഉയരമായ 522 രൂപ ബ്രേക്ക് ചെയ്തു 552.80 എന്ന പുതിയ ഉയരത്തിലേക്ക് എത്തി ചേർന്നു. കഴിഞ്ഞ 10 മാസങ്ങൾക്കിടയിൽ 270 ശതമാനം മുന്നേറ്റം ഓഹരികൾ നൽകി കഴിഞ്ഞു. ജനുവരിയിൽ 39 ശതമാനം നേട്ടവും ഫെബ്രുവരിയിൽ 8 ശതമാനം നേട്ടവുമാണ് ഓഹരികൾ നൽകിയത്. ഫെബ്രുവരിയിലെ താഴ്ന്ന നിലയായ 451.75 രൂപയിൽ നിന്നും ഉയർന്നാണ് ഇൻട്രാഡേയിൽ ഓഹരികൾ 552.80 രൂപയിലേക്ക് എത്തിച്ചേർന്നത്.
മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 4.54 ശതമാനം ഉയർന്നു. ലാഭം വാർഷികാടിസ്ഥാനത്തിൽ 208% ഉയർന്ന് 10.06 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ക്വിക്ക് ഹീൽ ടെക്നോളജീസ് 9.29 കോടി രൂപയുടെ നഷ്ടം പ്രഖ്യാപിച്ചിരുന്നു. മുൻ പാദത്തെ അപേക്ഷിച്ചു വിൽപ്പന, പൊതു, ഭരണപരമായ ചെലവുകളിൽ 5.08% വർധനവാണ് ഡിസംബർ പാദത്തിൽ രേഖപ്പെടുത്തിയത്. കൂടാതെ വാർഷികാടിസ്ഥാനത്തിൽ 8.52% വർധനയുമാണിത്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പാദാടിസ്ഥാനത്തിൽ 8.55% ഉയർച്ചയായി രേഖപെടുത്തിയപ്പോൾ വാർഷികാടിസ്ഥാനത്തിൽ ഇത് 153.93% നേട്ടമാണ്. എബിറ്റ്ഡാ വരുമാനം വാർഷികാടിസ്ഥാനത്തിൽ 202% ഉയർന്നു 11.6 കോടി രൂപയായി മൂന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 21 നു കമ്പനിയുടെ അനലിസ്റ്റ് മീറ്റിംഗ് ഔട്ട്കം പുറത്തുവന്നിരുന്നു.
ക്വിക്ക് ഹീൽ ടെക്നോളജീസ് ലിമിറ്റഡ് മുൻനിര ഐടി സെക്യൂരിറ്റി സൊല്യൂഷൻസ് കമ്പനിയാണ്. ഉപഭോക്താക്കൾ, ചെറുകിട ബിസിനസുകൾ, സർക്കാർ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് അനുയോജ്യമായ രീതിയിൽ ക്വിക്ക് ഹീൽ ഐടി സുരക്ഷാ സേവനങ്ങൾ നൽകുന്നു. കൂടാതെ ഗാർഹിക ഉപയോക്താക്കൾക്കിടയിലെ അറിയപ്പെടുന്ന ആൻ്റിവൈറസ് ബ്രാൻഡുകളായി മാറാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. കൺസ്യുമർ ആൻ്റി വൈറസ് ബിസിനസിൽ 30% വിപണിവിഹിതം ആഭ്യന്തരമാർക്കെറ്റിൽ കമ്പനിക്കുണ്ട്. കമ്പനിയുടെ വില്പന നിരക്കും വിതരണ ശൃംഖലയും മികച്ചതായി വിലയിരുത്തപ്പെടുന്നു. പെയ്ഡ് ആൻ്റിവൈറസ് ( paid AV) വിഭാഗത്തിൽ ഇന്ത്യ 20-25% ഉപഭോഗം രേഖപ്പെടുത്തുമ്പോൾ യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ ഇത് ഏകദേശം 50% ആണ്. സമീപകാലത്തു സംയുക്ത സൈബർ സുരക്ഷ ഗവേഷണത്തിനു ഐഐഎം നാഗ്പൂരുമായി കമ്പനി ധാരണാപത്രത്തിൽ ഒപ്പുവച്ചു