അദാനി ഗ്രൂപ്പ് ഓഹരികള്‍ കുതിപ്പില്‍; കാരണമെന്ത്?

  • സെബി അന്വേഷണത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കാരണങ്ങളില്ലെന്ന് സുപ്രീംകോടതി
  • അദാനി ടോട്ടല്‍ ഗ്യാസ് 20 ശതമാനം വരെ കയറി
  • മുന്നേറ്റം ഏറെയും വൈകാരികമെന്ന് വിപണി വിദഗ്ധര്‍

Update: 2023-11-28 08:25 GMT

അദാനി ഗ്രൂപ്പ് ഓഹരികൾ ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ 20 ശതമാനം വരെ മുകളിലേക്ക് നീങ്ങി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ ആസ്പദമാക്കി നടക്കുന്ന സെബി അന്വേഷണം സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങളാണ് ഈ കുതിപ്പിന് പിന്നിലെ പ്രധാന കാരണം. 

കേസുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളിൽ സുപ്രീംകോടതി വെള്ളിയാഴ്ച വാദം പൂർത്തിയാക്കിയിട്ടുണ്ട്. വിപണി നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നടത്തുന്ന അന്വേഷണത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിന്  ഒരു കാരണവും മുന്നിലില്ലെന്നാണ് സുപ്രീം കോടതി  നിരീക്ഷിച്ചിട്ടുള്ളത്. 

തുടക്ക വ്യാപാരത്തിൽ ഏകദേശം 20% ഉയർന്ന അദാനി ടോട്ടൽ ഗ്യാസ് ആണ് ഗ്രൂപ്പ് ഓഹരികളില്‍ ഏറ്റവും വലിയ മുന്നേറ്റം കാഴ്ച വെക്കുന്നത്. തൊട്ടുപിന്നാലെ 13% ഉയർച്ചയോടെ അദാനി എനർജി സൊല്യൂഷൻസ് ഉണ്ട്. ഗ്രൂപ്പിന്‍റെ ഫ്ലാഗ്ഷിപ്പ് ഓഹരിയായ അദാനി എന്റർപ്രൈസസ് രാവിലെ വ്യാപാരത്തിനിടെ 10 ശതമാനം വരെ ഉയര്‍ന്നു. അദാനി പോര്‍ട്‍സ് 6 ശതമാനത്തിന് മുകളില്‍ കയറി. മറ്റ് ഗ്രൂപ്പ് കമ്പനികളും മികച്ച നേട്ടം സമ്മാനിക്കുന്നുണ്ട്. 12 ശതമാനത്തോളം കയറിയ അദാനി പവര്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

സുപ്രീംകോടതി പറയുന്നതെന്ത്?

അന്വേഷണത്തില്‍ സെബി തെറ്റായി പ്രവര്‍ത്തിച്ചു എന്ന് സംശയിക്കുന്നതിനുള്ള ഒരു കാര്യവും തങ്ങൾക്ക് മുമ്പിലില്ലെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരേ പറഞ്ഞിരിക്കുന്നതിനെ "വസ്തുതകളുടെ സത്യാവസ്ഥ" എന്ന് കണക്കാക്കാന്‍ സാധിക്കില്ലെന്നും വെള്ളിയാഴ്ച സുപ്രീം കോടതി പറഞ്ഞിരുന്നു. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഒരു കാര്യത്തെ പരിശുദ്ധ സത്യമായി കണക്കാക്കാൻ നിയമപരമായി പ്രവര്‍ത്തിക്കുന്ന റെഗുലേറ്ററോട് ആവശ്യപ്പെടാൻ കഴിയില്ലെന്നും സെബി അന്വേഷണത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കോടതി നിരീക്ഷിച്ചു. 

ഓഹരി വിപണിയിലെ ചാഞ്ചാട്ടം മൂലമോ ഷോർട്ട് സെല്ലിംഗ് മൂലമോ നിക്ഷേപകർക്ക് നഷ്ടം സംഭവിക്കാതിരിക്കാന്‍  ഭാവിയിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സെബിയോട് ആരാഞ്ഞിട്ടുണ്ട്. സെബി അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് ഉചിതമാകില്ലെന്നും കോടതി പറഞ്ഞു. 

അന്വേഷണം അവസാന ഘട്ടത്തില്‍

അതേസമയം, അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കാൻ അധിക സമയം ആവശ്യമില്ലെന്ന് സെബി സുപ്രീം കോടതിയെ അറിയിച്ചു. ഹിൻഡൻബർഗ് ആരോപണങ്ങളുമായി ബന്ധപ്പെട്ട 24 കേസുകളിൽ 22 എണ്ണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷണത്തിന്റെ ശേഷിക്കുന്ന കാര്യങ്ങള്‍ വിദേശ വിപണി നിയന്ത്രണ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കേണ്ട ഡാറ്റയെ ആശ്രയിച്ചാണ് പൂര്‍ത്തിയാക്കാനാകുക എന്നും സെബി പറയുന്നു. 

എന്നാല്‍ ഒരു മാധ്യമ സ്ഥാപനത്തിന് ലഭ്യമാകുന്ന വിവരങ്ങളും ഡാറ്റയും എന്തുകൊണ്ടാണ് സെബിക്ക് ലഭ്യമാക്കാനാകാത്തത് എന്നാണ് ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. സെബിയുടെ അന്വേഷണത്തിന് വിശ്വാസ്യത അവകാശപ്പെടാനാകില്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. 

നേട്ടം നിലനിര്‍ത്താനാകുമോ? 

സുപ്രീംകോടതി പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈകാരികമായ മുന്നേറ്റമാണ് അദാനി ഓഹരികളിലെ കുതിപ്പിന് കാരണമെന്ന് പ്രോഫിറ്റ്‌മാർട്ട് സെക്യൂരിറ്റീസ് റിസർച്ച് ഹെഡ് അവിനാഷ് ഗോരക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഇതിനു പിന്നാലെ നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങാനിടയായാല്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ കുത്തനെ ഇടിവുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

താഴോട്ടുള്ള തിരുത്തലിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ ലാഭം ബുക്ക് ചെയ്യാനും ഈ ഓഹരികളില്‍ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും അവിനാഷ് ഗോരക്ഷകർ നിക്ഷേപകരെ ഉപദേശിക്കുന്നു

Tags:    

Similar News