വീണ്ടും പച്ചപിടിച്ച് ഓഹരി വിപണികള്‍; 12% നേട്ടവുമായി ടാറ്റ മോട്ടോര്‍സ് ഡിവിആര്‍
- ഐടിസി ഓഹരികള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തി
- ഏഷ്യന്‍, യൂറോപ്യന്‍ വിപണികള്‍ നഷ്ടത്തില്‍
- ഏഷ്യന്‍ പെയിന്‍റ്സ് നഷ്ടത്തില്‍ തുടരുന്നു.
ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് മികച്ച നേട്ടങ്ങളിലേക്ക് തിരിച്ചെത്തി. സെന്‍സെക്സ്‍ മൂന്നു ദിവസത്തെ ഇടിവിന് ശേഷമാണ് പച്ചതൊടുന്നത്. നിഫ്റ്റി രണ്ടു ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ പരിമിതമായ നേട്ടം രേഖപ്പെടുത്തിയിരുന്നു. പുതിയ വിദേശ ഫണ്ട് വരവും യുഎസ് വിപണികളിലെ റാലിയും പ്രമുഖ കമ്പനികളുടെ മികച്ച ആദ്യപാദ ഫലങ്ങളുമാണ് ഇന്ന് വിപണിയില്‍ നിക്ഷേപകരുടെ വികാരത്തെ പ്രധാനമായും സ്വാധീനിച്ചത്.
30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 344.06 പോയിന്റ് അഥവാ 0.52 ശതമാനം ഉയർന്ന് 66,699.77ലെത്തി. വിശാലമായ എൻഎസ്ഇ നിഫ്റ്റി 93.30 പോയിന്റ് 0.47 ശതമാനം ഉയർന്ന് 19,773.90ലെത്തി.
ടാറ്റ മോട്ടോഴ്‌സ് ഡിവിആര്‍ ഏകദേശം 12 ശതമാനം ഉയര്‍ന്നു. ഡിവആര്‍ ഓഹരികള്‍ ഇല്ലാതാക്കുന്നതിനും പകരം സാധാരണ ഓഹരികള്‍ നല്‍കുന്നതിനും ഇന്നലെ ടാറ്റാ മോട്ടോര്‍സ് ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. ഓഹരിയുടമകളുടെ കൈവശമുള്ള ഓരോ 10 ഡിവിആര്‍ ഓഹരികൾക്കും ഏഴ് സാധാരണ ഓഹരികള്‍ നൽകും. അഞ്ച് ശതമാനം പോയിന്റ് ഉയർന്ന ഡിവിഡന്റ് ലഭിക്കുന്ന ഡിവിആര്‍ ഓഹരികള്‍ക്ക് പക്ഷേ സാധാരണ ഷെയറുകളേക്കാള്‍ കുറഞ്ഞ വോട്ടവകാശമാണ് ഉള്ളത്.
സെൻസെക്‌സ് പാക്കിൽ ലാർസൻ ആൻഡ് ടൂബ്രോ 4 ശതമാനവുംഉയർന്നു. ഐടിസി, സൺ ഫാർമ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർ ഗ്രിഡ് , എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഏഷ്യൻ പെയിന്‍റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ്, നിക്കെയ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓസ്ട്രേലിയന്‍ വിപണി നേട്ടത്തിലാണ്. യൂറോപ്യന്‍ വിപണികളും പൊതുവില്‍ നഷ്ടത്തിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെഡ് റിസര്‍വ് പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ചലനങ്ങളും ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ സംബന്ധിച്ച നിരാശയും ഇന്ന് ആഗോള വിപണികളെ ബാധിച്ചു.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ഇന്നലെ 1,088.76 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 333.70 കോടി രൂപയുടെ ഓഹരികൾ വിറ്റുവെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ കാണിക്കുന്നു.
ഇക്വിറ്റികളില്‍ 230.51 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഇന്നലെ വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അതേസമയം ഡെറ്റുകളില്‍ 163.39 കോടിയുടെ അറ്റ നിക്ഷേപം എഫ്‍പിഐകള്‍ നടത്തി.