ആറു ദിവസത്തിനുള്ളിൽ 9 ശതമാനം ഇടിഞ്ഞ് റിലയൻസ് ഇൻഡസ്ട്രീസ്

4 ലക്ഷം കോടി രൂപയുടെ ഇടിവാണ് വിപണി മൂല്യത്തിൽ ഇപ്പോൾ സംഭവിച്ചതെന്ന് ക്യാപിറ്റലൈൻ പ്ലസ് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.

Update: 2023-03-17 04:38 GMT

റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ ഓഹരികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഷ്ടത്തോടെയാണ് വ്യപാരം ചെയ്യുന്നത്. വ്യാഴാഴ്ച വ്യാപാരത്തിനിടയില്‍ ഓഹരിയുടെ വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന 2202.20 രൂപയിലെത്തി. ഓഹരിയുടെ വിപണി മൂല്യം തുടര്‍ച്ചയായ ആറാം ദിനത്തിലും കുറഞ്ഞു. ഈ കാലയളവില്‍ 9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2022 മാര്‍ച്ച് 8 ന് ശേഷം ആദ്യമായാണ് ഇത്രയും കുറയുന്നത്. അന്ന് ആര്‍ഐ എല്ലിന്റെ ഓഹരികള്‍ 2,181 രൂപയിലെത്തിയിരുന്നു.

ഓഹരിവിലയിലുണ്ടായ ഇടിവ് മൂലം കമ്പനിയുടെ വിപണി മൂല്യം 15 ലക്ഷം കോടി രൂപയിലും താഴെയായി വ്യാഴാഴ്ച കുറഞ്ഞിട്ടുണ്ട്.

ഇതിനു മുന്‍പ് 2021 ഡിസംബര്‍ 6 ല്‍ കമ്പനിയുടെ വിപണി മൂല്യം 14.99 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. 2022 ഏപ്രില്‍ 28 നാണു എക്കാലത്തെയും ഉയര്‍ന്ന വിപണി മൂല്യം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് കമ്പനിയുടെ വിപണി മൂല്യം 19.07 ലക്ഷം കോടി രൂപയിലെത്തി. അതില്‍ നിന്നും 4 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് ക്യാപിറ്റലൈന്‍ പ്ലസ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മൂന്നു മാസങ്ങളായി ആര്‍ ഐ എല്ലിന്റെ ഓഹരികള്‍ വിപണിയില്‍ മോശമായ പ്രകടനമാണ് കാഴ്ച വക്കുന്നത്. 14 ശതമാനത്തോളമാണ് ഓഹരി കുറഞ്ഞത്.

കഴിഞ്ഞ ദിവസം റിലയന്‍സ് ജിയോ അവരുടെ ഏറ്റവും പുതിയ പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാന്‍ ആയ ജിയോ പ്ലസ് അവതരിപ്പിച്ചുവെന്ന വാര്‍ത്തകളാണ് ഏറ്റവും പുതിയതായി പുറത്തു വന്നിട്ടുള്ളത്. പോസ്റ്റ് പെയ്ഡ് വിഭാഗത്തില്‍ വളരെ മന്ദഗതിയിലുള്ള വളര്‍ച്ചയാണ് കമ്പനിക്കുണ്ടായിട്ടുള്ളത്. കമ്പനിയുടെ ഈ നടപടി കഴിഞ്ഞ കുറച്ച മാസങ്ങളായി പോസ്റ്റ് പെയ്ഡ് വിഭാഗത്തില്‍ വളര്‍ച്ചയുള്ള ഭാരതി എയര്‍ടെല്ലിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

മൂന്നാം പാദത്തില്‍ മികച്ച ഫലങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കിലും അധിക നികുതി ചുമത്തിയതടക്കമുള്ള പല ഘടകങ്ങളും കമ്പനിയുടെ പ്രകടനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

Tags:    

Similar News