202-23: മാറ്റമില്ലാതെ റിയല്‍ എസ്‌റ്റേറ്റിലെ സ്വകാര്യ ഓഹരി നിക്ഷേപം
- നിക്ഷേപ വരവിന്റെ 40 ശതമാനവും ഓഫിസ് ആസ്തികളില്‍
- ആഭ്യന്തര നിക്ഷേപകരുടെ വിഹിതം 22% ആയി ഉയര്‍ന്നു
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കെത്തിയ സ്വകാര്യ ഓഹരി നിക്ഷേപം $4..2 ബില്യണ്‍ ആണെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ന്റായ അനറോക്കിന്റെ റിപ്പോര്‍ട്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തിലും സമാന അളവിലുള്ള നിക്ഷേപമാണ് നടന്നിരുന്നത്. 2020-21ല്‍ $7.2 ബില്യണ്‍, 2019-20ല്‍ $6.3 ബില്യണ്‍, 2018-19ല്‍ $5.3 ബില്യണ്‍ എന്നിങ്ങനെയായിരുന്നു റിയല്‍ എസ്റ്റേറ്റിലേക്കുള്ള സ്വകാര്യ ഓഹരി നിക്ഷേപങ്ങളുടെ ഒഴുക്ക്.
നിക്ഷേപങ്ങളില്‍ 22 ശതമാനം പങ്കുവഹിച്ചിട്ടുള്ളത് ആഭ്യന്തര നിക്ഷേപകരാണ്. 75 ശതമാനത്തിലധികം പങ്കാളിത്തം വിദേശ നിക്ഷേപകരില്‍ നിന്നുണ്ടായി. നിക്ഷേപ വരവിന്റെ 40 ശതമാനവും ഓഫിസ് ആസ്തികളിലേക്കാണ്. നിക്ഷേപ മൂല്യത്തില്‍ ആഭ്യന്തര നിക്ഷേപകരുടെ നിക്ഷേപം 50% വര്‍ധന പ്രകടമാക്കി. 2021-22ല്‍ $0.6 ബില്യണ്‍ നിക്ഷേപം ആഭ്യന്തര നിക്ഷേപകരില്‍ നിന്നും ഉണ്ടായ സ്ഥാനത്ത് 2022-23ല്‍ അത് $0.9 ബില്യണായി ഉയര്‍ന്നു. അതേ സമയം വിദേശ നിക്ഷേപകരില്‍ നിന്നുള്ള നിക്ഷേപം $3.4 ബില്യണില്‍ നിന്ന് 7% ഇടിവോടെ $3.2 ബില്യണിലേക്കെത്തി.ആഭ്യന്തര നിക്ഷേപകരുടെ വിഹിതം മുന്‍സാമ്പത്തിക വര്‍ഷത്തിലെ 14 ശതമാനത്തില്‍ നിന്നാണ് 22 ശതമാനത്തിലേക്ക് ഉയര്‍ന്നത്.
ശരാശരി നിക്ഷേപ മൂല്യം 2021-22ലെ 86 മില്യണില്‍ നിന്ന് 2022-23ല്‍ 86 മില്യണിലേക്ക് താഴ്ന്നു. നിക്ഷേപങ്ങളുടെ 32 ശതമാനവും ഡെല്‍ഹി രാജ്യ തലസ്ഥാന മേഖലയിലേക്കാണ് എത്തിയിട്ടുള്ളത്. ചെന്നൈയുടെ വിഹിതം 1 ശതമാനത്തില്‍ നിന്ന് 8-ലേക്ക് ഉയര്‍ന്നു. ഹൈദരാബാദും ബെംഗളൂരുവുമാണ് നിക്ഷേപ വിഹിതത്തില്‍ വളര്‍ച്ച നേടിയ മറ്റ് രണ്ട് നഗരങ്ങള്‍.