ടെസ്റ്റിമോണിക്ക് തയ്യാറെടുത്തു പവൽ, പുതിയ ഉയരങ്ങളിലേക്കോ പ്രോഫിറ്റ് ബുക്കിങ്ങിലേക്കോ യുഎസ് വിപണി?

  • ടെക് സൂചികയായ നാസ്ഡാക് സർവകാല നേട്ടത്തിൽ
  • യൂറോസോണിന്റെ നാലാം പാദ ജിഡിപി അനുമാനം പൂജ്യമാണ്
  • രണ്ടു മാസത്തിലെ ഉയർന്ന നിലയിൽ സ്വർണം

Update: 2024-03-02 12:57 GMT

അമേരിക്കൻ വിപണിയെ പോയ വരം നയിച്ചത് സാമ്പത്തിക ഡാറ്റകൾ ആയിരുന്നു. വാരാദ്യത്തിൽ ജിഡിപിയിലെ അപ്രതീക്ഷിതമായ കുറവ് സൂചികകൾക്ക് തിരിച്ചടിയായപ്പോൾ അനുമാനങ്ങൾക്ക് അനുസൃതമായ വ്യക്തിഗത ഉപഭോഗ ചെലവുകൾ (PCE), നിർമാണ മേഖലയിലെ പിഎംഐ എന്നീ ഡാറ്റകൾ റെക്കോഡുകൾ മറികടക്കുന്നതിലേക്ക് വിപണിയെ എത്തിച്ചു. ഡൗ ജോൺസ്‌ 0.11%ത്തിന്റെ പ്രതിവാര നഷ്ട്ടം രേഖപ്പെടുത്തിയപ്പോൾ എസ്&പി 500, നാസ്ഡാക് സൂചികൾ യഥാക്രമം 0.95%,1.74% പ്രതിവാര നേട്ടം രേഖപ്പെടുത്തുകയും ചെയ്തു. യുഎസ് ടെക് സൂചികയായ നാസ്ഡാക് സർവകാല നേട്ടമാണ് രേഖപ്പെടുത്തിയത്.

പവലിന്റെ സാക്ഷ്യപത്രം നൽകുന്ന സൂചന എന്താവും?

മാർച്ച് 5ന് വരുന്ന ഫെബ്രുവരിയിലെ എസ്&പി ഗ്ലോബൽ കോംപോസിറ്റ് പിഎംഐ, സർവിസസ് പിഎംഐ, ഐഎസ്എം നോൺ-മാനുഫാക്ച്ചറിങ് പിഎംഐ (ISM Non-Manufacturing Prices PMI), എന്നീ ഡാറ്റകളാണ് വാരാദ്യത്തിൽ വിപണിയെ സ്വാധീനിക്കുക. ഇവയുടെ അനുമാനം യഥാക്രമം 51.4, 51.3, 53.3 എന്നിങ്ങനെയാണ്. 50 നു മുകളിലാണ് ഡാറ്റകൾ വരുന്നതെങ്കിൽ സമ്പദ്‌വ്യവസ്ഥ വളരുന്നുവെന്ന് സൂചന ലഭിക്കും. ബുള്ളിഷ് ടോണിൽ നിലനിൽക്കുന്ന വിപണിയെ ഇത് വീണ്ടും ഉത്തേജിപ്പിക്കും.

മാർച്ച് 6,7 തീയതികളിലായി ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ സെനറ്റ്, ഹൗസ് കമ്മിറ്റികൾക്ക് മുമ്പാകെ തൻ്റെ അർദ്ധ വാർഷിക ധനനയ സാക്ഷ്യപത്രം (semi-annual monetary policy testimony) നൽകും. ഇതോടെ സാമ്പത്തിക വീക്ഷണത്തെയും സമീപകാല പണനയ നടപടികളെയും കുറിച്ച് വ്യക്തമായ ധാരണ നിക്ഷേപകർക്ക് ലഭിക്കും. സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നുവെന്ന സൂചന നൽകുന്ന പക്ഷം വീണ്ടുമൊരു ബുള്ളിഷ് റാലിക്ക് അമേരിക്കൻ വിപണി സാക്ഷ്യം വഹിച്ചേക്കാം . ഇതിന്റെ ഭാഗമായുള്ള ചോദ്യോത്തര സെഷൻ നടക്കുമ്പോൾ വിപണിയിൽ ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കാം.

പ്രതിവാരം പുറത്തിവിടുന്ന തൊഴിലില്ലായ്മ കണക്കുകൾ (INITIAL JOBLESS CALIM) സമ്പദ്‌വ്യവവസ്ഥ ദുർബലമാണോ ശക്തമാണോ എന്നിങ്ങനെയുള്ള സൂചനകൾ നൽകും. അന്ന് തന്നെ പുറത്തു വരുന്ന എഡിപി നോൺ ഫാം എംപ്ലോയ്‌മെന്റ് ചേഞ്ച് ഡാറ്റയും ലേബർ മാർക്കറ്റ് റിപ്പോർട്ടിൻ്റെ മുന്ഗാമിയായാണ് വിലയിരുത്തുന്നത്. നോൺ ഫാം പേറോൾ ഡാറ്റ, തൊഴിലില്ലായ്മ ഡാറ്റ എന്നിവ മാർച്ച് 8ന് പ്രസിദ്ധീകരിക്കും. അനുകൂലമായ ഡാറ്റകൾ വിപണിക്ക് ഊർജ്‌ജം പകരാം. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) അംഗങ്ങളായ മേരി ഡാലി (Mary Daly), മൈക്കിൾ എസ്. ബാർ (Michael S. Barr), ജോൺ സി. വില്യംസ് (John C. Williams) എന്നിവരുടെ പ്രസ്താവനകൾ യുഎസ് കേന്ദ്രബാങ്കിന്റെ പണനയം അടക്കമുള്ള പല നടപടികളെ സംബന്ധിച്ചും സൂചനകൾ നിക്ഷേപകർക്ക് നൽകും.

യുഎസ് വിപണികൾ പുതിയ ഉയരങ്ങളിലേക്ക് എത്തുമോ അതോ പ്രോഫിറ്റ് ബുക്കിങ്ങിന് സാക്ഷ്യം വഹിക്കുമോ എന്നതാണ് അടുത്ത ആഴ്ച ഉത്തരം കിട്ടേണ്ട ചോദ്യം.

അവസാനിക്കാതെ യൂറോപ്പിന്റെ ആശങ്കകൾ 

സമ്മിശ്രമായ ഡാറ്റകളായിരുന്നു യൂറോ സോണിനു പോയ വാരം കാണേണ്ടി വന്നത്. ഫ്രാൻസിന്റെ നാലാം പാദ ജിഡിപിയിൽ മാർജിനൽ വളർച്ച ഉണ്ടായി. എന്നാൽ ജർമനിയുടെ ഉയർന്ന തൊഴിലില്ലായ്മ ഡാറ്റയും നേരിയ കുറവ് മാത്രം രേഖപ്പെടുത്തിയ പണപ്പെരുപ്പ കണക്കുകളുമൊക്കെ സോണിൽ വീണ്ടും ആശങ്കകൾ സൃഷ്ടിച്ചു .മാർച്ച് 5ന് ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, യൂറോ സോൺ എന്നിവിടനങ്ങളിലെ സർവീസ് പിഎംഐ ഡാറ്റ വരും. മാന്ദ്യ ഭീഷണി നേരിടുന്ന സമ്പദ്‌വ്യവസ്ഥകളിലെ ഈ ഡാറ്റകളെ ശ്രദ്ധയോടെയാണ് നിക്ഷേപകർ നിരീക്ഷിക്കുക .മാർച്ച് 7 ന് നടക്കുന്ന യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ ഗവർണിങ് കൗൺസിൽ മീറ്റിംഗ് വിപണിയുടെ ഗതിയെ നിർണയിക്കും. നിലവിൽ 4.5% മാണ് പലിശ നിരക്ക്. സമ്പദ്‌വ്യവസ്ഥകൾ മാന്ദ്യത്തിലേക്ക് പോകുന്ന സാഹചര്യത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തുമോ എന്നതായിക്കും വിപണിയുടെ കച്ചിത്തുരുമ്പ്. മാർച്ച് 8ന് വരുന്ന യൂറോസോണിന്റെ നാലാം പാദ ജിഡിപി അനുമാനം പൂജ്യമാണ്. ഈ പാദത്തിലും ജിഡിപിയിൽ നേരിയ വളർച്ചയെങ്കിലും കൈവരിക്കാത്ത പക്ഷം ടെക്‌നിക്കലി യൂറോ സോണും മാന്ദ്യത്തിലേക്ക് കടക്കും.

ഏഷ്യൻ രാജ്യങ്ങൾക്ക് പ്രധാനം പണപ്പെരുപ്പ കണക്കുകൾ 

ജപ്പാനും ചൈനയും കാത്തിരിക്കുന്ന പണപ്പെരുപ്പ കണക്കുകൾ ഏഷ്യൻ വിപണികളെ സ്വാധീനിക്കുന്ന പ്രധാന ഡാറ്റകളാണ്. മാർച്ച് 4ന് ജപ്പാന്റെ ടോക്കിയോ കോർ പണപ്പെരുപ്പ (സിപിഐ) ഡാറ്റ പുറത്തുവരും. അന്ന് തന്നെ ജപ്പാന്റെ സർവീസ് പിഎംഐ ഡാറ്റയും ലഭ്യമാകും. സാങ്കേതികമായി മാന്ദ്യത്തിലേക്ക് പോയ ജപ്പാന്റെ ഈ ഡാറ്റകൾ ഏറെ ശ്രദ്ധയോടെയാണ് നിക്ഷേപകർ നോക്കികാണുന്നത്. ചൈനയുടെ സർവീസസ് പിഎംഐ (Caixin Services PMI) ഡാറ്റ മാർച്ച് നാലിന് വരുമ്പോൾ, മാർച്ച് 8 ന് വരുന്ന ഫെബ്രുവരി പണപ്പെരുപ്പ കണക്കുകളും ഏഷ്യൻ വിപണികളുടെ സ്ഥിഗതികൾ മാറ്റിമറിക്കാം.

ലോകത്തിന്റെ വിവിധ മേഖലകളിലെ സർവീസ് പിഎംഐ, പണപ്പെരുപ്പം, ജിഡിപി, സെൻട്രൽ ബാങ്ക് അംഗങ്ങളുടെ പ്രസ്താവനകൾ എന്നിവ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പുതിയ ചിത്രം നിക്ഷേപകർക്ക് നൽകും.

മിന്നിത്തിളങ്ങാൻ സ്വർണം, ക്രൂഡിനെ തുണച്ചു ഒപെകും

ആഗോള വിപണികളിൽ സ്വർണം തുടർച്ചയായ രണ്ടാം വാരത്തിലും ബുള്ളിഷ് മൊമന്റം തുടർന്നു. വെള്ളിയാഴ്ചത്തെ സെഷനിൽ 2050 ഡോളർ എന്ന റെസിസ്റ്റൻസും മറികടന്നിരുന്നു. ആഴ്ചയുടെ ആരംഭത്തിൽ കൺസോളിഡേഷൻ കടന്നു വന്നെങ്കിലും അനുകൂലമായ യുഎസ് ഡാറ്റകളുടെ പിൻബലത്തിൽ രണ്ടു മാസത്തിലെ ഉയർന്ന നിലയിലേക്ക് മഞ്ഞ ലോഹം കുതിച്ചു. 50-ഡേ സിമ്പിൾ മൂവിങ് ആവറേജിന്‌ നു മുകളിൽ ക്ലോസ് ചെയ്യാൻ സ്വർണത്തിന് സാധിച്ചു. കൂടാതെ ഡെയിലി ചാർട്ടിൽ റിലേറ്റീവ് സ്ട്രെങ്ത് ഇൻഡക്സ് (RSI) 60 ലേക്ക് ഉയർന്നതും ബുള്ളിഷ് മൊമന്റം തുടരാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. അടുത്ത വ്യാപാരങ്ങളിൽ 2060 ഡോളർ തൊട്ടടുത്ത റെസിസ്റ്റൻസായി പരിഗണിക്കാം. തുടർ പ്രതിരോധമായി 2080 ഡോളർ ഉം പിന്നീട് സൈക്കോളജിക്കൽ ലെവലായ 2100 ഡോളറും നിക്ഷേപകർക്ക് നിരീക്ഷിക്കാം. മറുവശത്തു 50-ഡേ സിമ്പിൾ മൂവിങ് ആവറേജ് 2,035 ഡോളറും ഫിബോനാക്കി റീട്രെസ്‌മെന്റിന്റെ 23.6% ലെവലായ 2,020 ഡോളറും പ്രധാന പിന്തുണയാകും. 2,000 ഡോളർ സ്വർണത്തിന്റെ പ്രധാന സൈക്കോളജിക്കൽ സപ്പോർട്ടാണ്.

ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് (BRENT CRUDE) 2.8% ഉയർന്ന് 83.10 ഡോളറിലും ഡബ്ള്യുടിഐ (WTI CRUDE) ക്രൂഡ് 3.7% നേട്ടത്തിൽ 79.26$ എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒപെക് നിലവിലെ ഉത്പാദന വെട്ടികുറക്കൽ രണ്ടാം പാദത്തിലും തുടർന്നേക്കുമെന്ന അനുമാനം ക്രൂഡിന്റെ നേട്ടത്തിന് തുണയായി. വരും വാരത്തിൽ $79.66 ഡബ്ള്യുടിഐ ക്രൂഡിന്റെ സമീപ റെസിസ്റ്റൻസാണ്. 80 ഡോളർ തുടർ പ്രതിരോധമായും കണക്കാക്കാം. ഈ പ്രതിരോധം മറികടക്കാനായാൽ മറികടക്കാനായാൽ 86.90 ഡോളർ എന്ന നിലയിലേക്കു കുതിക്കാം. അതെ സമയം ആദ്യ പിന്തുണ 200-ഡേ സിമ്പിൾ മൂവിങ് ആവറേജ് ലെവലായ ആയ 77.72 ഡോളറിലാണ്. 55-ഡേ സിമ്പിൾ മൂവിങ് ആവറേജ് ലെവലായ $76.25, $74.83 എന്നിവ തുടർ പിന്തുണയായി പ്രവർത്തിക്കും. ബ്രെന്റ് ക്രൂഡിനാകട്ടെ 80 ഡോളർ പ്രധാന പിന്തുണയാകും. 84.5 ഡോളർ റെസിസ്റ്റൻസ് ആയും കരുതാം. 

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News