അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ ധനനയ യോഗം, ജിഡിപി-പണപ്പെരുപ്പ കണക്കുകൾ|അറിയാം ആഗോളവിപണിയുടെ ട്രെൻഡ്

  • ഫെഡ് തീരുമാനങ്ങളിലേക്ക് വിപണിയുടെ കണ്ണുകൾ
  • ബ്രിട്ടന്റെ തൊഴിലില്ലായ്മ ഡാറ്റയും ജർമനിയുടെ വിലക്കയറ്റ കണക്കുകളും പുറത്തുവരും
  • ഏഷ്യൻ വിപണികൾക്ക് നേട്ടം നിലനിർത്താൻ സാധിക്കുമോ?

Update: 2024-03-09 10:01 GMT


പോയ വാരം ജെറോം പവലിന്റെ ടെസ്റ്റിഫിക്കേഷനിലും പ്രോഫിറ്റ് ബുക്കിങ്ങിലും കാലിടറി വലിയ തോതിൽ മുന്നേറ്റം രേഖപ്പെടുത്താൻ യുഎസ് വിപണിക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും ബുള്ളിഷ് സെന്റിമെന്റ് നിലനിർത്താൻ അമേരിക്കൻ സൂചികൾക്ക് സാധിച്ചു. പ്രതിവാര പ്രകടനം വിലയിരുത്തുമ്പോൾ നെഗറ്റീവ് ടോണിൽ ആയിരുന്നു സൂചികകൾ വ്യാപാരം അവസാനിപ്പിച്ചതെന്ന് കാണാം. ഡൗ ജോൺസ്‌, നാസ്ഡാക്, എസ്&പി 500 സൂചികൾ യഥാക്രമം 0.93%,1.17%, 0.26% നഷ്ടമാണ് രേഖപ്പെടുത്തിയത് .

മാർച്ച് 12ന് പുറത്ത് വരുന്ന ഫെബ്രുവരിയിലെ പ്രതിമാസ കോർ പണപ്പെരുപ്പ കണക്കുകളെയാണ് അമേരിക്കൻ വിപണി വരുന്ന ആഴ്ചയുടെ ആദ്യം എതിരേൽക്കുക. കോർ ഉപഭോക്തൃ വില സൂചിക ഭക്ഷണവും ഊർജവും ഒഴികെയുള്ള സാധന സേവനങ്ങളുടെ വിലയിലെ മാറ്റങ്ങളെ അളക്കുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിൽ എത്രത്തോളം വിജയിച്ചു എന്ന് മനസിലാക്കാനായി ഫെഡ് റിസേർവ് ഈ കണക്കുകളെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. അതിനാൽ തന്നെ അസ്ഥിരമായ മൊത്ത വില സൂചികയേക്കാൾ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു.

10 ഇയർ നോട്ട് ഓക്ഷനും മാർച്ച് 13ന് വരുന്ന 30 ഇയർ ട്രഷറി ബോണ്ട് ഓക്ഷനുമാണ് മറ്റ് പ്രധാന ഇക്കണോമിക് ഇവെന്റുകൾ. യുഎസ് ട്രഷറി നോട്ടുകൾക്ക് രണ്ട് മുതൽ പത്ത് വർഷം വരെ കാലാവധിയുണ്ട്. ട്രഷറി ബോണ്ടുകൾക്കാകട്ടെ 10 - 30 വർഷം വരെയാണ് കാലാവധി. നികുതിയിനത്തിൽ ലഭിക്കുന്ന തുകയും നിലവിലുള്ള കടം റീഫിനാൻസ് ചെയ്യുന്നതിനും/അല്ലെങ്കിൽ മൂലധന സമാഹരണത്തിനുമായി അവർ ചെലവഴിക്കുന്ന തുകയും തമ്മിലുള്ള അന്തരം നികത്താൻ പണം കടമെടുക്കാൻ സർക്കാരുകൾ ട്രഷറി നോട്ടുകളും ബോണ്ടുകളും പുറത്തിറക്കുന്നു .ഇവയുടെ കാലാവധി അവസാനിക്കുന്നത് വരെ നിക്ഷേപകർക്ക് പലിശ ലഭിക്കുന്നു. 13ന് വരുന്ന പ്രതിവാര ക്രൂഡ് ഓയിൽ ഇൻവെന്ററി കണക്കുകൾ കമ്മോഡിറ്റി മാർക്കറ്റിന്റെ ഗതിക്ക് നിർണായകമാണ്.

മാർച്ച് 14ന് പ്രസിദ്ധീകരിക്കുന്ന ഫെബ്രുവരിയിലെ റീറ്റെയ്ൽ സെയിൽസ്, പ്രൊഡ്യൂസർ പ്രൈസ് ഡാറ്റകൾ, എന്നിവ മാർച്ച് 19-20 തീയതികളിൽ നടക്കുന്ന ഫെഡറൽ റിസേർവിന്റെ ധനനയ യോഗത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാം. യുഎസ് ജിഡിപിയുടെ വലിയൊരു ശതമാനം വരുന്ന ഉപഭോക്തൃ ചെലവിൻ്റെ ഒരു പ്രധാന സൂചകമാണ് റീറ്റെയ്ൽ സെയിൽസ്. അനുമാനങ്ങൾക്ക് അനുസൃതമായ ഡാറ്റയാണ് വരുന്നതെങ്കിൽ പണപ്പെരുപ്പ സമ്മർദ്ദം കുറയുന്നു എന്ന് നിക്ഷേപകർക്ക് വിലയിരുത്താം. ഒപ്പം തന്നെ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് അടിസ്ഥാന ഉപഭോക്തൃ വിലകളെ സ്വാധീനിക്കുന്നു, അതുകൊണ്ട് തന്നെ ഫെഡ് വിലസ്ഥിരതയുടെ സൂചകമായി ഈ ഡാറ്റയെ നിരീക്ഷിക്കുന്നു. അന്ന് തന്നെ പുറത്തു വരുന്ന പ്രതിവരെ ജോബ്‌ലെസ്സ് ക്ലെയിംസ് ഡാറ്റയിൽ വർധന വരുകയാണെങ്കിൽ പണപ്പെരുപ്പ നിയന്ത്രണ നടപടികൾ ശെരിയായ ദിശയിലാണെന്ന് അനലിസ്റ്റുകൾ വിലയിരുത്തും.

സമ്മിശ്രമായ യൂറോപ്യൻ വിപണികളെ ആയിരുന്നു പോയ വാരം കണ്ടത്. പ്രധാന വിപണികളിൽ മികച്ച പ്രകടനം കാഴ്ച വെച്ചത് ഫ്രാൻസ് സൂചികയായ കാക് 40 (CAC 40) ആണ്. സൂചിക പ്രതിവാര നേട്ടമായി രേഖപ്പെടുത്തിയത് 1.18%ആണ്. ലണ്ടൻ സൂചിക 0.30% പ്രതിവാര ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഡാക്സ് (DAX) 0.43% പ്രതിവാര നേട്ടം രേഖപ്പെടുത്തി. യൂറോ സ്റ്റോക്സ് 50 സൂചിക 1.37% പ്രതിവാര നേട്ടവും രേഖപ്പെടുത്തി.

അടുത്ത വാരത്തിലേക്ക് വരുമ്പോൾ മാർച്ച് 12ന് പ്രസിദ്ധീകരിക്കുന്ന ബ്രിട്ടന്റെ ജനുവരിയിലെ തൊഴിലില്ലായ്മ ഡാറ്റയും ജർമനിയുടെ പ്രതിവാര പണപ്പെരുപ്പ കണക്കുകളാണ് ആദ്യ പ്രധാന ഡാറ്റ. നിലവിൽ മാന്ദ്യ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ സമീപഭാവിയെ സംബന്ധിച്ച് കൂടുതൽ ധാരണ നിക്ഷേപകർക്ക് ലഭിക്കും. മാർച്ച് 13ന് വരുന്ന ബ്രിട്ടന്റെ ജിഡിപിയാണ് മറ്റൊരു പ്രധാന ഡാറ്റ. ജനുവരിയിലെ ജിഡിപി ഡാറ്റയാണ് വരുന്നത്. അന്ന് തന്നെ വരുന്ന ബ്രിട്ടന്റെ വ്യാവസായിക ഡാറ്റ കൂടി വിലയിരുത്തുമ്പോൾ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയുടെ യഥാർത്ഥ ചിത്രം വ്യക്തമാകും. മാർച്ച് 15ന് വരുന്ന ഫ്രാൻസിന്റെ പണപ്പെരുപ്പ കണക്കുകളും നിക്ഷേപകർ ശ്രദ്ധയോടെ ആയിരിക്കും നിരീക്ഷിക്കുക.

ഏഷ്യൻ വിപണിയിലേക്ക് വരുമ്പോൾ പോയ വാരത്തിൽ 40,000 എന്ന ലെവൽ മറികടന്ന് കുതിച്ച ജാപ്പനീസ് വിപണിയെയാണ് കണ്ടത്. അതിനോടൊപ്പം നാണ്യ ചുരുക്ക സമ്മർദ്ദം നേരിടുന്ന ചൈനയുടെ പണപ്പെരുപ്പ കണക്കുകളുമായിരുന്നു ഏഷ്യൻ വിപണികളെ നയിച്ചത്. അടുത്ത വാരത്തിലേക്ക് വരുമ്പോൾ മാർച്ച് 10ന് പുറത്തു വരുന്ന ജപ്പാന്റെ ജിഡിപി കണക്കുകളാണ് നിർണായകം. നിലവിൽ ടെക്‌നിക്കലി മാന്ദ്യത്തിലേക്ക് പോയ ജപ്പാന്റെ ജിഡിപി കണക്കുകൾ അടുത്ത വാരം ജാപ്പനീസ് സൂചികയുടെ ഗതി നിർണയിക്കും. പോയ വാരത്തിൽ പൊതുവെ ഒരു പോസിറ്റിവ് മൊമെന്റം നിലനിർത്തിയ ഏഷ്യൻ വിപണികൾക്ക് ആ നേട്ടം നിലനിർത്താൻ സാധിക്കുമോ ഇല്ലയോ എന്നതും കാത്തിരുന്ന് കാണാം.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News