3 ട്രില്യണ്‍ ഡോളര്‍ മൂല്യം തൊട്ട് മൈക്രോസോഫ്റ്റ്
- ആപ്പിളിനു പിന്നാലെ 3 ട്രില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുന്ന രണ്ടാമത്തെ കമ്പനി
- ജനറേറ്റീവ് എഐ സാധ്യതകള്‍ ഈ ഓഹരിയുടെ പ്രിയം വര്‍ധിപ്പിക്കുന്നു
- ഇന്നലത്തെ ക്ലോസിംഗിലെ മൂല്യം 2.99 ട്രില്യൺ ഡോള
ടെക്നോളജി വമ്പനായ മൈക്രോസോഫ്റ്റിന്‍റെ വിപണി മൂല്യം ആദ്യമായി മൂന്ന് ട്രില്യണ്‍ ഡോളറിന് മുകളിലെത്തി. യുഎസ് വിപണികളിലെ ബുധനാഴ്ച വ്യാപാരത്തിലാണ് ഈ ചരിത്രം നേട്ടം മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്
ആപ്പിളിനു പിന്നാലെ 3 ട്രില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുന്ന രണ്ടാമത്തെ കമ്പനിയാണ് മൈക്രോസോഫ്റ്റ്. ഏറ്റവും വിപണി മൂല്യമുള്ള കമ്പനി എന്ന സ്ഥാനത്തിനായി കടുത്ത മത്സരമാണ് ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളുമായി ഇപ്പോള്‍ മൈക്രോസോഫ്റ്റ് നടത്തുന്നത്. ജനുവരി തുടക്കത്തില്‍ ഹ്രസ്വനേരത്തേക്ക് ആപ്പിളിനെ മറികടക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ബുധനാഴ്ചയിലെ വ്യാപാരത്തിനിടെ മൈക്രോസോഫ്റ്റിന്റെ ഓഹരികൾ 1.7 ശതമാനം ഉയർന്ന് 405.63 ഡോളര്‍ എന്ന റെക്കോർഡ് ഉയരത്തിലെത്തി, ഇതോടെയാണ് 3 ട്രില്യണ്‍ ഡോളര്‍ എംക്യാപ് എന്ന നാഴികക്കല്ല് പിന്നിട്ടത്.
എന്നാൽ പിന്നീട് 402.56 ഡോളറിലാണ് ക്ലോസിംഗ് നടന്നത്. ഇതോടെ മൈക്രോസോഫ്റ്റിന്റെ മൂല്യം 2.99 ട്രില്യൺ ഡോളറായി. എൽഎസ്ഇജി ഡാറ്റ പ്രകാരം ആപ്പിളിന്റെ ഓഹരികൾ 0.35 ശതമാനം ഇടിഞ്ഞ് 194.50 ഡോളറിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. എങ്കിലും ആപ്പിളിന്‍റെ മൊത്തം എംക്യാപ് 3 ട്രില്യണ്‍ ഡോളറിനു മുകളിലാണ്.
ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വിപണി ആധിപത്യത്തിനായുള്ള മത്സരത്തില്‍ മൈക്രോസോഫ്റ്റ് അതിവേഗം മുന്നേറുന്നു എന്ന വിലയിരുത്തലാണ് ഇപ്പോള്‍ കമ്പനിയുടെ ഓഹരികളെ ഏറെ പ്രിയങ്കരമാക്കുന്നത്. ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പണ്‍എഐ-യിലെ നിക്ഷേപമാണ് ഇതിന് പ്രധാനമായും കരുത്തേകുന്നത്.