ആപ്പിളിനെ വെട്ടി മൂല്യത്തില്‍ ഒന്നാമതായി മൈക്രോസോഫ്റ്റ്
- ജനറേറ്റീവ് എഐ പദ്ധതികളാണ് മൈക്രോസോഫ്റ്റിനെ മുന്നോട്ടു നയിക്കുന്നത്
- ആപ്പിളിന്‍റെ എംക്യാപ് മൈക്രോസോഫിന്‍റേതിനേക്കാള്‍ താഴെപ്പോകുന്നത് 2021ന് ശേഷം ആദ്യം
- ഐഫോണിന്‍റെ ആവശ്യകതയിലെ മാന്ദ്യം ആപ്പിളിന് പ്രതിസന്ധി
ആഗോള തലത്തില്‍ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത്ഈ. വര്‍ഷം തുടക്കം മുതല്‍ യുഎസ് വിപണികളില്‍ ആപ്പിള്‍ തിരിച്ചടി നേരിടുകയാണ്.
2024ന്‍റെ തുടക്കം മുതലുള്ള കാലയളവില്‍ 0.9 ശതമാനം ഇടിവ് നേരിട്ട ഐ ഫോണ്‍ നിര്‍മാതാക്കളുടെ വിപണി മൂല്യം ഇപ്പോള്‍ 2.871 ട്രില്യൺ ഡോളറാണ്. അതേസമയം മൈക്രോസോഫ്റ്റിന്റെ ഓഹരികൾ ഇക്കാലയളവില്‍ 1.6 ശതമാനം ഉയരുകയും കമ്പനിയുടെ വിപണി മൂല്യം 2.875 ട്രില്യൺ ഡോളറില് എത്തികയും ചെയ്തു. 2021ന് ശേഷം ആദ്യമായാണ് ആപ്പിളിന്‍റെ വിപണിമൂല്യം മൈക്രോസോഫ്റ്റിന്‍റെ മൂല്യത്തേക്കാള്‍ താഴെയെത്തുന്നത്. ,
ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പുതിയ പദ്ധതികളാണ് മൈക്രോസോഫ്റ്റിനെ മുന്നോട്ടു നയിക്കുന്നത്. മൈക്രോസോഫ്റ്റ് നിലവില്‍ അതിന്‍റെ പ്രൊഡക്ടിവിറ്റി സോഫ്‌റ്റ്‌വെയറുകളിലുടനീളം ഓപ്പൺഎഐയുടെ സാങ്കേതികവിദ്യ സംയോജിപ്പിച്ചിട്ടുണ്ട്. ഇത് ജൂലൈ-സെപ്റ്റംബർ പാദത്തിൽ ക്ലൗഡ് കംപ്യൂട്ടിംഗ് ബിസിനസ്സിൽ മികച്ച തിരിച്ചുവരവ് നടത്താന് കമ്പനിയെ സഹായിച്ചു.
അതേസമയം, ഐഫോണിന്‍റെ ആവശ്യകതയില്‍ അനുഭവപ്പെടുന്ന മാന്ദ്യം ആപ്പിളിനെ പ്രതിസന്ധിയിലാക്കുകയാണ്. കൊറൊണ സൃഷ്ടിച്ച ആഘാതങ്ങളില്‍ നിന്ന് ചൈനീസ് സമ്പദ്‍വ്യവസ്ഥ പതുക്കെ മാത്രം കരകയറുന്നത് ആപ്പിളിന് വെല്ലുവിളിയാണ്. ആപ്പിളിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ചൈന.