വ്യാപാരക്കമ്മി വർധിച്ചത് ആശങ്ക ഉയർത്തുന്നു; സിംഗപ്പൂരും താഴ്ചയിൽ

  • രാവിലെ 7.45-ന് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -62.50 പോയിന്റ് ഇടിഞ്ഞ് നിൽക്കുന്നത് ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത തുറക്കുന്നുണ്ട്.
  • എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 15) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 260.92 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -710.74 കോടി രൂപക്ക് അധികം വിറ്റു.

Update: 2022-12-16 02:30 GMT

കൊച്ചി: നവംബറിൽ രാജ്യത്തിൻറെ വ്യാപാരക്കമ്മി 23.89 ബില്യൺ ഡോളറായി വർധിച്ചതായി ഇന്നലെ സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നു. കയറ്റുമതി 0.59 ശതമാനം ഉയർന്ന് 31.99 ബില്യൺ ഡോളറായി ഉയർന്നപ്പോൾ ഇറക്കുമതി 5.37 ശതമാനം ഉയർന്ന് 55.88 ബില്യൺ ഡോളറിലെത്തി. എങ്കിലും കണക്കുകൾ കാണിക്കുന്നതിനേക്കാൾ വേഗത്തിൽ ഇന്ത്യ വളരുന്നു എന്ന് സ്വിസ് ബ്രോക്കറേജ് ആയ ക്രെഡിറ്റ് സ്യൂസ് വ്യാഴാഴ്ച പറഞ്ഞു. 2024 സാമ്പത്തിക വർഷത്തിൽ രാജ്യം 7 ശതമാനം വളരുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

രാവിലെ 7.45-ന് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -62.50 പോയിന്റ് ഇടിഞ്ഞ് നിൽക്കുന്നത് ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത തുറക്കുന്നുണ്ട്.

യൂറോപ്യൻ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച നടന്ന മീറ്റിംഗിൽ അതിന്റെ പ്രധാന നിരക്ക് 1.5 ശതമാനത്തിൽ നിന്ന് 2.00 ശതമാനമാക്കി വർധിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അനുരണനങ്ങൾ ആഭ്യന്തര വിപണിയിലും ഇന്ന് പ്രതിഫലിക്കും.

ആഗോള വിപണിയെ പിന്തുടർന്ന് സെന്‍സെക്‌സ് ഇന്നലെ 878.88 പോയിന്റ് ഇടിഞ്ഞ് 61,799.03 ലും നിഫ്റ്റി 245.40 പോയിന്റ് താഴ്ന്ന് 18,414.90 ലുമെത്തി. ബാങ്ക് നിഫ്റ്റി 550.90 പോയിന്റ് ഇടിഞ്ഞ് 43,498.20 ൽ അവസാനിച്ചു. പൊതുമേഖലാ ബാങ്കുകൾ 1.88 ശതമാനം ഇടിഞ്ഞപ്പോൾ ഐ ടിയും മീഡിയയും 2 ശതമാനത്തിലേറെ താഴ്ചയിലേക്ക് വീണു.

കേരള ലിസ്റ്റഡ് കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സിഎസ്‌ബി ബാങ്കും, ഫെഡറൽ ബാങ്കും, ധനലക്ഷ്മി ബാങ്കും, ഫാക്റ്റും, ജിയിജിത്തും, കിറ്റെക്‌സും, കല്യാൺ ജൂവല്ലേഴ്‌സും, മണപ്പുറവും, ലാഭത്തിലായിരുന്നു. എന്നാൽ, ആസ്റ്റർ ഡിഎമ്മും, കൊച്ചിൻ ഷിപ് യാഡും, വണ്ടർ ലയും ജ്യോതി ലാബും, കിംസും, ഹാരിസൺ മലയാളവും, മുത്തൂറ്റ് ക്യാപിറ്റലും, മുത്തൂറ്റ് ഫൈനാൻസും, വി ഗാർഡും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ പുറവങ്കരയും ശോഭയും നഷ്ടത്തിൽ അവസാനിച്ചപ്പോൾ പി എൻ സി ഇൻഫ്ര നേട്ടത്തിലാണ്.

പ്രത്യേകം പറയേണ്ടത് കേരള ബാങ്കുകളായ ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും ധനലക്ഷ്മി ബാങ്കും 52 ആഴ്ചത്തെ ഏറ്റവും ഉയർച്ച കണ്ടു എന്നതാണ്. ഫെഡറൽ ബാങ്ക് 142.20 ൽ എത്തിയപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് 21.80 ലും ധനലക്ഷ്മി 25.70 ലുമെത്തി.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 15) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 260.92 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -710.74 കോടി രൂപക്ക് അധികം വിറ്റു.

വിദഗ്ധാഭിപ്രായം

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റി ഉയർന്ന തലത്തിൽ, 18,700 എന്ന പ്രതിരോധത്തിന് അപ്പുറത്തേക്ക് നീങ്ങുന്നതിൽ പരാജയപ്പെട്ടു. 18,500-ന് മുകളിൽ നിൽക്കുന്നിടത്തോളം ട്രെൻഡ് പോസിറ്റീവ് ആയി തുടരും. ഉയർന്ന തലത്തിൽ, സൂചികയുടെ മുന്നേറ്റം 18,700-ന് മുകളിൽ വരാം. അതുവരെ നിഫ്റ്റി 18,500-18,700 എന്ന പരിധിയിൽ തുടർന്നേക്കാം.

ലോക വിപണി

ഏഷ്യൻ വിപണികളിൽ ഹോങ്കോങ് ഹാങ്‌സെങ് (-108.47), ചൈന ഷാങ്ഹായ് (-7.44), സൗത്ത് കൊറിയൻ കോസ്‌പി (-10.56), ജപ്പാൻ നിക്കേ (-456.72), തായ്‌വാൻ (-238.29), ജക്കാർത്ത കോമ്പസിറ്റ് (-49.89) എന്നിവയെല്ലാം ചുവപ്പിലാണ്.

ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (-764.13), എസ് ആൻഡ് പി 500 (-99.57), നസ്‌ഡേക് കോമ്പസിറ്റ് (-360.36) എന്നിവയെല്ലാം താഴ്ചയിലേക്ക് വീണു.

ബുധനാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (-473.97), പാരീസ് യുറോനെക്സ്റ്റ് (-208.02), ലണ്ടൻ ഫുട്‍സീ (-69.76) എന്നിവയും നഷ്ടത്തിൽ അവസാനിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ഡോ ബാലാഭായ് നാനാവതി ഹോസ്പിറ്റലിലെ ബെഡ് കപ്പാസിറ്റി ഒന്നാം ഘട്ടം വിപുലീകരിക്കുന്നതിന് ഭാഗികമായി മാക്സ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് (ഓഹരി വില: 433.45 രൂപ) 300 കോടി രൂപ വരെ ധനസഹായം അനുവദിച്ചു.

ഐആർസിടിസിയിലെ (ഓഹരി വില: 689.05 രൂപ) ഗവൺമെന്റിന്റെ 5 ശതമാനം ഓഹരി വിൽപ്പനയുടെ ആദ്യ ദിവസം തന്നെ ഓവർ-സബ്സ്ക്രൈബ്‌ ആയി; സ്ഥാപന നിക്ഷേപകർ 3,800 കോടി രൂപയുടെ ബിഡ്ഡുകൾ നൽകി.

ഇന്ത്യയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതിക്കാരായ പെട്രോനെറ്റ് എൽഎൻജി (ഓഹരി വില: 214.25 രൂപ) ഒഡീഷയിലെ ഗോപാൽപൂർ തുറമുഖത്ത് 2,306 കോടി രൂപയ്ക്ക് ഫ്ലോട്ടിംഗ് എൽഎൻജി സൗകര്യം സ്ഥാപിക്കുമെന്ന് ഒരു ട്വീറ്റിൽ പറയുന്നു.

രാജസ്ഥാനിലെ ബിക്കാനീറിൽ 1,000 മെഗാവാട്ട് സോളാർ പവർ പ്രോജക്ടിന് 4,444.71 കോടി രൂപ ധനസഹായം നൽകുന്നതിന് എസ്‌ജെവിഎൻ ഗ്രീൻ എനർജി (ഓഹരി വില: 37.55 രൂപ) യുമായി വായ്പാ കരാറിൽ ഒപ്പുവച്ചതായി ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി അറിയിച്ചു.

സഫയർ ഫുഡ്‌സ് മൗറീഷ്യസും ഡബ്ല്യുഡബ്ല്യുഡി റൂബിയും ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ റെസ്റ്റോറന്റ് ഓപ്പറേറ്ററായ സഫയർ ഫുഡ്‌സ് ഇന്ത്യയുടെ (ഓഹരി വില: 1397.50 രൂപ) ഓഹരികൾ ശരാശരി 1,347 രൂപ നിരക്കിൽ 919 കോടി രൂപക്ക് വിറ്റു.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (ഓഹരി വില: 245.80 രൂപ) എണ്ണ ശുദ്ധീകരണത്തിനും ഇന്ധന വിപണന പ്രവർത്തനങ്ങൾക്കുമായി 10,000 കോടി രൂപ കടം സ്വരൂപിക്കുമെന്ന് കമ്പനി അറിയിച്ചു.

വ്യാവസായിക രാസവളങ്ങളുടെയും രാസവളങ്ങളുടെയും നിർമ്മാതാക്കളായ ദീപക് ഫെർട്ടിലൈസേഴ്‌സ് ആൻഡ് പെട്രോകെമിക്കൽസ് (ഓഹരി വില: 811.70 രൂപ) വ്യാഴാഴ്‌ച കോർപ്പറേറ്റ് പുനർനിർമ്മാണ പദ്ധതി പ്രഖ്യാപിച്ചു.

149.60 കോടി രൂപയുടെ കുടിശ്ശിക തിരിച്ചുപിടിക്കാ ൻ സീ എന്റർടൈൻമെന്റ്നെതിരെ (ഓഹരി വില: 258.30 രൂപ) പാപ്പരത്വ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐഡിബിഐ ബാങ്ക് (ഓഹരി വില: 58.60 രൂപ) നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചു.

തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് (ഓഹരി വില: 514.10 രൂപ) അതിന്റെ ജനറൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വയ്ക്കാനായി കൊട്ടക് മഹീന്ദ്ര ജനറൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിക്കുന്നു.

ലോധ ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന റിയാലിറ്റി സ്ഥാപനമായ മാക്രോടെക് ഡെവലപ്പേഴ്‌സ് (ഓഹരി വില: 1045.00 രൂപ) മുംബൈയിൽ 330 കോടി രൂപയുടെ ഒരു ഒരു പ്രീമിയം വെയർഹൗസിംഗ് പ്രോജക്റ്റ് വികസിപ്പിക്കുന്നു.

ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിൽ 1,397 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടിയതായി കൽപതരു  പവർ (ഓഹരി വില: 551.20 രൂപ) വ്യാഴാഴ്ച അറിയിച്ചു.

രാംകൃഷ്ണ ഫോർജിംഗ്സ് (ഓഹരി വില: 256.80 രൂപ) ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പവർട്രെയിൻ സൊല്യൂഷനുകളിൽ ഏർപ്പെട്ടിരിക്കുന്ന സുയോ മാനുഫാക്ചറിംഗിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,990 രൂപ (-40 രൂപ)

യുഎസ് ഡോളർ = 82.76 രൂപ (-27 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 81.35 ഡോളർ (+0.17%)

ബിറ്റ് കോയിൻ = 14,79,318 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.18% ശതമാനം ഉയർന്ന് 104.02 ആയി.

ഐപിഓ

ഓട്ടോമൊബൈൽ വിതരണ ശൃംഖലയായ ലാൻഡ് മാർക്ക് കാർസിന്റെ 150 കോടിയുടെ പുതിയ ഇഷ്യൂവും 402 കോടി രൂപയുടെ വിൽപ്പനയ്ക്കുള്ള ഓഫറും അവസാന ദിവസമായ ഇന്നലെ 3.06 തവണ സബ്‌സ്‌ക്രൈബുചെയ്‌തു. എൻഎസ്ഇ ഡാറ്റ പ്രകാരം 80,41,805 ഓഹരികൾക്കെതിരെ 2,46,45,186 ഓഹരികൾക്കാണ് ബിഡ് ലഭിച്ചത്.

അബാൻസ് ഹോൾഡിംഗ്‌സ് ലിമിറ്റഡ്ന്റെ 38 ലക്ഷം ഓഹരികൾ വിൽക്കാനുള്ള ഐ പി ഓ വ്യാഴാഴ്ച അവസാനിച്ചപ്പോൾ 1.10 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു. എൻഎസ്ഇയിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഓഫറിൽ 1,28,00,000 ഓഹരികൾക്കെതിരെ 1,40,22,250 ഓഹരികൾക്കാണ് ബിഡ് ലഭിച്ചത്.

Tags:    

Similar News