മൂന്നാം പാദ ഫലപ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് വിപണി; ജർമനിയിൽ പണപ്പെരുപ്പം കുറയുന്നു
- യുഎസ് ഫെഡറൽ റിസേർവിന്റെ ഡിസംബറിലെ പോളിസി മീറ്റിംഗിന്റെ മിനിറ്റ്സുകൾ ഇന്ന് പുറത്തിറങ്ങാനുണ്ട്.
- സഹ് പോളിമേഴ്‌സ്ന്റെ (Sah Polymers) ഐ പി ഓ ചൊവ്വാഴ്ച്ച മൂന്നാം ദിവസം 5.35 തവണ സബ്‌സ്‌ക്രൈബുചെയ്‌തു
- സിം ഗപ്പൂർ എസ ജി എക്സ് നിഫ്റ്റി രാവിലെ 7.45 നു -58.00 പോയിന്റ് താഴ്ചയിലാണ് തുടക്കം കുറിച്ചിരിക്കുന്നത്.
കൊച്ചി: തുടര്‍ച്ചയായി കുറയുന്ന വിദേശ നിക്ഷേപം വിപണിയെ അസ്ഥിരമാക്കുകയാണ്. കാര്യമായ സാമ്പത്തിക വർത്തമാനങ്ങളുടെ അഭാവത്തിൽ, ആഭ്യന്തര വിപണി ഈ ആഴ്ച ആരംഭിക്കാൻ പോകുന്ന മൂന്നാം പാദ വരുമാന സീസണിലേക്കായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. രൂപയുടെ മൂല്യം ഇന്നലെ 22 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 83 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ ക്ലോസ് ചെയ്തത് ആശങ്കാജനകമാണ്. എങ്കിലും സൂചികകൾ അവസാന സമയങ്ങളിൽ പിടിച്ചു കയറി. സെൻസെക്‌സ് 126.41 പോയിന്റ് ഉയർന്ന് 61,294.20ൽ എത്തി. നിഫ്റ്റി 35.10 പോയിന്റ് ഉയർന്ന് 18,232.55 ലും. ബാങ്ക് നിഫ്റ്റി 222.15 പോയിന്റ് ഉയർന്ന 43,425.25 ൽ അവസാനിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ഘടനയായ ജർമനിയുടെ പണപ്പെരുപ്പം 2022 ഡിസംബറിൽ +8.6 ആയിരിക്കുമെന്ന് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. മുൻ മാസങ്ങളെ അപേക്ഷിച്ച് ഇത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2022 നവംബറിൽ ഇത് +10.0% ഉം ഒക്ടോബറിൽ +10.4% ഉം ആയിരുന്നു. വാർഷിക ശരാശരി പണപ്പെരുപ്പ നിരക്ക് 2022-ൽ +7.9% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുഎസ് ഫെഡറൽ റിസേർവിന്റെ ഡിസംബറിലെ പോളിസി മീറ്റിംഗിന്റെ മിനിറ്റ്സുകൾ ഇന്ന് പുറത്തിറങ്ങാനുണ്ട്. ഇത് സെൻട്രൽ ബാങ്കിന്റെ കർശനമായ നിലപാടിനെക്കുറിച്ചുള്ള സൂചനകൾ നൽകും. 75 ബേസിസ് പോയിൻറ് വീതം തുടർച്ചയായി നാല് വർദ്ധനയ്ക്ക് ശേഷം ഡിസംബറിൽ ഫെഡറൽ നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തിയിരുന്നു.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.45 നു -58.00 പോയിന്റ് താഴ്ചയിലാണ് തുടക്കം കുറിച്ചിരിക്കുന്നത്.
കേരള കമ്പനികൾ
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, സിഎസ്ബി ബാങ്ക്, കൊച്ചിൻ ഷിപ് യാർഡ്, ഫെഡറൽ ബാങ്ക്, ജിയോജിത്, കിറ്റെക്സ്, മണപ്പുറം, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല എന്നിവ പച്ചയിലാണ് അവസാനിച്ചത്. എന്നാൽ ജ്യോതി ലാബ്, കല്യാൺ ജൂവല്ലേഴ്‌സ്, കിംസ്, മുത്തൂറ്റ് ക്യാപിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, വി ഗാർഡ്, എന്നിവ നഷ്ടത്തിൽ കലാശിച്ചു.
റിയാലിറ്റി കമ്പനികളായ പുറവങ്കരയും ശോഭയും നേട്ടത്തിലായിരുന്നു. പി എൻ സി ഇൻഫ്ര നഷ്ടത്തിൽ കലാശിച്ചു.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 2) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 350.57 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -628.07 കോടി രൂപയുടെ അറ്റ വില്പനക്കാരായി.
ലോക വിപണി
ഇന്ന് മറ്റ് ഏഷ്യൻ വിപണികൾ പൊതുവെ ഉയർച്ചയിലാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ഹായ് (2.15), തായ്‌വാൻ (21.13) ഹോങ്കോങ് ഹാങ്‌സെങ് (222.95), ജക്കാർത്ത കോമ്പസിറ്റ് (2.36), കൊറിയൻ കോസ്‌പി (24.53) എന്നിവ നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ, ജപ്പാൻ നിക്കേ -378.78 പോയിന്റ് താഴ്ചയിൽ നിൽക്കുന്നു.
ഇന്നലെ അമേരിക്കൻ വിപണികൾ തകർച്ചയിലേക്ക് കൂപ്പുകുത്തി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് (-10.88), എസ് ആൻഡ് പി 500 (-15.36), നസ്‌ഡേക് കോമ്പസിറ്റ് (-79.50) എന്നിവ താഴ്ചയിലായിരുന്നു.
എന്നാൽ, ജർമൻ പണപ്പെരുപ്പ നിരക്കുകൾ ആശ്വാസകരമായതിന്റെ പിൻബലത്തിൽ യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (112.41), പാരീസ് യുറോനെക്സ്റ്റ് (29.32), ലണ്ടൻ ഫുട്‍സീ (102.35) എന്നിവ ശക്തി പ്രാപിച്ചു.
വിദഗ്ധാഭിപ്രായം
രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: "ഇന്ത്യൻ ഓഹരി വിപണി ഗ്രീൻ ടെറിട്ടറിയിലേക്ക് മടങ്ങി നിഫ്റ്റി 18,155 ന് മുകളിൽ ക്ലോസ് ചെയ്തു. എന്നിരുന്നാലും, നിലവിലെ ചാർട്ട് സെറ്റപ്പ് ദിശാപരമായ നീക്കം ഒന്നും സൂചിപ്പിക്കുന്നില്ല. ഹ്രസ്വകാലത്തേക്ക്, സൂചിക 17,950-18,400 പരിധിക്കുള്ളിൽ നീങ്ങാൻ സാധ്യതയുണ്ട്. ഇരുവശത്തുമുള്ള ബ്രേക്ക്ഔട്ട് ഒരു ദിശാസൂചന സ്ഥിരീകരിക്കും."
കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: "ബാങ്ക് നിഫ്റ്റി ബുള്ളുകൾ താഴ്ന്ന തലങ്ങളിൽ വാങ്ങൽ തുടർന്നു, സൂചിക 43,600 എന്ന ബ്രേക്ക്ഔട്ട് ലെവലിന് അടുത്താണ്. താഴെ തട്ടിൽ 43,000 ൽ പിന്തുണ ദൃശ്യമാണ്, അവിടെ ഏറ്റവും ഉയർന്ന ഓപ്പൺ ഇന്റെരെസ്റ്റ് കാണാം; പുട്ട് സൈഡും അപ്‌സൈഡ് റെസിസ്റ്റൻസും 44,000 ആണ്, അവിടെ ആക്രമണാത്മക കോൾ റൈറ്റിംഗ് നിരീക്ഷിക്കപ്പെടുന്നു."
വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി: "ബാങ്കുകളുടെ പ്രാരംഭ ഫലങ്ങൾ ശക്തമായ വായ്പാ വളർച്ചയുടെ പിന്തുണയുള്ള ഉറച്ച ബിസിനസ്സ് വെളിപ്പെടുത്തുന്നു. ഐടിയും ബാങ്കുകളും വിപണിയിലെ പ്രവണത നിർണ്ണയിക്കും. മേഖല പ്രമുഖരായിരിക്കും വരും ദിവസങ്ങളിൽ നിര്ണായകമാകുന്നത്.
ശ്രദ്ധിക്കേണ്ട ഓഹരികൾ
നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഐഐഎഫ്എൽ (ഓഹരി വില: 466.40 രൂപ) ഫിനാൻസ്, സുരക്ഷിത നോൺ-കൺവേർട്ടബിൾ ഡിബഞ്ചറുകളുടെ പബ്ലിക് ഇഷ്യൂവിലൂടെ 1,000 കോടി രൂപ വരെ സമാഹരിക്കുമെന്ന് ചൊവ്വാഴ്ച അറിയിച്ചു. ജനുവരി 6 ന് തുറക്കുന്ന ഇഷ്യു ജനുവരി 18 ന് അവസാനിക്കും
ഹൈടെക് പൈപ്പ്‌സ് (ഓഹരി വില: 859.55 രൂപ) ഉത്തർപ്രദേശിലെ സിക്കന്ദ്രബാദിലുള്ള പ്ലാന്റിൽ പ്രതിവർഷം 50,000 ടൺ ശേഷിയുള്ള കളർ കോട്ടിംഗ് ലൈനിന്റെ വാണിജ്യ ഉൽപ്പാദനം ആരംഭിച്ചതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ഒഎൻജിസി (ഓഹരി വില: 149.55 രൂപ) യുടെ മൊബൈൽ ഓഫ്‌ഷോർ പ്രൊഡക്ഷൻ യൂണിറ്റായ ഡ്രില്ലിംഗ് റിഗ് 'സാഗർ സാമ്രാട്ട്' പ്രതിദിനം 20,000 ബാരൽ ക്രൂഡ് ഓയിൽ കൈകാര്യം ചെയ്യും. പ്രതിദിനം പരമാവധി കയറ്റുമതി വാതക ശേഷി 2.36 ദശലക്ഷം ക്യുബിക് മീറ്റർ ആകും; കൂടാതെ പ്രതിദിനം 6,000 ബാരൽ ശേഷി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുഎസ് ആസ്ഥാനമായുള്ള ഉപഭോക്തൃ ഇന്റലിജൻസ് ഐടി സ്ഥാപനമായ അഡാറ ഇങ്കിനെ 16.1 മില്യൺ ഡോളറിന്, ഏകദേശം 132.4 കോടി രൂപയ്ക്ക്, ഏറ്റെടുക്കുമെന്ന് സോഫ്റ്റ്‌വെയർ ആസ്-എ-സർവീസ് കമ്പനിയായ റേറ്റ്‌ഗെയിൻ ട്രാവൽസ് (ഓഹരി വില: 295.00 രൂപ) ചൊവ്വാഴ്ച ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു. .
ഗോദ്‌റെജ് പ്രോപ്പർട്ടീസ് (ഓഹരി വില: 1243.10 രൂപ) ഗുരുഗ്രാമിൽ 300 കോടി രൂപയ്ക്ക് 9 ഏക്കർ സ്ഥലം വാങ്ങിയതായി കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. ഏകദേശം 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പദ്ധതിക്ക് ഏകദേശം 2,500 കോടി രൂപയുടെ വരുമാന സാധ്യതയാണ് കണക്കാക്കുന്നത്.
2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ വായ്പാ വളർച്ച 21.81 ശതമാനം വർധിച്ച് 1.57 ലക്ഷം കോടി രൂപയിലെത്തിയെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര (ഓഹരി വില: 32.10 രൂപ) അറിയിച്ചു. 2021 ഡിസംബർ 31ന് അവസാനിച്ചപ്പോൾ മൊത്തം വായ്പ 1.29 ലക്ഷം കോടി രൂപയായിരുന്നു.
2021-22 കാലയളവിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റാദായം 50.87 ശതമാനം ഉയർന്ന് 2.49 ലക്ഷം കോടി രൂപയിലെത്തി; ഒഎൻജിസി (ഓഹരി വില: 149.55 രൂപ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഓഹരി വില: 78.50 രൂപ), പവർ ഗ്രിഡ് (ഓഹരി വില: 215.60 രൂപ), എൻടിപിസി (ഓഹരി വില: 167.60 രൂപ), സെയിൽ (ഓഹരി വില: 88.35 രൂപ) എന്നിവ മികച്ച അഞ്ച് കമ്പനികളായി ഉയർന്നു.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,095 രൂപ (+60 രൂപ)
യുഎസ് ഡോളർ = 83.00 രൂപ (+22 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 82.28 ഡോളർ (+0.19%)
ബിറ്റ് കോയിൻ = 14,36,931 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.18 ശതമാനം താഴ്ന്ന് 104.25 ആയി.
ഐ പി ഓ
പോളിമർ നിർമ്മാതാക്കളായ സഹ് പോളിമേഴ്‌സ്ന്റെ (Sah Polymers) ഐ പി ഓ ചൊവ്വാഴ്ച്ച മൂന്നാം ദിവസം 5.35 തവണ സബ്‌സ്‌ക്രൈബുചെയ്‌തു. ജനുവരി 4-ന് (ഇന്ന്) അവസാനിക്കുന്ന 66 കോടി രൂപയുടെ ഇഷ്യൂവിന് ഒരു ഷെയറിന് ₹61 മുതൽ ₹65 വരെയാണ് വില. ഉദയ്‌പൂർ ആസ്ഥാനമായുള്ള കമ്പനി, പ്രാഥമികമായി പോളിപ്രൊഫൈലിൻ, പോളിയെത്തിലീൻ ബാഗുകൾ, നെയ്ത ചാക്കുകൾ, നെയ്ത തുണിത്തരങ്ങൾ, പോളിമർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്നിവയാണ് നിർമിക്കുന്നത്.