വിശ്വാസത്തിൻറെ ബലത്തിൽ നഷ്ടം മറികടന്ന് വിപണി

Update: 2022-11-16 05:58 GMT

stock market project learning 


മുംബൈ: ഏഷ്യന്‍ വിപണികളിലെ മോശം പ്രവണതകള്‍ക്കു പിന്നാലെ ഇന്ത്യന്‍ വിപണിയും ഇന്ന് നഷ്ടത്തിലാണ് തുടങ്ങിയത്. സെന്‍സെക്‌സ് 164.36 പോയിന്റ് താഴ്ന്ന് 61,708.63 ലും, നിഫ്റ്റി 44.4 പോയിന്റ് ഇടിഞ്ഞ് 18,359 ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ വിപണി പിന്നീട് നേട്ടത്തിലേക്ക് നീങ്ങി. രാവിലെ 11.06 ന് സെന്‍സെക്‌സ് 116.03 പോയിന്റ് നേട്ടത്തില്‍ 61.989.02 ലും, നിഫ്റ്റി 20.05 പോയിന്റ് ഉയര്‍ന്ന് 18,423. ലുമാണ് വ്യാപാരം നടത്തുന്നത്.

ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിട്ടത്. ഡോ റെഡ്ഡീസ്, മാരുതി, ടിസിഎസ്, അള്‍ട്രടെക് സിമെന്റ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച്ച അമേരിക്കന്‍ വിപണികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

' വിപണി ഇന്‍ട്രാ-ഡേ ചാഞ്ചാട്ടങ്ങള്‍, അമേരിക്കയിലെ മയപ്പെടുന്ന പണപ്പെരുപ്പം, ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന കുറവ്, യുഎസ് ഫെഡ് നിരക്കുയര്‍ത്തല്‍ മന്ദഗതിയിലാക്കുമെന്നുള്ള പ്രതീക്ഷ, ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നുള്ള വിശ്വാസം ഇതൊക്കെയാണ് നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് ഊര്‍ജ്ജം പകരുന്നത്,' മേത്ത ഇക്വിറ്റീസ് റിസേര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്‌സെ അഭിപ്രായപ്പെട്ടു.

ഇന്നലെ സെന്‍സെക്‌സ് 248.84 പോയിന്റ് ഉയര്‍ന്ന് 61,872.99 ലും, നിഫ്റ്റി 74.25 പോയിന്റ് നേട്ടത്തോടെ 18,403.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.25 ശതമാനം താഴ്ന്ന് 93.63 ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 221.32 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News