ഏറ്റവും മൂല്യമുള്ള പൊതുമേഖലാ കമ്പനിയായി എല്‍ഐസി
- എസ്‍ബിഐ രണ്ടാം സ്ഥാനത്തേക്ക് നീങ്ങി
- ഒരാഴ്ചയ്ക്കിടെ 9 ശതമാനത്തിലധികം നേട്ടമാണ് എല്‍ഐസി നല്‍കിയത്
- എല്‍ഐസി വിപണിയില്‍ അരങ്ങേറിയത് 2022 മേയില്‍
എസ്ബിഐയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി എല്‍ഐസി. കഴിഞ്ഞ ഒരാഴ്ചയായി ഓഹരി മൂല്യത്തില്‍ ഉണ്ടായ കുതിപ്പാണ് എല്‍ഐസിയെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. ഒരാഴ്ചയ്ക്കിടെ 9 ശതമാനത്തിലധികം നേട്ടമാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ നല്‍കിയത്.
ഇന്ന് ഇടവ്യാപാരത്തിനിടെ എൽഐസി ഓഹരികൾ 3 ശതമാനത്തിലധികം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും വലിയ ഉയരമായ 919.45 രൂപയിലെത്തി. ഇതോടെയാണ് വിപണി മൂല്യത്തില്‍ സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മറികടന്ന എല്‍ഐസി ഏറ്റവും മൂല്യമുള്ള പൊതുമേഖലാ കമ്പനിയായത്. ഈ ഘട്ടത്തില്‍ എല്‍ഐസിയുടെ വിപണി മൂല്യം 5.75 ലക്ഷം കോടി രൂപയ്ക്ക് മുകളിലായിരുന്നു. അതേസമയം, രാവിലെ സെഷനിൽ എസ്ബിഐയുടെ വിപണി മൂല്യം ഏകദേശം 5.65 ലക്ഷം കോടി രൂപയായിരുന്നു.
25 ശതമാനം പൊതുഓഹരി പങ്കാളിത്തം വേണമെന്ന നിബന്ധനയില്‍ എല്‍ഐസിക്ക് ഇളവുനല്‍കുന്നതായി കഴിഞ്ഞ മാസ, ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഈ ഇളവ് സര്‍ക്കാര്‍ ഓഫര്‍ ഫോര്‍ സെയിലുമായി രംഗത്തെത്താനുള്ള സാധ്യത കുറച്ചിരിക്കുകയാണ്. ഇതിനു ശേഷം എല്‍ഐസി ഓഹരികളില്‍ പൊതുവില്‍ മുന്നേറ്റം പ്രകടമായി. ഇന്നലെ ആദ്യമായാണ് ഈ ഓഹരി ലിസ്‍റ്റ് ചെയ്ത വിലയ്ക്ക് മുകളിലേക്ക് എത്തിയത്.
2022 മെയ് മാസത്തിലാണ്, എൽഐസി ഐപിഒയിലൂടെ 3.5 ശതമാനം ഓഹരി സർക്കാർ വിറ്റഴിച്ചത്. ഇത് ഏകദേശം 21,000 കോടി രൂപ വിലമതിക്കുന്ന ഓഫര്‍ ഫോര്‍ സെയിലായിരുന്നു. ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഐപിഒ ആണിത്.