ഫെഡറൽ റിസർവിന്റെ മിനിറ്റ്സ് ആഭ്യന്തര വിപണിയെ മുന്നോട്ടു നയിക്കാം
- 2047-ഓടെ ഇന്ത്യയുടെ ജിഡിപി 20 ട്രില്യൺ ഡോളറിന് അടുത്തായിരിക്കുമെന്നും പ്രതിശീർഷ വരുമാനം 10,000 യുഎസ് ഡോളറിൽ എത്തുമെന്നും (യുഎസ് ഡോളറിന്റെ നിലവിലെ മൂല്യത്തിൽ) പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയ്
- സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് 28.00 പോയിന്റ് ഉയന്നാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതും ആഭ്യന്തര വിപണിക്ക് പ്രത്യാശ നൽകുന്നു.
- സ്വർണവും മറ്റു ലോഹങ്ങളുമെല്ലാം ഉയർന്നപ്പോൾ ബോണ്ടുകൾ താഴേക്ക് പോയി. ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു; ബ്രെന്റ് കരാർ 3.2 ശതമാനം ഇടിഞ്ഞ് ബാരലിന് 79.47 ഡോളറിലെത്തി.
കൊച്ചി: ലോകമെമ്പാടുമുള്ള ഓഹരി നിക്ഷേപകർ കാത്തിരുന്ന ഫെഡറൽ റിസർവിന്റെ ഡിസംബർ മീറ്റിംഗിന്റെ മിനിറ്റ്സ് പുറത്തായതോടെ വിപണികൾ മുന്നോട്ട് കുതിച്ചു. ആ മിനിറ്റ്സ്ൽ പറയുന്നത് പോളിസി കമ്മിറ്റി അംഗങ്ങളെല്ലാം പലിശ നിരക്ക് കുറഞ്ഞ വേഗതയിൽ ഉയർത്തുന്നതിനെ ഏകകണ്ഠമായി പിന്തുണച്ചിരുന്നു എന്നാണ്. എങ്കിലും പണപ്പെരുപ്പം പിടിച്ചു നിർത്താൻ ഇനിയും പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്ന സൂചനയും അത് നൽകുന്നുണ്ട്. തുടർന്ന് സ്വർണവും മറ്റു ലോഹങ്ങളുമെല്ലാം ഉയർന്നപ്പോൾ ബോണ്ടുകൾ താഴേക്ക് പോയി. ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു; ബ്രെന്റ് കരാർ 3.2 ശതമാനം ഇടിഞ്ഞ് ബാരലിന് 79.47 ഡോളറിലെത്തി.
2022 ൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ 4.4 ശതമാനം വളർന്നുവെന്ന് പ്രസിഡന്റ് ഷി ജിൻപിംഗ് അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇത് പ്രതീക്ഷിച്ചതിലും വലിയ വളർച്ചയാണ്, എന്നാൽ വരും മാസങ്ങളിലും കോവിഡ് ഒരു ആശങ്ക തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നലെ പുറത്തിറങ്ങിയ ഫ്രഞ്ച് പണപ്പെരുപ്പ കണക്കുകളും ആശാവഹമായിരുന്നു. നവംബറിലെ 7.1 ശതമാനത്തിൽ നിന്ന് ഡിസംബറിൽ അത് 6.7 ശതമാനമായി കുറഞ്ഞു. ഇത് 7.2 ശതമാനമായി ഉയരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്.
2047-ഓടെ ഇന്ത്യയുടെ ജിഡിപി 20 ട്രില്യൺ ഡോളറിന് അടുത്തായിരിക്കുമെന്നും പ്രതിശീർഷ വരുമാനം 10,000 യുഎസ് ഡോളറിൽ എത്തുമെന്നും (യുഎസ് ഡോളറിന്റെ നിലവിലെ മൂല്യത്തിൽ) പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയ് ബുധനാഴ്ച പറഞ്ഞു.
ഇന്ത്യൻ സേവന മേഖലയുടെ വളർച്ചയാകട്ടെ ഡിസംബറിൽ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി; പുതിയ ജോലിയുടെ ശക്തമായ പങ്കാളിത്തവും അനുകൂലമായ വിപണി സാഹചര്യങ്ങളും ഇതിനെ പിന്തുണച്ചതായാണ് ഇന്നലെ ഇറങ്ങിയ ഒരു പ്രതിമാസ സർവേ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി വളരെ നല്ല രീതിയിലാണ് മുന്നേറുന്നതെന്നും കണക്കുകൾ കാണിക്കുന്നു. 2017 ലെ 66,539 കോടി രൂപയുടെ അറ്റാദായത്തിൽ നിന്ന് 85,390 കോടി രൂപയുടെ അറ്റാദായമാണ് അവ രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ ഇത് 1 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലിൽ എത്തുമെന്ന് കണക്കാക്കപ്പെടുന്നു.
ഈ ലോക സംഭവങ്ങളുടെ ചുവട് പിടിച്ച് ആഭ്യന്തര വിപണി ഇന്നലത്തെ നഷ്ടം നികത്തി ഇന്ന് മുന്നോട്ട് നീങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് 28.00 പോയിന്റ് ഉയന്നാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതും ആഭ്യന്തര വിപണിക്ക് പ്രത്യാശ നൽകുന്നു.
ഇന്നലെ സെൻസെക്സ് 636.75 പോയിന്റ് താഴ്ന്ന് 60,657.45 ലും നിഫ്റ്റി 189.60 പോയിന്റ് താഴ്ന്നു 18,042.95 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 466.45 പോയിന്റ് ഇടിഞ്ഞു 42,958.80 ൽ അവസാനിച്ചു.
കേരള കമ്പനികൾ
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ എഫ് എ സി ടി, മുത്തൂറ്റ് ഫിനാൻസ്, വണ്ടർ ല എന്നിവ പച്ചയിൽ അവസാനിച്ചപ്പോൾ ബാക്കി എല്ലാം നഷ്ടത്തിൽ കലാശിച്ചു. റിയാലിറ്റി കമ്പനികളായ പുറവങ്കരയും, പി എൻ സി ഇൻഫ്രയും ശോഭയും നഷ്ട്ടത്തിലായിരുന്നു.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 4) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 773.58 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -2,620.89 കോടി രൂപയുടെ അറ്റ വില്പനക്കാരായി.
ലോക വിപണി
ഇന്ന് ഏഷ്യൻ വിപണികൾ പൊതുവെ ഉയർച്ചയിലാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ഹായ് (19.80), തായ്‌വാൻ (95.91) ഹോങ്കോങ് ഹാങ്‌സെങ് (302.05), ജപ്പാൻ നിക്കേ (87.26), സൗത്ത് കൊറിയൻ കോസ്‌പി (7.59) എന്നിവ നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ ജക്കാർത്ത കോമ്പസിറ്റ് (-112.73) മാത്രം ഇടിഞ്ഞിട്ടുണ്ട്.
ഇന്നലെ ആഗോള വിപണികൾ കുതിച്ചുയർന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് (+133.40), എസ് ആൻഡ് പി 500 (+28.83), നസ്‌ഡേക് കോമ്പസിറ്റ് (+71.78) എന്നിവഎല്ലാം നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.
യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+309.11), പാരീസ് യുറോനെക്സ്റ്റ് (+152.54), ലണ്ടൻ ഫുട്‍സീ (+31.10) എന്നിവയും മുന്നേറി.
വിദഗ്ധാഭിപ്രായം
കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി സൂചിക തെറ്റായ ബ്രേക്ക്ഔട്ടിനു ഇന്നലെ സാക്ഷ്യം വഹിച്ചു. സൂചിക 42,500-42,00 സോണിലേക്കുള്ള നീങ്ങണമെങ്കിൽ ഒരു ഫോളോ-അപ്പ് വിൽപ്പന ആവശ്യമാണ്; അത് ബുള്ളുകൾക്ക് ഒരു മേക്ക് അല്ലെങ്കിൽ ബ്രേക്ക് ലെവലായി പ്രവർത്തിക്കും. അണ്ടർ ടോൺ ബേറിഷ് ആയി തുടരുന്നു, 43,400-43,500 സോണിൽ ഉയരുമ്പോൾ ഉടനടി വിൽക്കുക എന്ന സമീപനം നിലനിർത്തണം.
രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ഭാവിയിൽ കൂടുതൽ ഇടിവുകൾ സാധ്യമാണ്, അത് നിഫ്റ്റി സൂചികയെ 17,950 ലേക്ക് താഴ്ത്തിയേക്കാം. വീണ്ടും, സൂചിക 17,950 ന് താഴെ, 17,800 ലേക്ക് വഴുതി വീഴാം. ഉയർന്ന തലത്തിൽ, 18,155-18,200 ഉടനടി പ്രതിരോധമായി പ്രവർത്തിച്ചേക്കാം, അതിന് മുകളിൽ ബുള്ളുകൾ ശക്തി പ്രാപിക്കാനിടയുണ്ട്.
ശ്രദ്ധിക്കേണ്ട ഓഹരികൾ
മുമ്പ് ക്രോമ്പ്ടൻ ഗ്രീവ്സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസിനും (ഓഹരി വില: 274.30 രൂപ) അതിന്റെ മുൻ പ്രൊമോട്ടർ ഗൗതം ഥാപ്പറിനുമെതിരെ സിബിഐ 2,435 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽകുറ്റപത്രം സമർപ്പിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര (ഓഹരി വില: 31.45 രൂപ), ആക്‌സിസ് ബാങ്ക് (ഓഹരി വില: 957.45 രൂപ), യെസ് ബാങ്ക് (ഓഹരി വില: 21.35 രൂപ), കോർപ്പറേഷൻ ബാങ്ക്, ബാർക്ലേയ്‌സ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് (ഓഹരി വില: 1223.10 രൂപ) എസ്ബിഐ (ഓഹരി വില: 605.20 രൂപ) എന്നിവയുൾപ്പെടുന്ന 12 ബാങ്കുകളാണ് വഞ്ചിക്കപ്പെട്ടത്.
ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ് (ഓഹരി വില: 319.50 രൂപ) ബുധനാഴ്ച ഒരു ഷെയറിന് 10 രൂപ മുഖവിലയുള്ള നിലവിലുള്ള ഇക്വിറ്റി ഷെയറുകൾ ഒരു ഷെയറിന് 1 രൂപ മുഖവിലയുള്ള 10 ഷെയറുകളായി വിഭജിക്കാൻ അംഗീകാരം നൽകി.
ഇഷ്യൂ വിലയായ 94 രൂപയ്‌ക്കെതിരെ ഏകദേശം 10 ശതമാനം പ്രീമിയവുമായി റേഡിയന്റ് ക്യാഷ് മാനേജ്‌മെന്റ് സർവീസസിന്റെ ഓഹരികൾ വിപണിയിൽ അരങ്ങേറ്റം കുറിച്ചു. എൻ എസ് ഇ-യിൽ ഇന്നലെ വില 104.90 രൂപയിലെത്തി.
2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ വായ്പ 19.5 ശതമാനം വർദ്ധനവോടെ 15 ലക്ഷം കോടി രൂപയായതായി എച്ച്‌ഡിഎഫ്‌സി ബാങ്ക് (ഓഹരി വില: 319.50 രൂപ) ബുധനാഴ്ച അറിയിച്ചു. 2021 ഡിസംബർ 31 അവസാനത്തോടെ ബാങ്കിന് 12.6 ലക്ഷം കോടി രൂപയുടെ കുടിശ്ശിക വായ്പയുണ്ടായിരുന്നു.
റീട്ടെയിൽ ശൃംഖലയായ ഡി-മാർട്ടിന്റെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ അവന്യൂ സൂപ്പർമാർട്ട് ലിമിറ്റഡ് (ഓഹരി വില: 3924.20 രൂപ), 2022 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 24.7 ശതമാനം വർധിച്ച് 11,304.58 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,110 രൂപ (-15 രൂപ)
യുഎസ് ഡോളർ = 82.77 രൂപ (-23 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 78.42 ഡോളർ (-0.75%)
ബിറ്റ് കോയിൻ = 14,31,091 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.06 ശതമാനം താഴ്ന്ന് 103.97 ആയി.
ഐ പി ഓ
പോളിമർ നിർമ്മാതാക്കളായ സഹ് പോളിമേഴ്‌സ്ന്റെ (Sah Polymers) ഐ പി ഓ ഇന്നലെ അവസാന ദിവസം 17.46 തവണ സബ്‌സ്‌ക്രൈബുചെയ്‌തു. എൻഎസ്ഇയിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഓഫറിലെ 56,10,000 ഓഹരികൾക്കെതിരെ 9,79,44,810 ഓഹരികൾക്കാണ് പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ബിഡ് ലഭിച്ചത്. ഉദയ്‌പൂർ ആസ്ഥാനമായുള്ള കമ്പനി, പ്രാഥമികമായി പോളിപ്രൊഫൈലിൻ, പോളിയെത്തിലീൻ ബാഗുകൾ, നെയ്ത ചാക്കുകൾ, നെയ്ത തുണിത്തരങ്ങൾ, പോളിമർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്നിവയാണ് നിർമിക്കുന്നത്.