ചൈനീസ് ഓഹരികളുടെ വിലക്കുറവിൽ വിദേശ നിക്ഷേപകർ വിപണിയൊഴിയുന്നു
- വിദേശ നിക്ഷേപകർ ഈ മാസം ഇതുവരെ 17,000 കോടി രൂപ ആഭ്യന്തര വിപണിയിൽ നിന്നും പിൻവലിച്ചു.
- വെള്ളിയാഴ്ച സെൻസെക്സ് 874.16 പോയിന്റ് ഇടിഞ്ഞ് 59,330.90 ലും നിഫ്റ്റി 287.60 പോയിന്റ് താഴ്ന്ന് 17,604.35 ലുമാണ് വ്യപരമവസാനിപ്പിച്ചത്
- എൽഐസി അദാനി എന്റർപ്രൈസസ്ന്റെ 9,15,748 ഓഹരികൾ കൂടി 300 കോടി രൂപക്ക് വാങ്ങി
കൊച്ചി: കഴിഞ്ഞ ബുധനാഴ്ച ഹിൻഡൻബർഗ് കൊടുങ്കാറ്റിൽ അദാനി ഓഹരികൾ ആടിയുലഞ്ഞ ശേഷം പിന്നീടുള്ള രണ്ടു സെഷനുകളിലായി നിഫ്റ്റി 50 സൂചിക ഇടിഞ്ഞത് 513.95 പോയിന്റാണ്; സെൻസെക്സ് താഴ്ന്നത് 1,647.85 പോയിന്റും.
ഈ ആഘാതത്തിൽ വെള്ളിയാഴ്ച എൻഎസ്ഇയിൽ അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി എന്നിവ 20.00 ശതമാനം വീതവും, അദാനി എന്റർപ്രൈസസ് 18.52 ശതമാനവും, അദാനി പോർട്‌സ് 16.29 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 5.59 ശതമാനവും അദാനി വിൽമർ, അദാനി പവർ എന്നിവ 5 ശതമാനം വീതവും ഇടിഞ്ഞു. അടുത്തിടെ ഏറ്റെടുത്ത സിമന്റ് കമ്പനികളായ അംബുജ സിമന്റ്‌സ് 17.33 ശതമാനവും, എസിസി 13.20 ശതമാനവും ഇടിഞ്ഞപ്പോൾ എൻഡിടിവി 4.99 ശതമാനം താഴ്ന്നു. അതായത് ഏകദേശം 4 ലക്ഷം കോടി രൂപയാണ് രണ്ടു ദിവസം കൊണ്ട് അദാനി ഗ്രൂപ്പിന് നഷ്ടമായത്. സാങ്കൽപ്പിക വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ആരോപണങ്ങളാണ് ഹിൻഡൻബർഗ് ഉയർത്തിയിട്ടുള്ളതെന്ന് അദാനി ഇന്നലെ പറഞ്ഞു.
വെള്ളിയാഴ്ച സെൻസെക്സ് 874.16 പോയിന്റ് ഇടിഞ്ഞ് 59,330.90 ലും നിഫ്റ്റി 287.60 പോയിന്റ് താഴ്ന്ന് 17,604.35 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റിയാകട്ടെ 1301.35 പോയിന്റാണ് കൂപ്പുകുത്തിയത്.
യൂണിയൻ ബജറ്റിനും യുഎസ് ഫെഡറൽ റിസർവ് യോഗത്തിനും മുന്നോടിയായി വിദേശ നിക്ഷേപകർ ഈ മാസം ഇതുവരെ 17,000 കോടി രൂപ ആഭ്യന്തര വിപണിയിൽ നിന്നും പിൻവലിച്ചു. ഓഹരി വിലക്കുറവ് മൂലം ചൈനീസ് വിപണികളിലേക്കാണ് വിദേശീയർ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്.
എന്നാൽ, ആഗോള തലത്തിലുള്ള ഈ പ്രതിസന്ധികൾക്കിടയിലും, ഇന്ത്യയിലെ ലയനങ്ങളും ഏറ്റെടുക്കലുകളും മറ്റ് കോർപ്പറേറ്റ് ഡീലുകളും 2021 ൽ നിന്ന് 29 ശതമാനം വർധിച്ച് 159 ബില്യൺ ഡോളറിലെത്തിയതായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്ന്റെ വാർഷിക അവലോകന റിപ്പോർട്ട് പറയുന്നു.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് 38.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് ബജാജ് ഫിൻസെർവ്, ബജാജ് ഹോൾഡിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്, സിഎസ്ബി ബാങ്ക്, ഭാരത് പെട്രോളിയം, എംകെ ഗ്ലോബൽ ഫിനാൻഷ്യൽ, എക്സൈഡ് ഇൻഡസ്ട്രീസ്, ലാർസൻ ആൻഡ് ടൂബ്രോ, മംഗലാപുരം റിഫൈനറി ആൻഡ് പെട്രോ, മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, പഞ്ചാബ് നാഷണൽ ബാങ്ക്, എസ്ആർഎഫ് ലിമിറ്റഡ്, വെൽസ്പൺ ഇന്ത്യ എന്നീ കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.
കേരള കമ്പനികൾ
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ജ്യോതി ലാബ് ഒഴികെ എല്ലാ ഓഹരികളും നഷ്ടത്തിൽ കലാശിച്ചു. റിയാലിറ്റി കമ്പനിയായ പുറവങ്കര 2 ശതമാനത്തിലേറെ ഇടിഞ്ഞു. ധനലക്ഷ്‌മി ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും 4 ശതമാനത്തിലേറെ താഴ്ന്നു.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച (ജനുവരി 27) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 4,252.33 കോടി രൂപക്ക് അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -5,977.86 കോടി രൂപക്ക് അധികം വിറ്റു.
ലോക വിപണി
ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ നേട്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ങ്ഹായ് (34.71), തായ്‌വാൻ (433.39), ജപ്പാൻ നിക്കേ (73.81), ജക്കാർത്ത കോമ്പോസിറ്റ് (34.16) എന്നിവയെല്ലാം ഉയർന്നാണ് ആരംഭിച്ചിട്ടുള്ളത്. എന്നാൽ, ഹോങ്കോംഗ് ഹാങ്ങ് സെങ് (-109.02), ദക്ഷിണ കൊറിയ കോസ്‌പി (-0.88) എന്നിവ നഷ്ടത്തിൽ തുടരുന്നു.
വെള്ളിയാഴ്ച യുഎസ്-ൽ ഡൗ ജോൺസ് +28.67 പോയിന്റും എസ് ആൻഡ് പി 500 +10.13 പോയിന്റും നസ്‌ഡേക് +109.30 പോയിന്റും നേട്ടത്തിൽ അവസാനിച്ചു..
യൂറോപ്പിലും നേരിയ നേട്ടത്തിലായിരുന്നു വ്യാപാരം; ലണ്ടൻ ഫുട്‍സീ (+4.04) ഫ്രാങ്ക്ഫർട് ഡി എ എക്സ് (+17.18) പാരീസ് യുറോനെക്സ്റ്റ് (+1.22) എന്നിവ പച്ചയിലാണ് അവസാനിച്ചത്.
ശ്രദ്ധിക്കേണ്ട ഓഹരികൾ
അദാനിക്കെതിരെയുള്ള തട്ടിപ്പ് ആരോപണങ്ങളെത്തുടർന്നു കമ്പനിയുടെ സ്റ്റോക്ക് വിലയിൽ ഇടിവുണ്ടായിട്ടും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (ഓഹരി വില: 665.95 രൂപ) അദാനി എന്റർപ്രൈസസ്ന്റെ പുതിയ ഓഹരി വിൽപ്പനയിൽ 300 കോടി രൂപ നിക്ഷേപിച്ച് 9,15,748 ഓഹരികൾ കൂടി വാങ്ങിയതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗ് പറയുന്നു.
ആദ്യമായി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഓഹരി വില: 81.00 രൂപ) ആളില്ലാ വിമാനങ്ങളിലും ചെറുവിമാനങ്ങളിലും ഉപയോഗിക്കുന്ന ഇന്ധനമായ ഏവിയേഷൻ ഗ്യാസോലിൻ കയറ്റുമതി ആരംഭിച്ചു.
സ്വകാര്യ മേഖലയിലെ ഡിസിബി ബാങ്ക്ന്റെ (ഓഹരി വില: 81.00 രൂപ) ലാഭം 2022 ഡിസംബർ പാദത്തിൽ 52 ശതമാനം വർധിച്ച് 114 കോടി രൂപയായി.
2022 ഡിസംബർ പാദത്തിൽ റിലയൻസ് പവർന്റെ (ഓഹരി വില: 12.65 രൂപ) ഏകീകൃത അറ്റ നഷ്ടം 291.54 കോടി രൂപയായി ഉയർന്നതായി കമ്പനി ശനിയാഴ്ച അറിയിച്ചു.
റിയൽറ്റി സ്ഥാപനമായ മാക്രോടെക് ഡെവലപ്പേഴ്‌സ് (ഓഹരി വില: 1011.55 രൂപ) തങ്ങളുടെ അറ്റ കടം ഈ കലണ്ടർ വർഷാവസാനത്തോടെ ഏകദേശം 40 ശതമാനം കുറച്ച് 5,000 കോടി രൂപയായി കുറയ്ക്കാൻ ലക്ഷ്യമിടുന്നതായി കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
പൊതുമേഖലാ പവർ ഭീമനായ എൻടിപിസിയുടെ (ഓഹരി വില: 166.30 രൂപ) ഡിസംബർ പാദത്തിലെ ഏകീകൃത അറ്റാദായം 5 ശതമാനം ഉയർന്ന് 4,854.36 കോടി രൂപയായി.
ബജാജ് ഫിനാൻസ് (ഓഹരി വില: 5770.05 രൂപ) ഡിസംബറിലെ ഏറ്റവും ഉയർന്ന ത്രൈമാസ ഏകീകൃത അറ്റാദായമായ 2,973 കോടി രൂപ നേടി; ഇത് വർഷത്തിൽ 40 ശതമാനം വളർച്ചയാണ്.
പ്രധാനമായും ഭക്ഷ്യ എണ്ണ ബിസിനസിൽ പ്രവർത്തിക്കുന്ന പതഞ്ജലി ഫുഡ്‌സ്ന്റെ (ഓഹരി വില: 1104.20 രൂപ) ഡിസംബർ പാദത്തിലെ അറ്റാദായം 15 ശതമാനം വർധിച്ച് 269.18 കോടി രൂപയായി.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,265 രൂപ (0 രൂപ)
യുഎസ് ഡോളർ = 81.59 രൂപ (+2 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 87.08 ഡോളർ (+0.48%)
ബിറ്റ് കോയിൻ = 20,14,000 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.10 ശതമാനം ഉയർന്ന് 101.73 ആയി.