കരുത്തായി ആഭ്യന്തര -വിദേശ നിക്ഷേപങ്ങൾ| അറിയാം മാക്രോ ട്രെൻഡ്

  • ഫെബ്രുവരിയിൽ സേവന മേഖലയുടെ വളർച്ച ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
  • പണപ്പെരുപ്പം തുടർച്ചയായ ആറാം മാസവും ആർബിഐ സഹനപരിധിക്കുള്ളിൽ
  • പലിശ നിരക്ക് കുറയ്ക്കലിലേക്കുള്ള ദൂരം കുറയുന്നുവോ?

Update: 2024-03-16 13:36 GMT


ഇന്ത്യയുടെ മാക്രോ തലത്തിൾ ശ്രദ്ധ നേടിയത് ഫെബ്രുവരിയിലെ റീറ്റെയ്ൽ(CPI), മൊത്തവില (wholesale price) പണപ്പെരുപ്പ കണക്കുകളായിരുന്നു. രാജ്യത്തിന്റെ റീട്ടെയിൽ പണപ്പെരുപ്പം 5.09 ശതമാനമായി രേഖപ്പെടുത്തി. തുടർച്ചയായ ആറാം മാസവും പണപ്പെരുപ്പം ആർബിഐ സഹനപരിധിക്കുള്ളിൽ തന്നെയാണ് എന്നത് ആശ്വാസജനകമാണ്. എന്നാൽ മൊത്തത്തിലുള്ള ഉപഭോക്തൃ വിലയുടെ പകുതിയോളം വരുന്ന ഭക്ഷ്യ പണപ്പെരുപ്പം ജനുവരിയിലെ 8.3 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ 8.66 ശതമാനമായി ഉയർന്നു . ഏപ്രിലിലെ ആർബിഐ പണനയത്തോട് അടുക്കുമ്പോൾ, കോർ പണപ്പെരുപ്പം(core inflation) അതായത് ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഒഴികെയുള്ള പണപ്പെരുപ്പം 3.3 ശതമാനമായി കുറഞ്ഞത് പ്രതീക്ഷ നൽകുകയാണ്. 2012 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഒപ്പം പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന കണക്കുകൾ എന്ന നിലയിൽ മൊത്തവില പണപ്പെരുപ്പ കണക്കുകളിൽ ഉണ്ടായ ഇടിവും പ്രാധാന്യമർഹിക്കുന്നുണ്ട്.

ഇന്ത്യയുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയിലെ 0.27 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 0.20 ശതമാനത്തിലെത്തി. ഡബ്ല്യുപിഐ പണപ്പെരുപ്പം ഏപ്രിൽ മുതൽ ഒക്ടോബർ വരെ നെഗറ്റീവ് സോണിൽ ആയിരുന്നു. തുടർന്ന് ഭക്ഷ്യവസ്തുക്കൾ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, വൈദ്യുതി, യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ, മോട്ടോർ വാഹനങ്ങൾ, ട്രെയിലറുകൾ, സെമി ട്രെയിലറുകൾ തുടങ്ങിയവയുടെ വിലയിലുണ്ടായ വർധനവാണ് പണപ്പെരുപ്പ നിരക്ക് നെഗറ്റീവ് സംഖ്യയിൽ നിന്നും പോസിറ്റീവിലേക്ക് ഉയർത്തിയത്. എന്നാൽ ഫെബ്രുവരിയിലേക്ക് എത്തിയപ്പോൾ ഇതിൽ ഒരു മാർജിനൽ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം തന്നെ ജിഡിപി (GDP) വളർച്ചാ പ്രവചനം മുൻപുണ്ടായിരുന്ന 6.5 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഫിച്ച് റേറ്റിംഗ് ഉയർത്തിയതും, പുറത്തുവന്ന അനുകൂല അടിസ്ഥാന പണപ്പെരുപ്പ കണക്കുകളും എല്ലാം പലിശ നിരക്ക് കുറയ്ക്കലിലേക്കുള്ള ദൂരം കുറയുന്നു എന്നത് തന്നെയാണ് അടിവരയിടുന്നത്.

മാർച്ച് 20 നു വരുന്ന മണി സപ്ലൈ കണക്കുകളും , അടുത്ത ദിവസമായ മാർച്ച് 21 നു വരുന്ന നിക്കേ എസ്&പി ഗ്ലോബൽ മാനുഫാക്ചേറിങ് പിഎംഐ (Nikkei S&P Global Manufacturing PMI), നിക്കേ സർവീസസ് പിഎംഐ ഡാറ്റകളുമാണ് വരുന്ന വാരത്തിൽ വിപണിക്ക് നിർണ്ണായകമാവുക. ഇന്ത്യയുടെ സേവന മേഖലയുടെ വളർച്ച ഫെബ്രുവരിയിൽ 7 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 57.5 ൽ എത്തിയിരുന്നു. കയറ്റുമതിയിലെ ഉയർച്ചയും പുതിയ ഓർഡറുകൾ ഉയരുന്നതും കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനുവരിയിലെ 55.5 ൽ നിന്ന് ഫെബ്രുവരിയിൽ 57.5 ആയി ഉയർച്ച രേഖപ്പെടുത്തിയതിനാൽ തന്നെ തുടർന്നും മേഖലയിലെ മുന്നേറ്റം എത്രമാത്രമാണ് എന്നും വിപണി വിലയിരുത്തും.

ഇനി ഫോറെക്സ് കണക്കുകളിലേക്ക് വന്നാൽ രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ക്രമാനുഗത വളർച്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് 8 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 10.47 ബില്യൺ ഡോളർ ഉയർന്ന് 636.1 ബില്യൺ ഡോളറിലെത്തി. 2023 ജൂലൈ 14-ന് അവസാനിച്ച ആഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. വിദേശ കറൻസി ആസ്തി 8.12 ബില്യൺ ഡോളർ വർധിച്ച് 562.35 ബില്യൺ ഡോളറിലുമെത്തി. വിദേശ നിക്ഷേപ കണക്കുകൾ നോക്കിയാൽ ആഴ്ചയിലെ മൂന്ന് ദിവസവും മികച്ച നിക്ഷേപം ഒഴുകിയെത്തിയപ്പോൾ വില്പന സമ്മർദത്തിലും 816.91 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്. ആഭ്യന്തര നിക്ഷേപകരാകട്ടെ 14,147.50 കോടി രൂപയുടെ നിക്ഷേപവും നടത്തിയിട്ടുണ്ട്. ഇന്ത്യൻ ബാങ്കിങ് മേഖല നിക്ഷേപത്തിന് അനുകൂലമാണെന്ന് മൂഡീസ് വിലയിരുത്തൽ വരും ദിവസങ്ങളിലും പുതിയ നിക്ഷേപങ്ങൾക്ക് വഴി തുറന്നേക്കാം.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News