4% ഉയര്‍ന്ന് ഐഷര്‍ മോട്ടോര്‍സ് ഓഹരികള്‍
ഐഷര്‍ മോട്ടോര്‍സിന്‍റെ ടാര്‍ഗറ്റ് വില ജെഫറീസ് ഉയര്‍ത്തിയിരുന്നു
ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 'ബയ്' റേറ്റിംഗ് നിലനിര്‍ത്തുകയും ടാര്‍ഗറ്റ് വില ഉയര്‍ത്തുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ ഐഷര്‍ മോട്ടോര്‍സിന്‍റെ ഓഹരി മൂല്യം കുതിച്ചുയര്‍ന്നു. ഇന്ന് വ്യാപാരത്തിന്‍റെ ആദ്യമണിക്കൂറില്‍ 4 ശതമാനം വരെ ഉയര്‍ച്ചയിലേക്ക് കമ്പനിയുടെ ഓഹരികള്‍ നീങ്ങി. രാവിലെ 10.26 ന് ഉള്ള വിവരം അനുസരിച്ച് എന്‍എസ്ഇയില്‍ 113.35 പോയിന്‍റ് (3.35%) ഉയര്‍ച്ചയോടെ 3,500.00 രൂപയാണ് ഐഷര്‍ മോട്ടോര്‍സ് ഓഹരിയുടെ വില.
ഒരു ഓഹരിക്ക് 4,150 രൂപ എന്ന നിലയിലേക്കാണ് ഐഷര്‍ മോട്ടോര്‍സിന്‍റെ ലക്ഷ്യവില ജെഫറീസ് ഉയർത്തിയിട്ടുള്ളത്. 2023-26 സാമ്പത്തിക വർഷങ്ങളില്‍ കമ്പനിയുടെ പലിശയ്ക്കും തേയ്മാന ചെലവുകള്‍ക്കും മുമ്പുള്ള ലാഭം 62 ശതമാനവും പ്രതി ഓഹരി നേട്ടം 81 ശതമാനവും ഉയരുമെന്ന് ജെഫറീസ് പ്രതീക്ഷിക്കുന്നു.
ഓഗസ്റ്റില്‍ തങ്ങളുടെ വാഹന വില്‍പ്പനയില്‍ 29.4 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. പ്രധാന ബിസിനസ്സായ ട്രക്കുകളുടെയും ബസുകളുടെയും വിഭാഗത്തില്‍ 6,239 വാഹനങ്ങൾ വിറ്റഴിച്ച് 27.5 ശതമാനം വാർഷിക വളർച്ച നേടിയെന്ന് ഒരു റെഗുലേറ്ററി ഫയലിംഗിൽ ഐഷര്‍ മോട്ടോര്‍സ് വ്യക്തമാക്കി.
ഏപ്രിൽ-ജൂൺ പാദത്തില്‍ പ്രവർത്തന വരുമാനം 17.33 ശതമാനം വർധിച്ച് 3,986 കോടി രൂപയായി. ഈ ത്രൈമാസത്തിലെ അറ്റാദായം 50.24 ശതമാനം ഉയർന്ന് 918 കോടി രൂപയായി. പ്രവർത്തന ലാഭം വാർഷികാടിസ്ഥാനത്തിൽ 200 ബേസിസ് പോയിൻറ് വർധിച്ച് 26 ശതമാനമായി.