ഗിഫ്റ്റ് നിഫ്റ്റിയിലെ നേട്ടം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാം

  • നാളത്തെ സംസ്ഥാന എക്സിറ്റ് പോളുകൾക്കായി വിപണി കാത്തിരിക്കാം
  • ചൊവ്വാഴ്ച യുഎസ് സൂചികകൾ നേരിയ ഉയർച്ച നേടി
  • ഏഷ്യൻ വിപണികൾ സമ്മിശ്രമായാണ് തുടക്കം

Update: 2023-11-29 02:38 GMT

കൊച്ചി: എണ്ണവിലയിലും യുഎസ് കടപ്പത്ര ആദായത്തിലും തുടരുന്ന മിതത്വം മൂലം വിപണിയിലെ ആവേശം ഇന്നും നിലനിൽക്കാനാണ് സാധ്യത. ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആന്റ് പി എഫ്‌വൈ 2024 ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 40 ബിപിഎസ് ഉയർത്തി 6.4 ശതമാനമായി ഉയർത്തിയതും ഇന്നലെ ആഭ്യന്തര ഓഹരികൾ ഉയരാൻ കാരണമായി. എങ്കിലും, ഏഷ്യൻ വിപണികൾ പൊതുവെ സമ്മിശ്രമായാണ് തുടങ്ങിയിട്ടുള്ളത്. ഗിഫ്റ് നിഫ്റ്റി രാവിലെ 23.50 പോയിന്റ് ഉയർന്ന് ആരംഭിച്ചത് ഒരു ഗ്യാപ് അപ് തുടക്കത്തിനുള്ള സാധ്യതക്ക് കളമൊരുക്കുന്നു. നാളെ പുറത്തിറങ്ങുന്ന സംസ്ഥാന എക്സിറ്റ് പോളുകൾക്കായി വിപണി കാത്തിരിക്കാനും ഇടയുണ്ട്.

ഇന്നലെ ബിഎസ്ഇ സെൻസെക്‌സ് 204.16 പോയിന്റ് അഥവാ 0.31 ശതമാനം ഉയർന്ന് 66,174.20 ലെവലിലും നിഫ്റ്റി 95.00 പോയിന്റ് അഥവാ 0.48 ശതമാനം വർധിച്ച് 19,889.70 ലെവലിലും ക്ലോസ് ചെയ്തിരുന്നു; എങ്കിലും കഴിഞ്ഞ ആഴ്ച മൊത്തത്തിൽ നോക്കിയാൽ സെൻസെക്സ് 204.16 പോയിന്റും നിഫ്റ്റി 306.45 പോയിന്റും നേട്ടം കരസ്ഥമാക്കി. ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 783.82 കോടി രൂപയുടെ ഓഹരികൾ അധികം വാങ്ങിയാതായി എൻ എസ് ഇ ഡാറ്റ വെളിപ്പെടുത്തുന്നു; അതുപോലെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ഇന്നലെ 1,324.98 കോടി രൂപയുടെ ഓഹരികൾ അധികം വാങ്ങുകയുണ്ടായി. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐകൾ) നവംബറിൽ ഇതുവരെ ഏകദേശം 12,400 കോടി രൂപ ഇന്ത്യൻ ഡെറ്റ് മാർക്കറ്റുകളിൽ നിക്ഷേപിച്ചതായി കാണാം; ഇത് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണ്. ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മൂന്ന് മാസങ്ങളിലെ ആഗോള വിൽപ്പനയ്ക്ക് ശേഷം നവംബർ മാസത്തിൽ എഫ്ഐഐകളുടെ ക്രമാനുഗതമായ തിരിച്ചുവരവ് വിപണിക്ക് ഒരു ഉണർവ് പകരുന്നുണ്ട്. ഇതും വിപണി ശക്തി പ്രാപിക്കാൻ കാരണമായി. ഈ പ്രവണത ഇന്നത്തെ വ്യാപാരത്തിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 19,824 ലും തുടർന്ന് 19,797 ലും 19,752 ലും പിന്തുണ സ്വീകരിക്കാൻ സാധ്യതയുണ്ട് എന്നാണ്. ഉയർന്ന ഭാഗത്ത്, 19,913, 19,941, 19,986 എന്നിവയ്ക്ക് തൊട്ടുപിന്നാലെയുള്ള പ്രതിരോധം ആകാം.

ആഗോള വിപണി

ചൊവ്വാഴ്ച യുഎസ് സൂചികകൾ നേരിയ ഉയർച്ച കാഴ്ചവെച്ചിരുന്നു. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ 83.51 പോയിന്റ് നേട്ടത്തിൽ 35,416.98 ലും എസ് ആൻഡ് പി 4.46 പോയിന്റ് ഉയർന്ന് 4,554.89 ലും നസ്‌ഡേക് 40.73 പോയിന്റ് വർധിച്ചു 14,281.76 ലും അവസാനിച്ചു.

എന്നാൽ, യൂറോപ്പിൽ ലണ്ടൻ ഫുട്‍സീയും (5.46 പോയിന്റ്) പാരീസ് യുറോനെക്സ്റ്റും (15.36 പോയിന്റ്) ഇടിഞ്ഞപ്പോൾ, ഫ്രാങ്ക്ഫർട് ഡി എ എക്സ് (26.30 പോയിന്റ്) പച്ചയിൽ പിടിച്ചു നിന്നു. ഏഷ്യൻ വിപണിയും രാവിലെ മിശ്രിതമായിട്ടാണ് ആരംഭിച്ചിട്ടുള്ളത്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അദാനി-ഹിൻഡൻബർഗ് കേസിൽ അതിന്റെ കണ്ടെത്തലുകൾ നടത്തുന്നതിന് പത്ര റിപ്പോർട്ടുകൾ പിന്തുടരുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞതിന്റെ തുടർച്ചയായി ചൊവ്വാഴ്ച അദാനി ഗ്രൂപ്പ് ഓഹരികൾ 20 ശതമാനം വരെ ഉയർന്നു. അദാനി ഗ്രീൻ (ഓഹരി വില: 1065.00 രൂപ) 14 ശതമാനവും അദാനി പവർ (ഓഹരി വില: 446.20 രൂപ) 13 ശതമാനവും അദാനി എന്റർപ്രൈസസ് (ഓഹരി വില: 2430.00 രൂപ) 10 ശതമാനവും അദാനി എനർജി (ഓഹരി വില: 865.10 രൂപ) 18.65 ശതമാനവും നേട്ടത്തിലായിരുന്നു.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി (ഐആർഇഡിഎ) പ്രാരംഭ പബ്ലിക് ഓഫറിംഗിന് ശേഷം ഇന്ന് എൻ എസ് ഇ-യിലും ബി എസ് ഇയിലും ലിസ്റ്റ് ചെയ്യപ്പെടും. ഓഹരിയൊന്നിന് ഇഷ്യൂ വിലയായ 32 രൂപയ്‌ക്കെതിരെ ലിസ്റ്റിംഗ് വില ഏകദേശം 42 രൂപയായിരിക്കാമെന്ന് വിദഗ്ധർ പറയുന്നു.

ഡോ ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ (ഓഹരി വില: 334.35 രൂപ) അതിന്റെ മിഡിൽ ഈസ്റ്റ് ബിസിനസ്സ് ആൽഫ ജിസിസി ഹോൾഡിംഗ്സ് ലിമിറ്റഡിന് ഏകദേശം 1.01 ബില്യൺ ഡോളറിന് (ഏകദേശം 8300 കോടി രൂപ) വിൽക്കാൻ അനുമതി നൽകി.

ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോയിലെ (ഓഹരി വില: 113.80 രൂപ) 3.4 ശതമാനം ഓഹരികൾ ഒരു ബ്ലോക്ക് ഡീൽ വഴി അലിപേയ്ക്ക് ഓഫ്‌ലോഡ് ചെയ്യാൻ സാധ്യതയുണ്ടെന്ന് സി എൻ ബി സി ടി വി-18 റിപ്പോർട്ട് ചെയ്തു. ഓഹരിയൊന്നിന് ഏകദേശം 111.28 രൂപ നിരക്കിലായിരിക്കും വില്പന നടക്കുക.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വായനക്കാരുടെ അറിവിന് വേണ്ടി മാത്രം ഉള്ളതാണ്. ഇത് ഒരു സ്റ്റോക്ക് ശുപാർശ അല്ല, ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

Tags:    

Similar News