ഇന്റീരിയർ മികവേറ്റുന്നൊരു സ്‌മോൾ ക്യാപ് ഓഹരി | ആഭ്യന്തര നിക്ഷേപകരുടെ ഹോൾഡിങ് 12%
- ഏതാനും വർഷങ്ങൾക്കിടയിൽ വില്പനയിൽ ഇരട്ടി വർധന.
- കടബാധ്യതകളില്ല എന്നത് ശ്രദ്ധേയം.
- വാല്യൂവേഷൻ ആകർഷകമെന്നു ബ്രോക്കറേജുകൾ.
ഇന്ത്യൻ ഹൗസിങ് വിപണി സർവകാല റെക്കോർഡാണ് രേഖപെടുത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് കോവിഡിന് ശേഷം പലിശ നിരക്ക് ഉയർന്നു നിൽക്കുമ്പോളാണ് ഈ ട്രെൻഡ് എന്നത് ആലോചിക്കണം. വീട് എന്നത് ഒരു വികാരം കൂടിയായി മാറിയിട്ടുണ്ട്. ഏതെങ്കിലും ആർകിടെക്ടിനെയോ കോൺട്രാക്ടറിനെയോ വീട് നിർമിക്കാൻ ഏല്പിച്ചു മാറിയിരിക്കുന്നതിനു അപ്പുറം സ്വപ്നഭവനം എങ്ങനെ ഭംഗിയുള്ളതാക്കി മാറ്റാം എന്നത് പ്രഥമ പരിഗണനയിൽ തന്നെ ഉണ്ട്. ഇന്റീരിയർ ഭംഗിയുടെ പ്രാധാന്യം തരിപോലും കുറച്ചു കാണാത്ത തലമുറയാണ് ഇപ്പോഴത്തേത്. അല്ലെങ്കിൽ തന്നെ 'കൊള്ളാലോ ഇങ്ങള്ടെ വീട് ' എന്ന് കേൾക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? വീടുകൾ മാത്രമല്ല, ജിംനേഷ്യങ്ങൾ, ഇൻഡോർ സ്‌പോർട്‌സ് ക്ലബ്ബുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ എല്ലായിടങ്ങളും ഭംഗിയുള്ളതാക്കണം എന്നതാണ് വിട്ടുവീഴ്ചയില്ലാത്ത പുതിയ നിർമാണ മന്ത്രം. ഒരു നിക്ഷേപകന് റിയൽറ്റി, ഫൈനാൻസിങ് കമ്പനികളിലെ അവസരങ്ങളാണ് ഹൗസിങ് ട്രെൻഡുകൾ ഉയരുന്നത് എന്നത് ഏറെയായി ചർച്ച ചെയ്തു കഴിഞ്ഞു. എങ്കിൽ ഇനി ഗൃഹാലങ്കാരത്തിനു ലഭിക്കുന്ന ഈ സ്വീകാര്യത നിക്ഷേപ മാർഗങ്ങളായി മാറുന്നത് എങ്ങനെ എന്ന് നോക്കാം. ഡെക്കറേറ്റീവ് ലാമിനേറ്റ് വിപണിയിലെ ഒരു കമ്പനിയെ പരിചയപ്പെടാം.
ഇന്റീരിയർ സ്റ്റൈലാക്കാൻ 'സ്റ്റൈലം'
ഇന്ത്യയിലെ ഡെക്കറേറ്റീവ് ലാമിനേറ്റ് വിപണിയെ പ്രധാനമായും നയിക്കുന്നത് ഉയർന്ന ജീവിത നിലവാരവും പ്രതിശീർഷ വരുമാനം വർധിച്ചതുമാണ്. റെഡി-ടു-അസംബ്ലിംഗ് (ആർടിഎ) ഫ്ലോറിംഗുകൾ, ഫർണിച്ചറുകൾ, ക്യാബിനറ്റുകൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി ആധുനിക ഡിസൈനുകളിലേക്ക് മാറാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, അലങ്കാര ലാമിനേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ എളുപ്പമാണെന്നുള്ളതും ഇതിനെ ആകർഷകമാക്കുന്നു. വളരുന്ന നഗരവൽക്കരണം ഇന്ത്യൻ ഫർണിച്ചർ വ്യവസായത്തിനെ ദ്രുതഗതിയിൽ മുമ്പോട്ടേക്കു നയിക്കുന്നു. 2025-ടെ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 40% നഗരങ്ങളിൽ അധിവസിക്കുമെന്നാണ് കണക്കാക്കുന്നത്. ലാമിനേഷൻ വ്യവ്യസത്തിലെ മൊത്തം ഉപഭോഗത്തിന്റെ 60% കടന്നുവരുന്നത് നഗരപ്രദേശങ്ങളിൽ നിന്നാണ്. ഇത് കൂടുതൽ ബിസിനെസ്സ് സാദ്ധ്യതകൾ തുറക്കുന്നു. വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്ന ഓഫീസുകൾ, ജിംനേഷ്യങ്ങൾ, കൺവെൻഷൻ സെൻ്ററുകൾ, ഇൻഡോർ സ്‌പോർട്‌സ് ക്ലബ്ബുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയും ലാമിനേഷൻ പോലെയുള്ള ഡെക്കറേറ്റീവ് ഇന്റീരിയർ സേവനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. സർക്കാർ തലത്തിൽ സ്മാർട്ട് സിറ്റികൾ, ആവാസ് യോജന മുതലായ പദ്ധതികൾ റിയൽ എസ്റ്റേറ്റ് മേഖലക്ക് ഊർജം പകരുന്നത് ഡെക്കറേറ്റീവ് വ്യവസായത്തിനും ഊന്നൽ നൽകുന്നു.
അലങ്കാര ലാമിനേറ്റുകളിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികളിലൊന്നാണ് സ്റ്റൈലം ഇൻഡസ്ട്രീസ്. ഇന്ത്യയിൽ, പിയു+ (PU+) ലാക്വർ കോട്ടിംഗ് ലാമിനേറ്റ് ഫിനിഷുകൾ, സോളിഡ് അക്രിലിക് പാനൽ എന്നിവ നിർമിക്കുന്ന മുൻ നിര കമ്പനി കൂടിയാണ് സ്റ്റൈലം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സിംഗിൾ ലൊക്കേഷൻ ലാമിനേറ്റ് പ്രൊഡക്ഷൻ ഫാക്‌ടറി നടത്തുന്നത് കമ്പനിയാണ്. മീഡിയം ഡെൻസിറ്റി ഫൈബർ (MDF) പാനലുകളുടെ നിര്മാണത്തിലൂടെ പുതിയൊരു വിപണി സാധ്യതയിലേക്കും കമ്പനി നീങ്ങിയിട്ടുണ്ട്. സ്റ്റൈലാം ഇൻഡസ്ട്രീസിന് ദക്ഷിണേന്ത്യയിൽ ഒരു പ്രധാന വിപണി സ്ഥാനം ഉണ്ട്. ഡെക്കറേറ്റീവ് ലാമിനേറ്റുകൾ, പെർഫോമൻസ് ലാമിനേറ്റുകൾ, സ്പെഷ്യലിറ്റി ലാമിനേറ്റുകൾ, എക്സ്ക്ലൂസീവ് സർഫേസുകൾ, അക്രിലിക് സോളിഡ് സർഫേസുകൾ എന്നിങ്ങനെ കമ്പനിയുടെ പ്രോഡക്റ്റ് പോർട്ടഫോളിയോ നീളുന്നു. ആഡംബര ഗ്രേഡുള്ള ഉൽപന്നങ്ങളാണ് മിക്കവയും. കമ്പനിയുടെ മറ്റൊരു പ്രത്യേകത വരുമാനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും കടന്നു വരുന്നത് കയറ്റുമതിയിൽ നിന്നാണ്. പ്ലൈവുഡ് മേഖലയിലേക്കുള്ള കാൽവെയ്പ്പും അക്രിലിക് സെഗ്മെന്റ് 50 ശതമാനത്തിലധികം സിഎജിആർ വേഗതയിൽ വളരുമെന്ന പ്രതീക്ഷകളും കമ്പനിയെ കുതിപ്പിന് സഹായിക്കുമെന്നതാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ജിഎസ്ടിയുടെ വരവോടെ അസംഘടിത മേഖലയിൽ നിന്നും സംഘടിത മേഖലയിലേക്കുള്ള നീക്കവും കമ്പനിക്കു ഗുണകരമാണ്.
കമ്പനിയുടെ സെയിൽസ്,മാർജിൻ, കടബാധ്യത എന്നിവയിലെ ട്രെൻഡും ആശാവഹമാണ്. 2017 ൽ 294 കോടി രൂപ വരുമാനമായി രേഖപെടുത്തിയതിൽ നിന്നും 2021 ലേക്ക് 480 കോടി രൂപയായി ഉയർന്നു. 2023 സാമ്പത്തിക വർഷത്തിൽ വരുമാനമായി രേഖപ്പെടുത്തിയത് 952 കോടി രൂപയാണ്. 2021-ൽ കമ്പനിയുടെ നെറ്റ് പ്രോഫിറ്റ് 55 കോടി ആയിരുന്നെങ്കിൽ രണ്ടു മടങ്ങോളം ഉയർച്ചയോടെ 96 കോടി രൂപയായി 2023 സാമ്പത്തിക വർഷം റിപ്പോർട്ട് ചെയ്തു. കടബാധ്യതകളും ഗണ്യമായി കുറച്ചു കൊണ്ടുവരാൻ കമ്പനിക്കു സാധിച്ചു. കമ്പനിയിലെ നിക്ഷേപം 2021 മാർച്ചിലെ 4% ത്തിൽ നിന്നും 2023 ഡിസംബറിലേക്ക് 12 ശതമാനമായി ആഭ്യന്തര നിക്ഷേപകർ ഉയർത്തിയിട്ടുണ്ട്. ഈ കാലയളവിൽ പ്രൊമോട്ടർ ഹോൾഡിങ്ങിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല.
വോളിയം ദുർബലം, മാർജിൻ ശക്തം.
ആഭ്യന്തര വില്പനയ മൂന്നാംപാദ കാലയളവിൽ ദുർബലമായി കാണപ്പെട്ടു. അസംഘടിത കളിക്കാരിൽ നിന്നുള്ള ഉയർന്ന മത്സരമാണ് കാരണം. പക്ഷേ ലോജിസ്റ്റിക് വെല്ലുവിളികൾക്കിടയിലും കയറ്റുമതി വിപണിയിൽ ശക്തമായ ട്രാക്ഷൻ കണ്ടു. റെഡ്സീ പ്രതിസന്ധികൾ ഉണ്ടായെങ്കിലും യുഎസ് വിപണിയിലെ ഡിമാന്റിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. ചെങ്കടലിലെ നിലവിലെ രൂക്ഷസ്ഥിതി തുടർന്നാൽ ഉണ്ടായേക്കാവുന്ന ചിലവുകൾ ഉപഭോക്താക്കളിലേക്ക് കൈമാറിയേക്കാം. ആഭ്യന്തര വോളിയം വർധിപ്പിക്കാൻ സഹായിക്കുന്ന ആൻ്റി-ഡമ്പിംഗ് ഡ്യൂട്ടിയിലെ പുരോഗമനങ്ങളെക്കുറിച്ചും മാനേജ്‌മെൻ്റ് ശുഭാപ്തിവിശ്വാസം പുലർത്തുന്നു.
ഡിസംബറിലാവസാനിച്ച ത്രൈമാസത്തിൽ കമ്പനിയുടെ വരുമാനം 8.3 ശതമാനം ഇടിഞ്ഞ് 214.6 കോടി രൂപയായി. വില്പനകണക്കുകൾ വിദഗ്ദ്ധരുടെ പ്രതീക്ഷകൾക്കും താഴെ ആയിരുന്നു. നിലവിലുള്ള ഭൗമ-രാഷ്ട്രീയ പിരിമുറുക്കം (ഇസ്രായേൽ-പലസ്തീൻ/ ചെങ്കടൽ സംഘർഷങ്ങൾ) കാരണം കയറ്റുമതിയുടെ അളവ് കുറയുന്നതാണ് വരുമാനത്തിലെ ഇടിവിന് കാരണം. ഇതുമൂലം 18-20 കോടി രൂപയുടെ കയറ്റുമതി അവസരം നഷ്ടപ്പെട്ടതായി മാനേജ്‌മെൻ്റ് വ്യക്തമാക്കുന്നു. വരുമാനത്തിൽ ഇടിവുണ്ടായിട്ടു കൂടി നെറ്റ് പ്രോഫിറ്റ് വാർഷികാടിസ്ഥാനത്തിൽ 30.4% വർധിച്ച് 31.3 കോടി രൂപയിലെത്തി. അതേസമയം അസംസ്‌കൃത വസ്തുക്കളുടെ വില മാറ്റമില്ലാതെ നില നിന്നതിനാൽ മാർജിൻ മെച്ചപ്പെട്ടു. ചെങ്കടൽ പ്രതിസന്ധി ചരക്ക് ചെലവിനെ ബാധിച്ചിട്ടും എബിറ്റ്ഡാ മാർജിൻ നിലനിർത്താൻ കമ്പനിക്ക് കഴിഞ്ഞു.
നിലവിലുള്ള ഉത്പ്പാദനശേഷി വിപുലീകരിക്കുന്നതിനായി അടുത്ത 12-15 മാസങ്ങളിൽ 150-170 കോടി രൂപ ചെലവഴിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. തുടക്കത്തിൽ 200-225 കോടി രൂപ വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്. പൂർണ്ണ ശേഷിയിൽ, പുതിയ പ്ലാൻ്റിന് 800 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാകും. പുതിയ പ്ലാൻ്റ് 2025 ലെ രണ്ടാം പാദത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് കരുതപ്പെടുന്നു. അതേസമയം അടുത്ത 2 വർഷത്തിനുള്ളിൽ പൂർണ്ണ ശേഷി കൈവരിക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.
നിലവിലെ ഓഹരിവിലയിൽ വാല്യൂവേഷൻ ആകർഷകമാണെന്നു എസ്ബിഐ സെക്യൂരിറ്റീസ് വിലയിരുത്തുന്നു. ഓഹരിയൊന്നിന് 1,886 രൂപയാണ് ടാർഗറ്റ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.