പാദഫലം മോശം; പക്ഷെ എന്തുകൊണ്ട് അനലിസ്റ്റുകളുടെ കണ്ണുകൾ പ്രാജിലേക്ക്?

  • ഡിസംബർ ആദ്യ ആഴ്ച മുതൽ പ്രാജ് ഓഹരികൾ ഇടിവിൽ
  • വിലയിരുത്തേണ്ടത് കമ്പനിയുടെ ബിസിനസ്സ് സാദ്ധ്യതകൾ
  • ബജറ്റ് പ്രഖ്യാപനങ്ങൾ പ്രാജിനെ എങ്ങനെ സ്വാധീനിക്കും?

Update: 2024-02-17 16:15 GMT

വിപണി ബുൾ റാലിയിലൂടെ നിക്ഷേപകരെ ആഹ്ലാദത്തിൽ ആഴ്ത്തിയ ആഴ്ചകളും മാസങ്ങളുമാണ് കടന്നുപോകുന്നത്. പക്ഷെ ബുൾ റാലികളിൽ പങ്കെടുക്കാത്ത ഓഹരികളുടെ കാര്യമോ? ഉദാഹരണത്തിന് പ്രാജ് ഇൻഡസ്ട്രീസ് ഓഹരികൾ ഡിസംബർ ആദ്യ ആഴ്ച മുതലായി ഇടിവിലാണ്. ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന് പറയുന്നതുപോലെയായി മൂന്നാം പാദഫലങ്ങൾ. വരുമാനം, ലാഭം, എബിറ്റ്ഡാ - എല്ലാം മാർക്കറ്റ് പ്രതീക്ഷകൾക്കും താഴെ!!! (ഇതിനു അർഥം നിങ്ങളുടെ ഹീറോ തോറ്റുപോയെന്നാണോ?)

പക്ഷെ അങ്ങനെ ഒറ്റ വാക്കിൽ ഒതുക്കാൻ പറ്റുന്ന ഒരു കമ്പനിയല്ല പ്രാജ് ഇൻഡസ്ട്രീസ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് എത്തനോൾ പ്ലാൻ്റുകളുടെ വിതരണക്കാരൻ എന്ന നിലയിൽ തുടങ്ങിയ പ്രാജ് ഇന്ന് ബയോ അധിഷ്ഠിത സാങ്കേതിക വിദ്യകളിലും എഞ്ചിനീയറിംഗിലും ലോകമെമ്പാടും സാന്നിധ്യമുള്ള ഇന്ത്യയിലെ ഏറ്റവും വിജയകരമായ കമ്പനിയാണ്. ബയോ എനർജി, ഹൈ പ്യുരിറ്റി വാട്ടർ, നിർണായക പ്രോസസ്സ് ഉപകരണങ്ങൾ, ബ്രൂവറികൾ, വ്യാവസായിക മലിനജല സംസ്കരണം എന്നിവയിൽ കമ്പനി മുൻപന്തിയിലാണ്.

കാര്യങ്ങൾ കുറച്ചു കൂടെ ലളിതമാക്കാം. ആഗോള താപനത്തിൽ നിന്ന് തുടങ്ങാം. അന്തരീക്ഷത്തെ മലിനമാക്കുന്ന കാർബൺ ഉപയോഗം കുറക്കുക, കാർബൺ ന്യൂട്രൽ ആകുക എന്നത് ലോക രാജ്യങ്ങൾ പണ്ടേക്കു പണ്ടേ നിശ്ചയിച്ചു പ്രഖ്യാപിച്ച ലക്ഷ്യങ്ങളാണ്. അതിനായി ഫോസിൽ ഇന്ധനങ്ങൾക്കു പകരം ബയോ ഇന്ധനങ്ങൾ വ്യാപകമാക്കാനും എത്തനോൾ ബ്ലെൻഡഡ്‌ പ്രോഗ്രാമ്മുകളും രാജ്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രാജ് ഇൻഡസ്ട്രീസ് എന്ന കമ്പനിയെ കാണേണ്ടത്. കമ്പനിയുടെ വരുമാനത്തിന്റെ 71% കടന്നു വരുന്നത് ബയോ എനർജി വിഭാഗത്തിൽ നിന്നാണ്. ഓർക്കുക, എത്തനോൾ നിർമാണമല്ല - എത്തനോൾ ഇന്ധനം നിർമിക്കുന്ന കമ്പനികൾക്കു സാങ്കേതിക പരിഹാരങ്ങൾ നൽകുന്ന കമ്പനിയാണ് പ്രാജ്. ഇന്ത്യയിൽ ബയോ എനർജി വിഭാഗത്തിൽ 50% വിപണി വിഹിതം കമ്പനിക്കുണ്ട്. കമ്പനിയുടെ ബയോ എനർജി വിഭാഗത്തിന്റെ ആദ്യ രണ്ടു സെഗ്മെന്റുകൾ - ഒന്നാം തലമുറ എത്തനോൾ പ്ലാന്റ് , രണ്ടാം തലമുറ എത്തനോൾ പ്ലാന്റ് എന്നിവ യഥാക്രമം ഫീഡ് സ്റ്റോക്കുകൾ, കാർഷിക അവശിഷ്ടങ്ങൾ എന്നിവയിൽ നിന്നും എത്തനോൾ നിർമ്മിക്കാനുള്ള സംവിധാനങ്ങളാണ് നൽകുന്നത്. ഇന്ത്യ ഒരു കാർഷിക സമ്പദ്‌വ്യവസ്ഥയായതിനാൽ ഭക്ഷ്യവസ്തുക്കളുടെ മതിയായ ലഭ്യത നേട്ടം പ്രദാനം ചെയ്യുന്നു. തദ്ദേശീയ ജൈവ ഇന്ധനങ്ങൾ ഇന്ത്യയെ അതിൻ്റെ ഡീകാർബണൈസേഷൻ യാത്രയിൽ നയിക്കും. ക്രൂഡ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഈ നീക്കം സഹായകമാകും. കംപ്രസ്ഡ് ബയോ ഗ്യാസ് ടെക്നോളജി, ഫ്യുച്ചർ ബയോ ഫ്യുവൽ എന്നീ സെഗ്മെന്റുകളും ബയോ എനർജി വിഭാഗത്തിലുണ്ട്. ഫ്യുച്ചർ ബയോ ഫ്യുവൽ സെഗ്മെന്റ് വഴി വ്യോമയാന ഇന്ധന മേഖലയിൽ പുത്തൻ മാറ്റങ്ങൾ കമ്പനി ലക്ഷ്യമിടുന്നത് ഉദാഹരണമാണ്. ലോകത്തിലെ മൊത്തം ഹരിതഗൃഹ വാതകങ്ങളുടെയും 2-3% പുറത്തു വിടുന്നത് വ്യോമയാന മേഖലയാണ്. പ്രാജിന്റെ രണ്ടാമത്തെ പ്രധാന വിഭാഗം എഞ്ചിനീയറിങ് മേഖലയാണ്. 21% വരുമാനം നൽകുന്നത് നിർണായക പ്രോസസ്സ് ഉപകരണങ്ങൾ, ബ്രൂവറികൾ, വ്യാവസായിക മലിനജല സംസ്കരണം എന്നിവയുൾപ്പെടുന്ന എഞ്ചിനീയറിങ് മേഖലയാണ്. മൂന്നാം വിഭാഗമായ ഹൈ പ്യുരിറ്റി വാട്ടർ വ്യവസായത്തിൽ 35 - 40% വിപണി വിഹിതം കമ്പനിക്കുണ്ട്.

മൂന്നാം പാദ പ്രകടനം

പഞ്ചസാര അധിഷ്ഠിത കമ്പനികളിൽ നിന്നും ഓർഡർ കുറഞ്ഞത് മൂലം കാര്യമായ ഇടിവ് മൂന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്തു. വരുമാനം വാർഷികാടിസ്ഥാനത്തിൽ 6% ഇടിവ് രേഖപ്പെടുത്തി. എബിറ്റ്ഡാ 12% ഉയർച്ച രേഖപ്പെടുത്തി. എബിറ്റ്ഡാ മാർജിൻ 11.6% എന്ന നേട്ടം നൽകിയതിന് പിന്നിൽ സെയിൽസ് മിക്സ്, ഉയർന്ന കയറ്റുമതി, എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലഭ്യമായ ഓർഡറുകൾ എന്നിവയാണ്. മെറ്റീരിയൽ വില കുറഞ്ഞതും, ഒറ്റ തവണ ചിലവുകൾ, സൈറ്റ് പ്രവർത്തനങ്ങൾ എന്നിവ താഴ്ന്നതും ഈ പാദത്തെ തുണച്ചു. നികുതിക്ക് ശേഷമുള്ള ലാഭം വാർഷികാടിസ്ഥാനത്തിൽ 13% ഉയർച്ച രേഖപ്പെടുത്തി. എന്നിരുന്നാലും വിപണി പ്രതീക്ഷകൾക്ക് ഒത്തു ലാഭം ഉയർന്നില്ല. നടപ്പു സാമ്പത്തിക വർഷത്തിന്റെ ഇതുവരെയുള്ള കാലയളവിൽ വരുമാനം കുറഞ്ഞതിന് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ അരിക്ക് മേലെ ഉപരോധം ഏർപ്പെടുത്തിയതും എത്തനോൾ നിർമാണത്തിന് പഞ്ചസാര നീക്കി വെയ്ക്കുന്നതിനുമേൽ കേന്ദ്ര ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും കാരണങ്ങൾ ആയി കാണിക്കാം. മൂന്നാം പാദത്തിൽ 6.4 ബില്യൺ രൂപയാണ് ക്യാഷ് ബാലൻസ് ആയി കാണിച്ചിരിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിലേക്ക് 30-40 കോടി രൂപയുടെ മൂലധന ചെലവാണ് പദ്ധതിയിട്ടിരിക്കുന്നത്.

പാദഫലം മോശം; പക്ഷെ എന്തുകൊണ്ട് അനലിസ്റ്റുകളുടെ കണ്ണുകൾ പ്രാജിലേക്ക് ?

കംപ്രസ്ഡ് ഗ്യാസ് ബിസിനെസ്സ് - സിബിജി ബ്ലെൻഡിങ് ഒബ്ലിഗേഷൻ അനുസരിച്ചു 2025-26 സാമ്പത്തിക വർഷം മുതൽ സിഎൻജി,പിഎൻജി ഇന്ധനങ്ങളിൽ സിബിജി ബ്ലെൻഡ് ചെയ്യണമെന്ന് നിർദേശിക്കുന്നു. 2029-ന്റെ അവസാനത്തോടെ 1% മുതൽ 5% വരെയായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. സിബിജി ഫെസിലിറ്റികൾക്കായ് ഏകദേശം 37,000 കോടി രൂപയുടെ നിക്ഷേപം 2028-29 സാമ്പത്തിക വർഷത്തോടെ ലഭ്യമാകുമെന്നാണ് വിലയിരുത്തൽ. പ്രാജ് ഇതിനോടകം നാല് കോൺട്രാക്ടുകൾ നേടി കഴിഞ്ഞിട്ടുണ്ട്. ഇതുവരെ ലഭ്യമായ അനുബന്ധ അന്വേഷണങ്ങൾ അനുസരിച്ചു കൂടുതൽ പോസിറ്റീവ് ഡെവലപ്മെന്റുകൾ കമ്പനി പ്രതീക്ഷിക്കുന്നു.

ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങൾ - ധനമന്ത്രി തൻ്റെ ഇടക്കാല ബജറ്റിൽ ഊർജ മിശ്രിതത്തിൽ ക്യാപ്‌റ്റീവ് വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2047-ഓടെ ഊർജ സ്വാതന്ത്ര്യം എന്ന ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാട് ബയോ എനർജി മേഖലയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിലേക്ക് വാതിൽ തുറക്കുന്നു. അതിലൊന്നാണ് നിർബന്ധിത സിബിജി മിശ്രിതം. ബയോഡീഗ്രേഡബിൾ പോളിമറുകൾ, ബയോപ്ലാസ്റ്റിക്‌സ് തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകൾ നൽകുന്ന പദ്ധതിയും ബജറ്റ് പ്രഖ്യാപിച്ചു. ബയോ-പ്ലാസ്റ്റിക്‌സിനും ബയോ-പോളിമറുകൾക്കുമായി പ്രാജിന്റെ പൈലറ്റ് പ്ലാൻ്റിൻ്റെ ഇൻസ്റ്റാളേഷൻ പൂർത്തിയാവുകയാണ്, 2024 ഏപ്രിലിൽ ഡെമോ പ്ലാൻ്റ് പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ആഭ്യന്തര ജൈവ ഇന്ധന വ്യവസായം - പഞ്ചസാരയിൽ നിന്ന് എത്തനോൾ നിര്മിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയതോടെ എത്തനോൾ പ്ലാന്റുകൾക്കുള്ള യാതൊരു ഓർഡറും ഈ കാലയളവിൽ ലഭ്യമായിരുന്നില്ല. എന്നാൽ സി ഹെവി മോളാസസ്,ചോളം എന്നീ ഫീഡ് സ്റ്റോക്ക് ബദലുകൾ സർക്കാർ മുന്നോട്ടേക്ക് വെക്കുന്നുണ്ട്. സമാനമായ സാങ്കേതിക വിദ്യകൾ പ്രാജ് ഇൻഡസ്ട്രീസും മുന്നോട്ടേക്ക് വെക്കുന്നു. ഇന്ധന വ്യവസായത്തെ ശക്തമാക്കാൻ ഇത് സഹായിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സെഗ്മെന്റുകളിൽ ഉടനീളമുള്ള വളർച്ച - 45Z പലിശ കുറയ്ക്കൽ നിയമത്തിൽ യുഎസ്എയ്ക്ക് കൂടുതൽ വ്യക്തത ലഭിച്ചാൽ സസ്‌റ്റെയിനബിൾ ഏവിയേഷൻ ഫ്യുവൽ (SAF) ഡിമാൻഡ് വർധിച്ചേക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. യുഎസിൽ ധാരാളം എത്തനോൾ പ്ലാൻ്റുകൾ ഉണ്ട്, എന്നാൽ ഇപ്പോൾ അവ കുറഞ്ഞ കാർബൺ എത്തനോളിലേക്ക് മാറേണ്ടതുണ്ട്, ആ മാറ്റത്തിലാണ് പ്രാജ് അവസരം തേടുന്നത്. ഡിമാൻഡ് ഉയർച്ച ജൂൺ 2024 മുതൽ ആക്സിസ് സെക്യൂരിറ്റിസ് പ്രതീക്ഷിക്കുന്നു. മംഗലാപുരം യൂണിറ്റ് കമ്മീഷൻ ചെയ്തതിന് ശേഷം എഞ്ചിനീയറിങ്, മലിനജല സംസ്കരണം എന്നിവയിൽ ശക്തമായ വികസനം വിദഗ്ധർ കണക്കാക്കുന്നു.ബാറ്ററി കെമിക്കൽസ്, സെമികണ്ടക്ടർ ചിപ്പുകൾ എന്നിവയിൽ ഹൈ-പ്യൂരിറ്റി ജലത്തിൻ്റെ ഉപയോഗം പിഎച്എസ് വിഭാഗത്തിന്റെ വളർച്ചയെ നയിക്കും. പിഎച്എസ് മേഖലയുടെ ഓർഡർ ബുക്ക് 2024 ന്റെ ആദ്യ 9 മാസങ്ങളിൽ തന്നെ 2023 ലെ ഓർഡർ ബുക്കിനെ മറികടന്നു. ലിഥിയം അയേൺ ബാറ്റെറിസ് പ്ലാന്റിന് വേണ്ടിയുള്ള പ്രാജിന്റെ ആദ്യ വാട്ടർ സിസ്റ്റം നിർമാണം ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു.

ആഗോള - ആഭ്യന്തര സാദ്ധ്യതകൾ അനന്തമായതിനാൽ തന്നെ പ്രാജ് ഇൻഡസ്ട്രീസിന്റെ ദീർഘകാല വളർച്ചാ സാധ്യതകളിൽ അനലിസ്റ്റുകൾ പോസിറ്റീവ് ആണ്;പ്രത്യേകിച്ചും ബയോ-എനർജി സ്റ്റോറി ബിൽഡ്-അപ്പ് ചെയ്യുമ്പോൾ. സെൻട്രം ഇൻസ്റ്റിറ്റിയൂഷണൽ റിസർച്ച് 2023-26 സാമ്പത്തിക വര്ഷങ്ങളിലേക്കു 7% CAGR വളർച്ച വരുമാനത്തിൽ കാണുന്നു. ഉയർന്ന മാർജിൻ പ്രൊഫൈൽ ഓർഡറുകൾ വിലയിരുത്തി ആക്സിസ് സെക്യൂരിറ്റീസും കമ്പനിയുടെ ഓഹരിവില ഉയർത്തിയിട്ടുണ്ട്. 33% ഉയർച്ച പ്രതീക്ഷിച്ചു കൊണ്ട് 635 രൂപയാണ് ഓഹരിയൊന്നിന് ആക്സിസ് സെക്യൂരിറ്റീസ് ടാർഗറ്റ് വില ആയി നല്കിയിരിക്കുന്നത്. സെൻട്രം റിസർച്ച് നൽകുന്ന ടാർഗറ്റ് വില 576 രൂപയാണ്. അതായത് ഓഹരിയിന്മേൽ 21% മുന്നേറ്റം കണക്കാക്കുന്നു

Tags:    

Similar News