ജിഎസ്‍ടി നോട്ടിസിന് പിന്നാലെ വന്‍ ഇടിവുമായി ഡെല്‍റ്റ കോര്‍പ്

  • ഡെല്‍റ്റ കോര്‍പ് ഓഹരികളുടെ മൂല്യം 52 ആഴ്ചയിലെ താഴ്ചയിലേക്ക് നീങ്ങി

Update: 2023-09-25 08:08 GMT

16,822 കോടി രൂപയുടെ നികുതി ബാധ്യതയുമായി ബന്ധപ്പെട്ട് ജിഎസ്‍ടി അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി അറിയിച്ചതിനെത്തുടർന്ന് ഗെയിമിംഗ് കമ്പനിയായ ഡെൽറ്റ കോർപ് ലിമിറ്റഡിന്റെ ഓഹരികൾ തിങ്കളാഴ്ച 20 ശതമാനത്തോളം ഇടിഞ്ഞു. ബിഎസ്ഇയിൽ, ഡെൽറ്റ കോർപ്പറേഷന്റെ ഓഹരി ഇൻട്രാഡേ സെഷനിൽ 20 ശതമാനം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 140.20 രൂപയിലെത്തി. എന്നാല്‍ പിന്നീട് കമ്പനിയുടെ ഓഹരികള്‍ നേരിയ തോതില്‍ തിരികെക്കയറി.  ഉച്ചയ്ക്ക് 1.26നുള്ള വിവരം അനുസരിച്ച് 17.08 ശതമാനം ഇടിവോടെ  145.45 രൂപയിലാണ് ഡെല്‍റ്റ കോര്‍പ് ഓഹരികള്‍

2017 ജൂലൈ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലെ കുടിശ്ശികയുള്ള നികുതിയും പലിശയും പിഴയുമായി 16,822 കോടി രൂപ അടയ്ക്കുന്നതിന് ജിഎസ്‍ടി ഡയറക്റ്റര്‍ ജനറലില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതായാണ് ഡെൽറ്റ കോർപ്പറേഷൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ കമ്പനിയുടെ കാസിനോകളില്‍ നടന്ന മൊത്തം വാതുവെപ്പ് മൂല്യത്തിന്‍റെ അടിസ്ഥാനത്തിലാണ് നികുതി കണക്കിലെടുത്തിട്ടുള്ളത്. ജിഎസ്‍ടി അധികൃതരില്‍ നിന്നുള്ള ഈ നീക്കം മറ്റ് ഗെയ്മിംഗ് കമ്പനികളെയും ബാധിക്കുമോ എന്ന ആശങ്ക നിക്ഷേപകര്‍ക്കിടയിലുണ്ട്. 

ഡെൽറ്റ കോർപ്പറേഷനെതിരെ 11,140 കോടി രൂപയുടെ നോട്ടീസും അതിന്‍റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങളായ കാസിനോ ഡെൽറ്റിൻ ഡെൻസോംഗ്, ഹൈസ്ട്രീറ്റ് ക്രൂയിസ്, ഡെൽറ്റ പ്ലഷർ ക്രൂയിസ് എന്നിവയ്‌ക്കെതിരെ 5,682 കോടി രൂപയുടെ നോട്ടീസുമാണ് ലഭിച്ചിട്ടുള്ളത്. നികുതിയിലെ ഈ കുറവ് പരിഹരിക്കാത്തപക്ഷം കാരണം കാണിക്കല്‍ നോട്ടീസ് അയക്കുമെന്നും തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നും ജിഎസ്‍ടി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News