സെന്‍സെക്സും നിഫ്റ്റിയും നേരിയ നേട്ടത്തില്‍

  • തിരിച്ചുവരവ് മൂന്ന് ദിവസത്തെ ഇടിവിന് ശേഷം
  • ആഗോള വിപണികളില്‍ ഇടിവ് തുടരുന്നു
  • സെൻസെക്സ് 64.55 പോയിന്റ് ഉയര്‍ന്നു

Update: 2023-04-20 11:08 GMT

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ഇടിവിന് ശേഷം ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലേക്ക് തിരിച്ചെത്തി. ഇന്ന് നേരിയ നേട്ടത്തോടെയാണ് ഇരു സൂചികകളിലും വ്യാപാരം അവസാനിച്ചത്, ഊർജ്ജം, ടെലികോം, യൂട്ടിലിറ്റി മേഖലകളിലെ ഓഹരികളില്‍ അവസാന മണിക്കൂറുകളില്‍ പ്രകടമായ വാങ്ങലാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്.

ഏറെ ചാഞ്ചാട്ടം പ്രകടമായ വ്യാപാര ദിനം അവസാനിക്കുമ്പോള്‍, 30-ഷെയർ ബിഎസ്ഇസെൻസെക്സ് 64.55 പോയിന്റ് അല്ലെങ്കിൽ 0.11 ശതമാനം ഉയർന്ന് 59,632.35 ൽ എത്തി. പകൽ സമയത്തെ വ്യാപാരത്തില്‍, ഇത് 59,836.79 എന്ന ഉയർന്ന നിലയിലും 59,489.98 എന്ന താഴ്ന്ന നിലയിലും എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 5.70 പോയിന്റ് അഥവാ 0.03 ശതമാനം ഉയർന്ന് 17,624.45 ൽ എത്തി.

സെൻസെക്‌സില്‍ ഏഷ്യൻ പെയിന്റ്‌സ്, എൻടിപിസി, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐടിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, മാരുതി എന്നിവയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, അൾട്രാടെക് സിമന്റ്, ബജാജ് ഫിനാൻസ്, നെസ്‌ലെ, ആക്‌സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികളിൽ, ജപ്പാനും ഹോങ്കോങ്ങും നേട്ടത്തിലാണ്. സിയോൾ, ഷാങ്ഹായ് വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ മിക്കവാറും നഷ്ടത്തിലാണ് അവസാനിച്ചത്.

"നിലവില്‍ നാലാപാദ വരുമാനങ്ങളിലാണ് വിപണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുറത്തു വന്ന ഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ല, പ്രത്യേകിച്ച് ഐടി മേഖലയിൽ. ഇത് നെഗറ്റിവ് സ്വാധീനമാണ്. മറ്റൊരു നിരക്ക് വർദ്ധന പ്രതീക്ഷിക്കുന്നതിനാലും യുഎസില്‍ നിന്നുള്ള വരുമാന ഫലങ്ങള്‍ സമ്മിശ്രമായതിനാലും ആഗോള വിപണിയുടെ പിന്തുണ ലഭിക്കുന്നില്ല. ആഗോള തലത്തിലെ ജാഗ്രതയോടെയുള്ള സമീപനത്തിന്‍റെ ഫലമായി എഫ്‌ഐഐ-കൾ പിന്‍വലിക്കല്‍ നടത്തിയത് വിപണിയിലെ പ്രവണതയെ തടസ്സപ്പെടുത്തി,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.

ബുധനാഴ്ച ബിഎസ്ഇ സെൻസെക്‌സ് 159.21 പോയിന്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 59,567.80 എന്ന നിലയിലെത്തിയിരുന്നു. നിഫ്റ്റി 41.40 പോയിന്റ് അഥവാ 0.23 ശതമാനം ഇടിഞ്ഞ് 17,618.75 ലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, ആഗോള എണ്ണ വിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ബാരലിന് 1.89 ശതമാനം ഇടിഞ്ഞ് 81.55 ഡോളറിലെത്തി.

Tags:    

Similar News