ഭക്ഷ്യയെണ്ണ കെണിയില്‍ കുടുങ്ങി വെളിച്ചണ്ണ; കുരുമുളകിനെ ഉപേക്ഷിച്ച് വിദേശ വിപണി

  • മഴയില്‍ പ്രതീക്ഷയിട്ട് കുരുമുളക് കര്‍ഷകര്‍

Update: 2023-09-21 11:45 GMT

ഭക്ഷ്യയെണ്ണ വിപണിയിലെ മത്സരം ശക്തമായി. ഉത്സവ സീസണ്‍ അടുത്തതോടെ പാചകയെണ്ണകള്‍ക്ക് ഡിമാന്റ് ഉയര്‍ത്തന്നതിനാല്‍ വ്യവസായകള്‍ ഇറക്കുമതി ഉയര്‍ത്തി. ക്രിസ്തുമസ് വരെ വില്‍പ്പന പൊടിപൊടിക്കുമെന്നത് മുന്നില്‍ കണ്ട് ഇന്തോനേഷ്യയും മലേഷ്യയും ഇന്ത്യയുമായി കച്ചവടങ്ങളില്‍ ഏര്‍പ്പെടാന്‍ മത്സരിക്കുന്നുണ്ട്. മാസങ്ങളായി ടണ്ണിന് 800 ഡോളറിന് മുകളില്‍ പാം ഓയിലിന് ആവശ്യപ്പെട്ടിരുന്ന മലേഷ്യ കഴിഞ്ഞ രാത്രി നിരക്ക് 798 ഡോളറാക്കി കുറച്ചു. പുതിയ സാഹചര്യത്തില്‍ ജക്കാര്‍ത്തയും നിരക്ക് താഴ്ത്താന്‍ ഇടയുണ്ടെങ്കിലും ഫലത്തില്‍ ഇത് തിരിച്ചടിയായി മാറുക വെളിച്ചെണ്ണ വിലയിലാവും. ഇറക്കുമതി ഭക്ഷ്യയെണ്ണകള്‍ ഉയര്‍ത്തുന്ന കനത്ത വെല്ലുവിളികള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ആയിരക്കണക്കിന് വരുന്ന കേരളത്തിലെ ചെറുകിട കൊപ്രയാട്ട് മില്ലുകാര്‍ നക്ഷത്രമെണ്ണുകയാണ്. ചെറുകിട മില്ലുകാരില്‍ നിന്നുള്ള നാടന്‍ വെളിച്ചെണ്ണ വില ലിറ്ററിന് 200 രൂപയാണ്.

വിദേശ വിപണിയില്‍ പിടിച്ചു നില്‍ക്കാനാകാതെ കുരുമുളക്

രാജ്യത്ത് നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി 400 കോടിയില്‍ നിന്നും ആയിരം കോടി രൂപയിലെത്തിക്കാനുള്ള പദ്ധതികള്‍ക്ക് വാണിജ്യമന്ത്രാലയം തുടക്കം കുറിച്ചു. ആഗോള വിപണി തന്നെ നിയന്ത്രിച്ചിരുന്ന ഇന്ത്യന്‍ കുരുമുളക് വിദേശ മാര്‍ക്കറ്റില്‍ പുര്‍ണമായി പിന്‍തള്ളപ്പെട്ട അവസ്ഥയിലാണ്. തല്‍ക്കാലം രാജ്യാന്തര മാര്‍ക്കറ്റിലേയ്ക്ക് തിരിഞ്ഞു നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് മലബാര്‍ മുളക്. അതേ സമയം ഏലക്കയും മറ്റ് പല ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും വിദേശ മാര്‍ക്കറ്റില്‍ ശക്തമായ സ്വാധീനം നിലനിര്‍ത്തുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കുരുമുളക് ഉല്‍പാദനം ഇരട്ടിപ്പിച്ചാല്‍ മാത്രമേ പരമ്പരാഗത കയറ്റുമതി കേന്ദ്രങ്ങളായ അമേരിക്കയിലേയ്ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും വീണ്ടും ശ്രദ്ധതിരിക്കാനാവു.

കാലവര്‍ഷം അടുത്ത വാരത്തോടെ  രാജ്യത്ത് നിന്നും പടിയിറങ്ങും. ഇക്കുറി മഴയുടെ അളവിലുണ്ടായ കുറവ് സുഗന്ധവ്യഞ്ജനങ്ങളുടെ മൊത്തം ഉല്‍പാദനത്തെ ബാധിക്കും. മിഥുനം-കര്‍ക്കിടകം മാസങ്ങളെ അപേക്ഷിച്ച് ചിങ്ങത്തില്‍ അല്‍പ്പം മഴ ലഭ്യമായത് ഹെറേഞ്ചിലെ കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നു.

പച്ച പിടിക്കാതെ ഏലം

സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമത്തില്‍ നടന്ന ഏലക്ക ലേലത്തില്‍ മികവ് നിലനിര്‍ത്താന്‍ ഉല്‍പ്പന്നം ക്ലേശിച്ചു. ആഭ്യന്തര വിദേശ വിപണികളില്‍ നിന്നും ഏലത്തിന് ഡിമാന്റ് ഉയര്‍ന്ന് നില്‍ക്കുന്ന അവസരമായിട്ടും മികച്ചയിനങ്ങള്‍ കിലോഗ്രാമിന് 2347 രൂപയിലും ശരാശരി ഇനങ്ങള്‍ കിലോ 1734 രൂപയിലും കൈമാറ്റം നടന്നു. മൊത്തം 64,530 കിലോ ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 63,284 കിലോയും വിറ്റഴിഞ്ഞു.


Full View


Tags:    

Similar News