ചൂട് പിടിക്കാനൊരുങ്ങി എണ്ണ; കുരുമുളക് കുതിച്ചേക്കും

  • മഴ ലഭ്യതയില്‍ 2023 പുറകോട്ട്

Update: 2023-09-29 12:00 GMT

കാലവര്‍ഷം നാളെ പടിയിറങ്ങാനുള്ള ഒരുക്കത്തിലാണ്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും മഴ കുറഞ്ഞ വര്‍ഷങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ 2023 ന് ആയെങ്കിലും അതിന്റെ പ്രത്യാഘാതം കര്‍ഷകരുടെ സാമ്പത്തിക മുന്നേറ്റത്തിന് വന്‍ വിള്ളലുളവാക്കും. ജൂണ്‍-ആഗസ്റ്റ് കാലയളവില്‍ ദുര്‍ബലമായിരുന്ന കാലവര്‍ഷം സെപ്റ്റംബറില്‍ അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്.

ജൂണ്‍-ആഗസ്റ്റ് കാലയളവില്‍ മഴ ഇത്രമാത്രം കുറഞ്ഞത് തിരിച്ചടിയാവുക മൊത്തം ഏലക്ക ഉല്‍പാദനത്തിലാവും. മഴ ചുരുങ്ങിയത് ഏല ചെടികള്‍ പുഷ്പിക്കുന്നതിന് പോലും തടസമുളവാക്കി. ഇക്കുറി സീസണ്‍ നീണ്ടുനില്‍ക്കില്ലെന്ന സൂചനകള്‍ ഹൈറേഞ്ചിലെ ഏലം കര്‍ഷകരില്‍ നിന്നും പുറത്തുവരുന്നുണ്ട്. നിലവില്‍ ഒരേക്കറിലെ ഉല്‍പാദനം 170 കിലോയായി ചുരുങ്ങിയ അവസ്ഥയാണ്. സാധാരണ 350 കിലോ വരെ ലഭിക്കാറുണ്ട് പല തോട്ടങ്ങളിലും.

ശാന്തന്‍പാറയില്‍ നടന്ന ഏലക്ക ലേലത്തില്‍ ചരക്ക് സംഭരിക്കാന്‍ കയറ്റുമതി മേഖലയ്ക്ക് ഒപ്പം ഉത്തരേന്ത്യയില്‍ നിന്നുള്ള ഇടപാടുകാരും മത്സരിച്ചു. വാങ്ങല്‍ താല്‍പര്യം ശക്തമായിരുന്നങ്കിലും കര്‍ഷക താല്‍പര്യങ്ങള്‍ക്ക് ഒത്ത് ഏലക്ക വിലയില്‍ മുന്നേറ്റം ദൃശ്യമായില്ല. മൊത്തം ചരക്ക് വരവ് 29,772 കിലോയോളം എത്തിയതില്‍ 27,653 കിലോയും ഇടപാടുകര്‍ ശേഖരിച്ചു. ശരാശരി ഇനങ്ങളുടെ വില കിലോ 1763 രൂപയിലും മികച്ചയിനങ്ങള്‍ 2280 രൂപയിലും നിലകൊണ്ടു.

പിടിച്ച് കയറി കുരുമുളക്

കുരുമുളക് തുടര്‍ച്ചയായ വില ഇടിവ് ശേഷം ഇന്ന് നേട്ടതോടെയാണ് ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്നുള്ള തിരുത്തലുകള്‍ ഇനിയും പുര്‍ത്തിയായെന്ന് വിലയിരുത്താനായിട്ടില്ലെങ്കിലും വിപണിയുടെ അടിത്തറ ശക്തമായതിനാല്‍ ഒക്ടോബറില്‍ അടുത്ത കുതിപ്പിനുള്ള തയ്യാറെടുപ്പിലാണ് ഉല്‍പന്നം. കാര്‍ഷിക മേഖല കരുതല്‍ ശേഖരം വില്‍പ്പനയ്ക്ക് ഇറക്കുന്നതില്‍ വരുത്തിയ നിയന്ത്രണം തുടരുന്നതിനാല്‍ തല്‍ക്കാലം വില ഉയര്‍ത്താതെ നാടന്‍ കുരുമുളക് സംഭരിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് ആഭ്യന്തര വാങ്ങലുകാര്‍. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 624 രൂപയിലാണ്. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ നിരക്ക് ടണ്ണിന് 8000 ഡോളറാണ്, ഈ നിരക്കില്‍ പുതിയ വിദേശ അന്വേഷണങ്ങള്‍ നിലവിലില്ല.

വിപണി സജീവമായേക്കും

നാളികേരോല്‍പ്പന്ന വിപണിയെ ബാധിച്ച മാന്ദ്യം തുടരുന്നത്തിനിടയില്‍ എണ്ണ മാര്‍ക്കറ്റ് ചൂടുപിടിക്കാനുള്ള ലക്ഷണങ്ങള്‍ കാണിച്ചു. മാസാരംഭം അടുത്തതിനാല്‍ പ്രദേശിക തലത്തില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരുമെന്ന പ്രതീക്ഷയിലാണ് മില്ലുകാര്‍. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റ്റലിന് 100 രൂപ ഉയര്‍ന്നു.


Tags:    

Similar News