ലഭ്യത ഉറപ്പാക്കി ഏലം; നാടന്‍ കുരുമുളകിന് ക്ഷാമം

  • ഓഫ് സീസണായതിനാല്‍ കയറ്റുമതിക്കാര്‍ തിരക്കിട്ടുള്ള വില്‍പ്പനയില്‍ നിന്നും വിട്ടു നില്‍ക്കുന്നു

Update: 2023-10-05 11:45 GMT

ഇടുക്കിയില്‍ നടന്ന രണ്ട് ലേലങ്ങളിലായി മൊത്തം ഒരു ലക്ഷം കിലോയ്ക്ക് മുകളില്‍ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങി. കാര്‍ഷിക മേഖലകളില്‍ ചരക്ക് ലഭ്യത വീണ്ടും ഉയര്‍ന്ന് തുടങ്ങിയെന്ന സുചനയായി ചരക്ക് വരവ് വര്‍ദ്ധിച്ചതിനെ വ്യവസായികളും ഇതര വാങ്ങലുകാരും വിലയിരുത്തുന്നു. നേരത്തെ കാലവര്‍ഷാരംഭത്തില്‍ മഴ ദുര്‍ബലമായത് ഏല ചെടികളിലെ പരാഗണത്തിനും പുഷ്പിക്കുന്നതിനും തടസമുണ്ടാക്കിയത് ഉല്‍പാദനം ചുരുങ്ങാന്‍ ഇടയാക്കി. എന്നാല്‍ സെപ്റ്റംബറില്‍ കാലാവസ്ഥയിലുണ്ടായ മാറ്റം നേട്ടമാക്കാന്‍ തോട്ടം മേഖലയ്ക്കായത് ലേലത്തില്‍ വരവ് ശക്തിപ്രാപിക്കാന്‍ അവസരം ഒരുക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.

ബയ്യര്‍മാരുടെ ഈ വിലയിരുത്തലില്‍ അവര്‍ ചരക്ക് സംഭരണം നടത്തുന്നതിനാല്‍ പിന്നിട്ട പത്ത് ലേലങ്ങളില്‍ ഒരിക്കല്‍ മാത്രമേ ശരാശരി ഇനങ്ങള്‍ക്ക് കിലോ 1800 രൂപയ്ക്ക് മുകളില്‍ ഇടം പിടിക്കാനായുള്ളു. വരും ദിനങ്ങളില്‍ ലേലത്തില്‍ ഏലക്ക വരവ് ഉയര്‍ന്നാല്‍ അത് വിലയില്‍ ചാഞ്ചട്ടമുളവാക്കും. ശരാശരി ഇനങ്ങള്‍ ഇതിനകം 1721 രൂപ വരെ താഴ്ന്നു.

ഡിമാന്റ് നാടന്‍ കുരുമുളകിന്

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ക്രിസ്തുമസ്- ന്യൂ ഇയര്‍ കാലയളവിലെ ആവശ്യങ്ങള്‍ക്കുള്ള കുരുമുളക് സംഭരണവുമായി മുന്നേറുന്നു. ഇറക്കുമതി രാജ്യങ്ങള്‍ ഇന്തോനേഷ്യ, വിയറ്റ്നാമിനെയുമാണ് ചരക്കിനായി ആശ്രയിക്കുന്നത്. ഓഫ് സീസണായതിനാല്‍ കയറ്റുമതിക്കാര്‍ തിരക്കിട്ടുള്ള വില്‍പ്പനയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനാല്‍ മുളക് വില ഉയരുമെന്ന നിഗമനത്തിലാണ് ആഗോള സ്റ്റോക്കിസ്റ്റുകള്‍. വിയറ്റ്നാമിലെ കര്‍ഷകര്‍ അടുത്ത സീസണിലെ ഉല്‍പാദനം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിച്ച ശേഷം ഉല്‍പ്പന്നം വിപണിയില്‍ ഇറക്കാമെന്ന നിലപാടിലാണ്.

വിയറ്റ്നാം ടണ്ണിന് 3500 ഡോളറും ഇന്തോനേഷ്യ 3600 ഡോളറും കുരുമുളകിന് ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ കുരുമുളക് വില 7750 ഡോളറാണ്. കേരളത്തിലെയും കര്‍ണാടകത്തിലെയും തോട്ടങ്ങളും വന്‍കിട സ്റ്റോക്കിസ്റ്റുകളും വിപണിയിലെ ചലനങ്ങള്‍ നിരീക്ഷിക്കുകയാണെങ്കിലും ചരക്ക് ഇറക്കാന്‍ ഉത്സാഹം കാണിച്ചില്ല. ഓഫ് സീസണ്‍ കാലയളവായതിനാല്‍ ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ നാടന്‍ കുരുമുളകിന് ക്ഷാമം അനുഭവപ്പെട്ടു. പിന്നിട്ട ഏതാനും ദിവസങ്ങളായി ഉല്‍പ്പന്ന വില ശക്തമായ വാങ്ങല്‍ താല്‍പര്യത്തില്‍ ഉയരുന്നുണ്ട്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് മുളക് വില കിലോ 631 രൂപ.

റബറിനെ അവഗണിച്ച് ഉത്തരേന്ത്യന്‍ വ്യവസായികള്‍

സംസ്ഥാനത്തെ പ്രമുഖ വിപണികളില്‍ വിവിധയിനം റബര്‍ ഷീറ്റ് വിലയില്‍ കാര്യമായ ഏറ്റകുറച്ചില്‍ ദൃശ്യമായില്ല. അതേ സമയം ഉത്തരേന്ത്യന്‍ വ്യവസായികളില്‍ നിന്നുള്ള ഡിമാന്റ് കുറഞ്ഞതോടെ ലാറ്റക്സ് വില ക്വിന്റ്റലിന് 10,600 ലേയ്ക്ക് താഴ്ന്നു. കൊച്ചിയിലും കോട്ടയത്തും ഒട്ടുപാലിന് ആവശ്യം വര്‍ദ്ധിച്ചെങ്കിലും നിരക്ക് 9700 ല്‍ സ്റ്റെഡിയാണ്.


Full View


Tags:    

Similar News