വിലത്തകര്‍ച്ച ഭീഷണിയില്‍ ഭക്ഷ്യയെണ്ണ; റബര്‍ വിലയില്‍ മാറ്റമില്ല

  • ശേഖരിച്ച് വച്ച് ഏലം

Update: 2023-09-27 12:00 GMT

ഉത്സവ സീസനാണ് മുന്നിലുള്ളതെങ്കിലും ഭക്ഷ്യയെണ്ണ വിപണികളിലെ കിടമത്സരം വില തകര്‍ച്ചയ്ക്ക് ഇടയാക്കുമോയെന്ന ആശങ്കയിലാണ് മുഖ്യ എണ്ണ മാര്‍ക്കറ്റുകള്‍. പാം ഓയില്‍ മാത്രമല്ല, സൂര്യകാന്തി, സോയാ, കപ്പലണ്ടി എണ്ണ മൊത്ത വിപണികള്‍ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ആഗസ്റ്റില്‍ 35 ശതമാനം വര്‍ദ്ധിച്ച വിവരം പുറത്തുവന്നതോടെ പിരിമുറുക്കത്തിലാണ്. ഉത്തരേന്ത്യന്‍ സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് വിറ്റുമാറാന്‍ ശ്രമം നടത്തുന്നതിനാല്‍ ചെറുകിട വ്യാപാരികളും കരുതലോടെയാണ് എണ്ണ ശേഖരിക്കുന്നത്.

ദക്ഷിണേന്ത്യയിലേയ്ക്ക് തിരിഞ്ഞാല്‍ വന്‍കിട കൊപ്രയാട്ട് വ്യവസായികളും ബഹുരാഷ്ട്ര കമ്പനികളും വെളിച്ചെണ്ണ വിറ്റഴിക്കാന്‍ തുടക്കം പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും മാസാരംഭം അടുത്തിനാല്‍ എണ്ണയ്ക്ക് പ്രദേശിക ഡിമാന്റ് ഉയരുമെന്ന വിശ്വാസത്തിലാണ് വില്‍പ്പനക്കാര്‍. ഇതിനിടയില്‍ തമിഴ്നാട്ടില്‍ പച്ചതേങ്ങ വില കിലോ 22.50 - 23 രൂപയായി താഴ്ന്നു. കാങ്കയത്ത് കൊപ്ര വില 7675 രൂപയായി ഇടിഞ്ഞു. പൊള്ളാച്ചിയില്‍ വില 7500 രൂപയും. സ്ഥിതിഗതികള്‍ അത്ര ശുഭകരമല്ലെന്ന സൂചനയാണ് തമിഴ്നാട്ടില്‍ നിന്നും ലഭ്യമാവുന്നത്.

ശേഖരിച്ച് വച്ച് ഏലം

സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമത്തില്‍ നടന്ന ഏലക്ക ലേലത്തില്‍ വില്‍പ്പനയ്ക്ക് എത്തിയ ചരക്കില്‍ വലിയ പങ്കും ഇടപാടുകാര്‍ തിരക്കിട്ട് ശേഖരിച്ചു. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും പല അവസരത്തിലും ഏലത്തിനായി മത്സരിച്ചെങ്കിലും വിലയില്‍ കാര്യമായ മാറ്റം ദൃശ്യമായില്ല. ശരാശരി ഇനങ്ങള്‍ കിലോ 1906 രൂപയിലും മികച്ചയിനങ്ങള്‍ 2652 രൂപയിലും നിലകൊണ്ടു. വില്‍പ്പനയ്ക്ക് വന്ന മൊത്തം 57,727 കിലോഗ്രാം ഏലക്കയില്‍ 56320 കിലോയും വിറ്റഴിഞ്ഞു.

മാറാതെ റബര്‍ വില

റബര്‍ വിലയില്‍ മാറ്റമില്ല. മുഖ്യ വിപണികളില്‍ നിന്നും ഒരു വിഭാഗം വ്യവസായികള്‍ പെരുന്നാള്‍ മുന്‍ നിര്‍ത്തി അകന്ന് നിന്നത് വിലക്കയറ്റത്തിന് തടസമായി. കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഷീറ്റ്നീക്കവും കുറവായിരുന്നു. നാലാം ഗ്രേഡ് റബര്‍ കിലോ 146 രൂപയില്‍ വിപണനം നടന്നു.


Full View



Tags:    

Similar News