നാലാംപാദത്തിൽ മികച്ച നേട്ടം ബാങ്കിങ് മേഖലയ്ക്ക്
ഇന്ത്യൻ കമ്പനികളുടെ നാലാംപാദ ഫലങ്ങൾ പരിശോധിക്കുമ്പോൾ, അവരുടെ പ്രകടനങ്ങളിൽ മേഖലാടിസ്ഥാനത്തിൽ വലിയ വ്യത്യാസം കാണുന്നുണ്ട്. വായ്പാ വളർച്ചയിലും, ആസ്തി ഗുണനിലവാരത്തിലും മികച്ച നേട്ടം കൈവരിച്ച ബാങ്കിങ് മേഖലയാണ് മറ്റെല്ലാ മേഖലകളെക്കാളും മെച്ചപ്പെട്ട പ്രകടനം നടത്തിയത്. ഓട്ടോമൊബൈൽ, സിമന്റ്, കൺസ്യൂമർ ഡ്യൂറബിൾസ്, സ്പെഷ്യൽറ്റി കെമിക്കൽസ്, ആരോഗ്യ മേഖല, മെറ്റൽസ് എന്നീ മേഖലകളിൽ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. എന്നാൽ ഐടി മേഖലയിൽ പ്രതീക്ഷക്കൊത്ത പ്രകടനം റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ നിയമനങ്ങൾ ഡിമാന്റ് വർധനവിനെ സൂചിപ്പിക്കുന്നു. കൂടാതെ, […]
ഇന്ത്യൻ കമ്പനികളുടെ നാലാംപാദ ഫലങ്ങൾ പരിശോധിക്കുമ്പോൾ, അവരുടെ പ്രകടനങ്ങളിൽ മേഖലാടിസ്ഥാനത്തിൽ വലിയ വ്യത്യാസം കാണുന്നുണ്ട്. വായ്പാ വളർച്ചയിലും, ആസ്തി ഗുണനിലവാരത്തിലും മികച്ച നേട്ടം കൈവരിച്ച ബാങ്കിങ് മേഖലയാണ് മറ്റെല്ലാ മേഖലകളെക്കാളും മെച്ചപ്പെട്ട പ്രകടനം നടത്തിയത്.
ഓട്ടോമൊബൈൽ, സിമന്റ്, കൺസ്യൂമർ ഡ്യൂറബിൾസ്, സ്പെഷ്യൽറ്റി കെമിക്കൽസ്, ആരോഗ്യ മേഖല, മെറ്റൽസ് എന്നീ മേഖലകളിൽ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. എന്നാൽ ഐടി മേഖലയിൽ പ്രതീക്ഷക്കൊത്ത പ്രകടനം റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ നിയമനങ്ങൾ ഡിമാന്റ് വർധനവിനെ സൂചിപ്പിക്കുന്നു. കൂടാതെ, കമ്പനികൾ പ്രതീക്ഷിക്കുന്ന ഓർഡറുകൾ ആരോഗ്യകരമായ നിലയിലാണ്.
ബാങ്കിംഗ്
മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസസിലെ അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, റീട്ടെയിൽ, ബിസിനസ് ബാങ്കിംഗ്, എസ്എംഇ വിഭാഗങ്ങളിലെ തുടർചലനങ്ങളുടെ സഹായത്താൽ മിക്ക ബാങ്കുകളുടെയും വളർച്ച മികച്ച തോതിൽ തുടരും. പ്രവർത്തന മൂലധന വായ്പകളുടെയും, പൊതുമേഖലാ സ്ഥാപങ്ങളുടെ മൂലധന ചെലവഴിക്കലിൽ ഉണർവ്വുണ്ടാകുന്നതിന്റെയും പശ്ചാത്തലത്തിൽ മൂലധന വായ്പകളിലും വളർച്ചാ സാധ്യതയുണ്ട്. അടുത്ത കാലത്ത് 'കാസ' (കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട്) യുടെയും, ഫ്ലോട്ടിങ് വായ്പകളുടെയും വർദ്ധനവ് ശുഭ സൂചനയാണ് നൽകുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ ആസ്തി നിലവാരത്തിലും, വായ്പാ വിതരണത്തിലും പുരോഗതി ഉണ്ടാകുമെന്ന് എൻബിഎഫ്സി മാനേജ്‌മെന്റുകൾ അഭിപ്രായപ്പെടുന്നു. വാഹന വായ്പാ വിഭാഗത്തിൽ ലാഭം കുറഞ്ഞേക്കാമെന്ന് അവർ ഏറെക്കുറെ അംഗീകരിക്കുന്നുണ്ട്.
ഉപഭോക്തൃ ഉൽപ്പന്നങ്ങൾ
കൺസ്യൂമർ മേഖലയിൽ അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധന മൊത്തം ലാഭത്തെ വലിയ തോതിൽ കുറച്ചു. ഉയർന്ന അസംസ്കൃത വസ്തു വിലകളുടെ ആഘാതം നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാംപാദ ഫലങ്ങളിൽ പ്രകടമാവും. ഇത് കുറക്കുന്നതിനായി മാനേജ്‌മന്റ് ഉൽപ്പന്ന വില വർധിപ്പിക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. ഉൽപ്പാദനച്ചെലവ് നിയന്ത്രിച്ചും, സാധാരണ നിലയിലുള്ള മൺസൂൺ ലഭ്യത ഉപയോഗപ്പെടുത്തിയും, ഗവൺമെന്റിന്റെ ആരോഗ്യകരമായ വളം സബ്സിഡി നിയന്ത്രണങ്ങളിലൂടെയും ഡിമാൻഡ് വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് മാനേജ്‌മെന്റുകൾ വിശ്വസിക്കുന്നത്.
വാഹനങ്ങൾ
ഓട്ടോമൊബൈൽ മേഖലയിൽ, മന്ദഗതിയിലാണെങ്കിലും ഇരുചക്ര വാഹന ഡിമാൻഡ് മടങ്ങി വന്നു. കയറ്റുമതിയിൽ മികച്ച വളച്ചയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ബ്രാൻഡുകൾക്കും മികച്ച ഓർഡർ ബുക്ക് ഉള്ളതിനാൽ പാസ്സഞ്ചർ വാഹനങ്ങളുടെ ഡിമാന്റ് ശക്തമായി തുടർന്നു. ഗവൺമെന്റിന്റെ ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ ഊന്നൽ കാരണം വാണിജ്യ വാഹനങ്ങളുടെയും ഡിമാൻഡ് ശക്തമായി നിലനിന്നു. ഇന്ധന വിലയുടെ എക്സ്സൈസ് ഡ്യൂട്ടിയിൽ ഈയിടെ ഇളവ് വരുത്തിയത് വരും മാസങ്ങളിൽ വാഹന മേഖലക്ക് ശുഭകരമാകും. സ്കൂളുകളും കോളേജുകളും തുറക്കുന്നത് ബസ്സുകളുടെ ഡിമാൻഡിലും വർദ്ധനവുണ്ടാക്കും. അസംസ്കൃത വസ്തുക്കളുടെ വിലയിൽ സ്ഥിരത കാണുന്നതിനാൽ ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ചറേഴ്സിന്റെ ലാഭത്തിലും വർദ്ധനവുണ്ടായേക്കാം.
സിമന്റ്
സിമന്റ് ഡിമാൻഡിലും കുറവാണ് കാണാൻ സാധിച്ചത്. നഗര ഭവന നിർമ്മാണ മേഖലയിലെ ഉണർവും, ഗ്രാമീണ മേഖലയിൽ നിന്നുള്ള വർദ്ധിച്ച ആവശ്യവും, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കൂടുതൽ സർക്കാർ മുതൽമുടക്കിനുള്ള സാധ്യതയും പരിഗണിക്കുമ്പോൾ സിമെന്റിന്റെ ആവശ്യം ഉയരുമെന്ന് കമ്പനികൾ കണക്കു കൂട്ടുന്നു. പന്ത്രണ്ട് ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനികളുടെ റിസൾട്ടിനെ അടിസ്ഥാനമാക്കി മോത്തിലാൽ ഓസ്വാൾ അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്, സിമന്റ് മേഖലയിൽ ശക്തമായ ചലനങ്ങൾ ഉണ്ടാകുമെന്നാണ്. ഇത് മധ്യ കാലത്തേക്ക് തുടരുകയും ചെയ്യും. കാരണം, ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് നിരവധി മികച്ച പ്രോജക്ടുകൾ പൂർത്തീകരിക്കാനുണ്ട്.
ഐടി
"ഉയർന്ന മൂന്നാംപാദ പ്രകടനം വച്ച് നോക്കുമ്പോൾ നാലാംപാദത്തിൽ നേരിയ തളർച്ച കാണപ്പെടുന്നുവെങ്കിലും, ഐടി സെക്ടറിൽ ഡിമാൻഡ് സാഹചര്യം ഇപ്പോഴും അനുകൂലമാണ്. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പദ്ധതികളും, ക്‌ളൗഡ് മൈഗ്രേഷൻ പ്രോജക്ടുകളും അവരുടെ വളർച്ചയ്ക്ക് പ്രധാന കാരണമായിത്തീർന്നു. ക്‌ളൗഡ്, 5ജി, ഡാറ്റ അനലിറ്റിക്‌സ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, സൈബർ സെക്യൂരിറ്റി, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലെ മികച്ച ഓർഡറുകളുടെ പിൻബലത്തിൽ ഈ സാമ്പത്തിക വർഷം നേട്ടമുണ്ടാക്കാനാവും എന്ന് മാനേജ്മെന്റുകൾക്ക് ആത്മവിശ്വാസമുണ്ട്," അവർ പറഞ്ഞു.