സാഹചര്യം എത്ര നെഗറ്റീവായാലും ഓഹരികളിലെ നിക്ഷേപം തുടരുക: തന്‍വി കഞ്ചൻ
ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ കുറെ ആഴ്ച്ചകളായി തകര്‍ച്ചയിലൂടെ കടന്നു പോകുകയായിരുന്നു. ഈ സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ ഓഹരി നിക്ഷേപത്തെയോര്‍ത്ത് ഉത്കണ്ഠപ്പെടുന്നത് സ്വാഭവികമാണ്. അവരില്‍ പലരും നിക്ഷേപം തുടരണോ, വിറ്റ് ലാഭമെടുക്കണോ, അല്ലെങ്കില്‍ പുതുതായി നിക്ഷേപം ആരംഭിക്കണോ എന്നിങ്ങനെ വിവിധ സാധ്യതകൾ തിരഞ്ഞുകൊണ്ടിരിക്കും. വിപണിയിലെ അസ്ഥിരതയ്ക്കു പിന്നിലുള്ള കാരണങ്ങള്‍, ഏതൊരു നിക്ഷേപവും നടത്തുന്നതിനു മുമ്പ് നിക്ഷേപകര്‍ പരിഗണിക്കേണ്ട ഘടകങ്ങള്‍, നിക്ഷേപ അവസരങ്ങള്‍ എന്നിവയെക്കുറിച്ച് ആനന്ദ്‌രതി ഷെയേഴ്‌സ് ആന്‍ഡ് സ്റ്റേക്ക് ബ്രോക്കേഴ്‌സിന്റെ വൈസ് പ്രസിഡന്റും സ്ട്രാറ്റജി മേധാവിയുമായ തന്‍വി […]
ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ കുറെ ആഴ്ച്ചകളായി തകര്‍ച്ചയിലൂടെ കടന്നു പോകുകയായിരുന്നു. ഈ സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ ഓഹരി നിക്ഷേപത്തെയോര്‍ത്ത് ഉത്കണ്ഠപ്പെടുന്നത് സ്വാഭവികമാണ്. അവരില്‍ പലരും നിക്ഷേപം തുടരണോ, വിറ്റ് ലാഭമെടുക്കണോ, അല്ലെങ്കില്‍ പുതുതായി നിക്ഷേപം ആരംഭിക്കണോ എന്നിങ്ങനെ വിവിധ സാധ്യതകൾ തിരഞ്ഞുകൊണ്ടിരിക്കും. വിപണിയിലെ അസ്ഥിരതയ്ക്കു പിന്നിലുള്ള കാരണങ്ങള്‍, ഏതൊരു നിക്ഷേപവും നടത്തുന്നതിനു മുമ്പ് നിക്ഷേപകര്‍ പരിഗണിക്കേണ്ട ഘടകങ്ങള്‍, നിക്ഷേപ അവസരങ്ങള്‍ എന്നിവയെക്കുറിച്ച് ആനന്ദ്‌രതി ഷെയേഴ്‌സ് ആന്‍ഡ് സ്റ്റേക്ക് ബ്രോക്കേഴ്‌സിന്റെ വൈസ് പ്രസിഡന്റും സ്ട്രാറ്റജി മേധാവിയുമായ തന്‍വി കഞ്ചനുമായി മൈഫിന്‍ ഗ്ലോബല്‍ ഫിനാന്‍സ് മീഡിയ പ്രതിനിധി ബിജിത് ആര്‍ നടത്തിയ പ്രത്യേക അഭിമുഖം.
ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലായി ശക്തമായ തിരുത്തലിലൂടെ കടന്നു പോകുകയായിരുന്നു. പക്ഷേ, ശതമാന കണക്കില്‍ ആഗോള വിപണിയിലെ വീഴ്ച്ചയെക്കാള്‍ കുറവായിരുന്നു ഇന്ത്യന്‍ വിപണിയിലെ വീഴ്ച്ച. ഇതുവരെ എന്താണ് സംഭവിച്ചത്? നിലവിലെ നിലവാരത്തില്‍ നിന്ന് വിപണി കൂടുതല്‍ താഴേക്ക് പോകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ആഗോള വിപണികള്‍ മേയ് മാസത്തില്‍ അസ്ഥിരമായിരുന്നു. അത് അസ്ഥിരമായി ഇപ്പോഴും തുടരുകയുമാണ്. ഇന്ത്യന്‍ വിപണിയും സമാനമായ സഞ്ചാരപഥത്തിലാണ്. എന്നിരുന്നാലും, ഇന്ത്യന്‍ വിപണികളിലെ നഷ്ടത്തിന്റെ ശതമാനം അതിന്റെ ആഗോള എതിരാളികളേക്കാള്‍ കൂടുതലല്ല. നിലവിലെ കലണ്ടര്‍ വര്‍ഷത്തില്‍ നിഫ്റ്റി 6.3 ശതമാനം ഇടിഞ്ഞു. മേയ് മാസത്തിലും ചാഞ്ചാട്ടം തുടരുകയാണ്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍, പതിറ്റാണ്ടുകളായി ഉയര്‍ന്ന തലത്തിലുള്ള പണപ്പെരുപ്പം, വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍, അസംസ്കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവ് ലാഭത്തെ ബാധിക്കുന്നത്, ഡിമാന്‍ഡിലുണ്ടാകുന്ന കുറവ് എന്നിവയാണ് ഈ തുടര്‍ച്ചയായ അസ്ഥിരതയുടെ പ്രധാന കാരണങ്ങള്‍.
നിലവില്‍, ആഗോള തലത്തില്‍ കാര്യമായ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ഘടകങ്ങള്‍ ഓഹരി വിപണികളെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. ആഗോള വിപണികള്‍ പ്രതികൂലമായ തിരുത്തലുകള്‍ വരുത്തിയാല്‍ അതില്‍ നിന്നും ഇന്ത്യന്‍ വിപണിക്ക് പരിക്കേല്‍ക്കാതെ നില്‍ക്കാനാവില്ല. തല്‍ഫലമായി, സമീപകാലത്ത്, ഇന്ത്യന്‍ ഓഹരികളിലും ഒരു നിശ്ചിത അളവിലുള്ള ചാഞ്ചാട്ടം നമുക്ക് കാണാന്‍ കഴിയും. അതേ സമയം, എനിക്ക് തോന്നുന്നത് ഇന്ത്യന്‍ വിപണിയെ മുന്നോട്ടു നയിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളും — അടിസ്ഥാന വസ്തുതകള്‍ (Fundamentals), പണലഭ്യത (Liquidity), മൂല്യനിര്‍ണ്ണയം (Valuation) — ഒന്നുകില്‍ ആകര്‍ഷകമോ അല്ലെങ്കില്‍ നിക്ഷ്പക്ഷമോ ആണ്. അതിനാല്‍, സമീപകാലത്ത് ആഗോള വിപണിക്ക് അനുസൃതമായി ഇന്ത്യന്‍ ഓഹരി വിപണി ഇടിഞ്ഞാലും, മറ്റുള്ളവയെ അപേക്ഷിച്ച് വേഗത്തിലും പ്രാധാന്യത്തിലും ആഭ്യന്തര വിപണി തിരിച്ചുവരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയുടെ ഇടത്തരം-ദീര്‍ഘകാല വീക്ഷണം ഇപ്പോഴും പോസിറ്റീവായി തുടരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി, പ്രത്യേകിച്ച് കോവിഡ് ലോക്ഡൗണ്‍ കാലത്ത്, ധാരാളം പുതിയ നിക്ഷേപകര്‍ വിപണിയിലേക്ക് കടന്നുവന്നിട്ടുണ്ട്. അവര്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു തിരുത്തല്‍ കാണുന്നത്. ഇത്തരം നിക്ഷേപകര്‍ക്കു നല്‍കാനുള്ള ഉപദേശമെന്താണ്?
സ്ട്രാറ്റജിക് പോര്‍ട്ട്‌ഫോളിയോ അലോക്കേഷനിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഓഹരികള്‍, കടപ്പത്രങ്ങൾ, സ്ഥിരനിക്ഷേപങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണം, മറ്റ് ആസ്തികള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിക്ഷേപിക്കുന്നതാണ് നല്ല തീരുമാനം. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഏറ്റവും ആകര്‍ഷകമായ ആസ്തി വിഭാഗങ്ങളില്‍ ഒന്നാണ് ഓഹരികള്‍. ഹ്രസ്വകാലത്തേക്ക് ഓഹരികള്‍ വളരെ അസ്ഥിരമാണ്. അതിനാല്‍, ഓഹരികളിലുള്ള നിക്ഷേപം കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുന്നതായിരിക്കണം. ഹ്രസ്വകാല നിക്ഷേപകര്‍ക്കുള്ള എന്റെ ഉപദേശം ടിപ്പുകളുടെ അടിസ്ഥാനത്തിലുള്ളതോ, വാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ളതോ ആയ നിക്ഷേപങ്ങള്‍ ഒഴിവാക്കുക എന്നതാണ്.
ദീര്‍ഘകാലത്തേക്ക് ഓഹരികള്‍ തെരഞ്ഞെടുക്കുന്നവര്‍ മൂന്ന് കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട് - അടിസ്ഥാന വസ്തുതകള്‍ (രാജ്യത്തിന്റെ സമ്പദ്ഘടനയെ സംബന്ധിച്ചും, കമ്പനിയെ സംബന്ധിച്ചും), ഓഹരി വിപണിയിലെ പണലഭ്യത, വില നിര്‍ണ്ണയം എന്നിവ. ഒരു ഓഹരിയില്‍ നിക്ഷേപിക്കുന്നതിന് കുറഞ്ഞത് മൂന്നു വര്‍ഷം മുന്‍പ് വരെയുള്ള അതിന്റെ കൃത്യമായ വിവരങ്ങള്‍ മനസിലാക്കിയിരിക്കണം.
ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്ക് ഇനിയും ഉയരുമെന്ന കണക്കുകൂട്ടല്‍ എന്നിവയ്ക്കിടയില്‍ ബോണ്ട് യീല്‍ഡുകള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ഓഹരി വിപണിയിലേക്കുള്ള വര്‍ദ്ധിച്ച നിക്ഷേപങ്ങളെ സ്വാധീനിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
എന്നിരുന്നാലും, നിരക്ക് വര്‍ദ്ധനയും, പണപ്പെരുപ്പ നിയന്ത്രണങ്ങളും വഴി സാമ്പത്തിക വളര്‍ച്ചയും, സ്ഥിരതയും കൈവരിക്കുന്നതിനാല്‍ കര്‍ശന പണനയ നിലപാടുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റ് വരുമാനം വര്‍ദ്ധിപ്പിക്കാനാവും. അതിനാല്‍, നിരക്കു വര്‍ദ്ധന കഠിനമല്ലെങ്കില്‍, ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ സമയത്ത്, കര്‍ശന പണനയം ഓഹരി വിപണികൾക്കും കോര്‍പ്പറേറ്റ് വരുമാനത്തിനും അനുകൂലമായിരിക്കും.
മിക്ക കോര്‍പറേറ്റ് കമ്പനികളുടെയും നാലാംപാദ ഫലങ്ങള്‍ വന്നു കഴിഞ്ഞു. ചില കമ്പനികള്‍ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിനിടയിലും മികച്ച റിസള്‍ട്ട് നല്‍കി. ഏതൊക്കെ കമ്പനികളാണ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് അത്ഭുതപ്പെടുത്തിയത്? ഏതൊക്കെ കമ്പനികളാണ് നിരാശപ്പെടുത്തിയത്?
വരുമാന വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏതാണ്ട് 100 ശതമാനത്തോടടുത്തായിരുന്നു നിഫ്റ്റി 50 കമ്പനികള്‍ക്ക്. എനിക്ക് ഒരു കമ്പനിയെ സംബന്ധിച്ച് പറയുക പ്രയാസമാണ്. എന്നാല്‍, വരുമാനത്തിന്റെ കാര്യത്തിൽ ഇന്നത്തെ നിലയിലോ അല്ലെങ്കില്‍ പത്ത് ശതമാനം വരെയോ വര്‍ദ്ധനവ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കാം. ഞങ്ങള്‍ക്കു തോന്നുന്നത്, ഇക്കാലയളവില്‍, വരുമാന വളര്‍ച്ചയിൽ പോസിറ്റീവായ അത്ഭുതങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യതയെന്നാണ്.
ഏതൊക്കെ മേഖലകളാണ് ഈപ്പോള്‍ ബുള്ളിഷായിട്ടുള്ളത്? ഒന്നു രണ്ടു വര്‍ഷത്തേക്ക് നിക്ഷേപത്തിനായി പരിഗണിക്കാവുന്ന കുറച്ച് ഓഹരികളുടെ പേര് നിര്‍ദ്ദേശിക്കാമോ?
ഒരു ആസ്തി വർഗ്ഗം എന്ന നിലയില്‍ ഓഹരികള്‍ ഹ്രസ്വകാലത്തേക്ക് വളരെ അസ്ഥിരമാണ്. എന്നിരുന്നാലും ഓഹരികളിൽ നിന്നുള്ള ദീര്‍ഘകാല റിട്ടേണ്‍ മറ്റേതൊരു ആസ്തിയേക്കാളും വളരെ കൂടുതലുമാണ്. ഈ ലളിതമായ വസ്തുത നിക്ഷേപകര്‍ പലപ്പോഴും അവഗണിക്കുന്നു. പകരം, ഊഹക്കച്ചവടത്തിലൂടെയും, വിപണിയുടെ ഗതി തെറ്റായി കണക്കാക്കുന്നതിലൂടെയും കാര്യമായ നഷ്ടമുണ്ടാക്കുന്നു. സമീപകാല നെഗറ്റീവ് വിപണി ഭാവങ്ങളുടെയും, വിലക്കുറവുകളുടെയും പശ്ചാത്തലത്തില്‍ ഓഹരികളിലെ നിക്ഷേപം തുടരുക എന്നതാണ് ഏറ്റവും വലുതും, മറഞ്ഞിരിക്കുന്നതുമായ അവസരം.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടെലികോം, സിമന്റ്, ക്യാപിറ്റല്‍ ഗുഡ്സ്, ലോജിസ്റ്റിക്സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, പവര്‍, ഹോസ്പിറ്റാലിറ്റി, മീഡിയ തുടങ്ങിയ മേഖലകളെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല അഭിപ്രായമാണ്. ധനകാര്യം, എണ്ണ-പ്രകൃതി വാതകം, ആരോഗ്യ സംരക്ഷണം, നോണ്‍-ഫെറസ് ലോഹങ്ങള്‍ എന്നീ വിഭാഗത്തിൽപ്പെട്ട ഓഹരികളെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായം നിക്ഷ്പക്ഷമാണ്. എഫ്എംസിജി, ഓട്ടോ, ഇരുമ്പ്, ഉരുക്ക്, രാസവസ്തുക്കള്‍, ഡ്യൂറബിള്‍സ്, വ്യാപാരം എന്നിവയെക്കുറിച്ച് നെഗറ്റീവ് അഭിപ്രായമാണ്.