കമ്പനികളുടെ തലവന്‍മാരുടെ പദവി സംബന്ധിച്ച് കര്‍ശന നിലപാട് ഇല്ലെന്ന് സെബി

പല കമ്പനികള്‍ക്കും CMD (ചെയര്‍മാന്‍-കം-മാനേജിംഗ് ഡയറക്ടര്‍) തസ്തികയുണ്ട്. ഇത് വേര്‍തിരിക്കുന്നത് ബോര്‍ഡിന്റെയും മാനേജ്‌മെന്റിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് എതിരായേക്കാം.

Update: 2022-02-16 05:33 GMT

ഡെല്‍ഹി: ലിസ്റ്റഡ് കമ്പനികളിലെ ചെയര്‍പേഴ്സണ്‍, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനങ്ങള്‍ വേര്‍പ്പെടുത്തണമെന്ന നിര്‍ദേശം കര്‍ശനമാക്കുന്നില്ലെന്ന് സെബി. ഇത് സ്വമേധയാ കമ്പനികള്‍ക്ക് നടപ്പാക്കാമെന്നും വ്യവസ്ഥ തത്കാലം കര്‍ശനമാക്കുന്നില്ലെന്നും സെബി വ്യക്തമാക്കി.

സെബിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 500 സ്ഥാപനങ്ങളും 2022 ഏപ്രില്‍ എന്ന് സമയപരിധിക്ക് മുമ്പ് ചെയര്‍പേഴ്സണിന്റെയും മാനേജിംഗ് ഡയറക്ടറുടെയും പോസറ്റുകള്‍ വിഭജിക്കണമെന്നായിരുന്നു നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പ്രായോഗിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പല സ്ഥാപനങ്ങളും ഇത് പാലിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് മീറ്റിംഗിന് ശേഷം പുതിയ തീരുമാനത്തില്‍ 'ഇതുവരെയുള്ള നടത്തിയ നീക്കങ്ങള്‍ തൃപ്തികരമല്ല' എന്ന് സെബി അറിയിച്ചു.

തുടക്കത്തില്‍ ലിസ്റ്റുചെയ്ത സ്ഥാപനങ്ങള്‍ 2020 ഏപ്രില്‍ 1 മുതല്‍ ചെയര്‍പേഴ്സണിന്റെയും എംഡി/സിഇഒയുടെയും റോളുകള്‍ വേര്‍തിരിക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ വ്യവസായ രംഗത്തെ പ്രാതിനിധ്യം കണക്കിലെടുത്ത് തീരുമാനമെടുക്കുന്നതിന് രണ്ട് വര്‍ഷത്തെ അധിക സമയപരിധി നല്‍കുകയായിരുന്നു.

നിര്‍ദ്ദേശം പാലിക്കാനുള്ള പുതുക്കിയ സമയപരിധി രണ്ട് മാസത്തില്‍ താഴെ മാത്രം ബാക്കി നില്‍ക്കെ 2019 സെപ്തംബറിലെ കണക്കനുസരിച്ച് 50.4 ശതമാനം സ്ഥാപനങ്ങളില്‍ മാത്രമേ ഇത് നടപ്പാക്കിയിരുന്നുള്ളു. 2021 ഡിസംബര്‍ 31 വരെ ഇത് 54 ശതമാനമായി.

പല കമ്പനികള്‍ക്കും CMD (ചെയര്‍മാന്‍-കം-മാനേജിംഗ് ഡയറക്ടര്‍) തസ്തികയുണ്ട്. ഇത് വേര്‍തിരിക്കുന്നത് ബോര്‍ഡിന്റെയും മാനേജ്‌മെന്റിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് എതിരായേക്കാം. ഈ പശ്ചാത്തലത്തിലാണ് സെബി 2018 മെയില്‍ തസ്തികകള്‍ വിഭജിക്കാനുള്ള മാനദണ്ഡങ്ങളുമായി രംഗത്തെത്തിയത്. കോര്‍പ്പറേറ്റ് ഗവേണന്‍സിനെക്കുറിച്ച് സെബി നിയോഗിച്ച ഉദയ് കൊട്ടക് കമ്മിറ്റി നല്‍കിയ ശുപാര്‍ശകളുടെ ഭാഗമായാണ് ഈ മാറ്റം നടപ്പിലാക്കുന്നത്.

 

Tags:    

Similar News