ഗവണ്‍മെൻറ് സെക്യൂരിറ്റിസ് മാര്‍ക്കറ്റ്, എന്ന കടപ്പത്ര വിപണി

വ്യത്യസ്ത കാലയളവിലുള്ള കോര്‍പ്പറേറ്റ് പേപ്പറുകള്‍ക്ക് വില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായും ഇവ പ്രവര്‍ത്തിക്കുന്നു.

Update: 2022-01-13 06:14 GMT
trueasdfstory

ഗവണ്‍മെന്റിന്റെ വരുമാനം നികുതികളില്‍ നിന്നും ആസ്തികളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നുമാണ്. കൂടാതെ ബാങ്കുകള്‍, ധനകാര്യ...

ഗവണ്‍മെന്റിന്റെ വരുമാനം നികുതികളില്‍ നിന്നും ആസ്തികളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നുമാണ്. കൂടാതെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും കടം വാങ്ങുന്നു. പണം കടമെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉറവിടം ഗവണ്‍മെന്റ് സെക്യൂരിറ്റിസ് മാര്‍ക്കറ്റ് (government securities market-GSM) ആണ്. സെക്യൂരിറ്റികള്‍ നല്‍കുന്നതിലൂടെ ഹ്രസ്വകാല-ദീര്‍ഘകാല ഫണ്ടുകള്‍ സമാഹരിക്കാന്‍ ഗവണ്‍മെന്റിന് സാധിക്കുന്നു. ഈ സെക്യൂരിറ്റികള്‍ക്ക് അപകട സാധ്യതയില്ല. പലിശയും, മുതലിന്റെ തിരിച്ചടവും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതിനാല്‍ സ്വര്‍ണ്ണം പോലെ സുരക്ഷിതമാണ്. അതിനാല്‍ ഇവയെ ഗില്‍റ്റ് എഡ്ജഡ് സെക്യൂരിറ്റീസ് (gilt-edged securitise) എന്ന് വിളിക്കാറുണ്ട്. ഏതൊരു സാമ്പത്തിക വ്യവസ്ഥയിലും ജിഎസ്എം ഏറ്റവും വലിയ വിപണിയാണ്.

കടപ്പത്ര വിപണിയിലെ പ്രധാന വിഭാഗമാണ് ജിഎസ്എം . ഗവണ്‍മെന്റിന്റെ ഹ്രസ്വകാല-ദീര്‍കാല ആവശ്യങ്ങള്‍ക്കുള്ള പണം ഇതില്‍ നിന്നും കണ്ടെത്തുന്നു. വ്യത്യസ്ത കാലയളവിലുള്ള കോര്‍പ്പറേറ്റ് പേപ്പറുകള്‍ക്ക് വില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായും ഇവ പ്രവര്‍ത്തിക്കുന്നു. ആഭ്യന്തര വിപണിയുടെ വിവിധ വിഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി ഇത് പ്രവര്‍ത്തിക്കുന്നു. കൂടാതെ ആഭ്യന്തര-വിദേശ വിപണികളേയും ജിഎസ്എം കൂട്ടിയിണക്കുന്നു.

ഗവണ്‍മെന്റുകളുടെ ധനനയം നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ വിതരണം ചെയ്യുന്നത് സഹായകരമാണ്. ഗവണ്‍മെന്റിന്റെ പണ നിയന്ത്രണ മാര്‍ഗങ്ങളായ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനും (open market operation), സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (statutory liquidity ratio) യും ഈ വിപണിയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. കടമെടുക്കുന്നതിന് ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ ഉയര്‍ന്ന ഈടാണ് നല്‍കുന്നത്. ഓരോ സെക്യൂരിറ്റിയുടേയും വരുമാനം കൂപ്പണ്‍ (interest) നിരക്കിനേയും, കാലയളവിനേയും ആശ്രയിച്ചിരിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയാണ് ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ ഇറക്കുന്നത്. ദേശസാത്കൃത ബാങ്കുകളാണ് ഇവയുടെ പ്രധാന നിക്ഷേപകര്‍. കൂടാതെ, ഇന്‍ഷുറന്‍സ് കമ്പനികള്‍, പ്രൊവിഡന്റ് ഫണ്ടുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ മുതലായവര്‍ക്കും നിക്ഷേപിക്കാം.

പ്രൈവറ്റ് പ്ലേസ്‌മെന്റ് വിത്ത് ദ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (Private placement with the Reserve Bank of India)

ആര്‍ബിഐ സെക്യൂരിറ്റികള്‍ സ്വയം സൂക്ഷിക്കുകയും സര്‍ക്കാരിന് ആവശ്യമുള്ള പണം നല്‍കുകയും ചെയ്യുന്നു. ഈ സെക്യൂരിറ്റികള്‍ പിന്നീട് അതിന്റെ വില്‍പ്പന മാര്‍ഗത്തിലൂടെ അനുയോജ്യമായ സമയത്ത് വിപണിയില്‍ വില്‍ക്കുന്നു. ഇതിലൂടെ ആര്‍ബിഐ പലിശ നിരക്കിനെ കുറിച്ച് സൂചന നല്‍കുന്നു.

Tags:    

Similar News