വിപണിയില്‍ ഇന്ന് കുതിപ്പിന് സാധ്യത

ആഗോള വിപണികളുടെ മുന്നേറ്റത്തിന്റെ തുടര്‍ച്ചയായി ആഭ്യന്തര വിപണിയിലും ഇന്ന് ഉയര്‍ച്ച പ്രകടമായേക്കാം. ഇന്നലെ പുറത്തുവന്ന അമേരിക്കന്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നേരിയ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വിപണികള്‍ വലിയ ആഹ്ലാദത്തിലായിരുന്നു. ഡൗ ജോണ്‍സ് 1.6 ശതമാനവും, എസ് ആന്‍ഡ് പി 500 2.13 ശതമാനവും, നാസ്ഡാക്ക് 2.89 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ടെക്ക്‌നോളജി ഓഹരികള്‍ക്ക് മുന്‍തൂക്കമുള്ള നാസ്ഡാക്കിന്റെ ഉയര്‍ച്ച ഇന്ത്യന്‍ ഐടി ഓഹരികള്‍ക്ക് കുതിപ്പേകും. ഏഷ്യന്‍ വിപണി രാവിലെ ഏഷ്യന്‍ വിപണികളിലെല്ലാം മികച്ച […]

Update: 2022-08-10 22:28 GMT

ആഗോള വിപണികളുടെ മുന്നേറ്റത്തിന്റെ തുടര്‍ച്ചയായി ആഭ്യന്തര വിപണിയിലും ഇന്ന് ഉയര്‍ച്ച പ്രകടമായേക്കാം. ഇന്നലെ പുറത്തുവന്ന അമേരിക്കന്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നേരിയ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വിപണികള്‍ വലിയ ആഹ്ലാദത്തിലായിരുന്നു. ഡൗ ജോണ്‍സ് 1.6 ശതമാനവും, എസ് ആന്‍ഡ് പി 500 2.13 ശതമാനവും, നാസ്ഡാക്ക് 2.89 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ടെക്ക്‌നോളജി ഓഹരികള്‍ക്ക് മുന്‍തൂക്കമുള്ള നാസ്ഡാക്കിന്റെ ഉയര്‍ച്ച ഇന്ത്യന്‍ ഐടി ഓഹരികള്‍ക്ക് കുതിപ്പേകും.

ഏഷ്യന്‍ വിപണി

രാവിലെ ഏഷ്യന്‍ വിപണികളിലെല്ലാം മികച്ച മുന്നേറ്റമാണ് കാണപ്പെടുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.08 ന് 0.18 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാനിലെ നിക്കി ഒഴികെ മറ്റെല്ലാ പ്രമുഖ ഏഷ്യന്‍ വിപണികളും ഒരു ശതമാനത്തിലേറെ ഉയര്‍ച്ചയിലാണ്. സിംഗപ്പൂരില്‍ വ്യാപാരം നടക്കുന്ന നിഫ്റ്റി 50 ഫ്യൂച്ചേഴ്‌സും ഇന്ന് രാവിലെ ഒരു ശതമാനം നേട്ടത്തിലാണ്.

അമേരിക്കന്‍ വിപണി

അമേരിക്കന്‍ പണപ്പെരുപ്പം ജൂലൈ മാസത്തില്‍ 8.5 ശതമാനമായി കുറഞ്ഞു. ഫെഡിന്റെ നടപടികള്‍ ചെറിയ തോതിലെങ്കിലും ഫലം കണ്ടുതുടങ്ങിയെന്നു വേണം കരുതാന്‍. ഇത് കടുത്ത നിരക്ക് വര്‍ധനയില്‍ നിന്ന് പിന്മാറാന്‍ ഫെഡിനെ പ്രേരിപ്പിച്ചേക്കും. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതായാല്‍, വിപണി പ്രതീക്ഷിച്ചിരുന്നത് 75 ബേസിസ് പോയിന്റ് വര്‍ധനവാണ്. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത് 50 ബേസിസ് പോയിന്റ് വരെയാണ്. ജൂണ്‍ മാസത്തില്‍ പണപ്പെരുപ്പം 9.1 ശതമാനമായിരുന്നു. അതിന് മുന്‍പ് മേയില്‍ 8.6 ശതമാനവും. എന്നാല്‍ അമേരിക്കന്‍ സമ്പദ് ഘടനയില്‍ നിന്ന് ലഭിക്കുന്ന മറ്റ് ചില സൂചനകള്‍ നെഗറ്റീവാണ്. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകളനുസരിച്ച് ക്രൂഡ് ഓയില്‍ ശേഖരം ഉയര്‍ന്നു നില്‍ക്കുകയാണ്. ഇത് എണ്ണ ഉപഭോഗം കുറയുന്നതിന്റെയും, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാതിരിക്കുന്നതിന്റേയും പ്രതിഫലനമാണ്. നാളെ തൊഴിലില്ലായ്മ കണക്കുകള്‍ പുറത്ത് വരും. അപ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.

ക്രൂഡ് ഓയില്‍

ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുകയാണ്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ഒക്ടോബര്‍ ഡെലിവെറി 97 ഡോളറിനടുത്താണ്. ആഗോള മാന്ദ്യ ഭീതി ഇനിയും എണ്ണ വിപണിയില്‍ നിന്ന് വിട്ട് പോയിട്ടില്ല. അമേരിക്കയിലെ എണ്ണ ശേഖരം ഉയര്‍ന്നു നില്‍ക്കുന്നതാണ് വിപണിയ്ക്ക് തിരിച്ചടിയാകുന്നത്. ഇന്നലെ അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ചും അവിടെ എണ്ണ ഉപഭോഗം കുറവാണ്.

വിദേശ നിക്ഷേപം

എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച് ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,449 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 140 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. വിദേശ നിക്ഷേപകരുടെ ഓഹരി വാങ്ങല്‍ വിപണിയ്ക്ക് ഏറെ സഹായകരമാകുന്നുണ്ട്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,735 രൂപ (ഓഗസ്റ്റ് 11)
ഒരു ഡോളറിന് 79.53 രൂപ (ഓഗസ്റ്റ് 11, 08.15 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 97.09 ഡോളര്‍ (ഓഗസ്റ്റ് 11, 8.15 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 18,35,199 രൂപ (ഓഗസ്റ്റ് 11, 8.16 am, വസീര്‍എക്‌സ്)

Tags:    

Similar News