പണനയ തീരുമാനത്തിനായി വിപണി കാത്തിരിക്കുന്നു
ഓഹരി വിപണിയില്‍ ഇന്ന് നിര്‍ണായകമാവുക ആര്‍ബിഐയുടെ പണനയ തീരുമാനമാണ്. റിപ്പോ നിരക്കു വര്‍ധന എത്രയാകുമെന്ന കാര്യത്തിലും, ബാങ്കുകളുടെ കരുതല്‍ ധനാനുപാതം ഉയര്‍ത്തുമോ എന്ന കാര്യത്തിലും വിപണിയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നു. 30 മുതല്‍ 50 ബേസിസ് പോയിന്റ് വരെയുള്ള വര്‍ധനവ് റിപ്പോ നിരക്കില്‍ എല്ലാവരും പ്രതീക്ഷിക്കുന്നു. കരുതല്‍ ധനാനുപാതം ഉയര്‍ത്തിയാല്‍ അത് ബാങ്കുകള്‍ക്ക് തിരിച്ചടിയാകും. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഓഹരികളാണ് ബാങ്കുകളുടെയും, ധനകാര്യ സ്ഥാപനങ്ങളുടെയും. അവയുടെ ലാഭത്തില്‍ ആര്‍ബിഐ തീരുമാനം എത്രമാത്രം സ്വാധീനം ചെലുത്തും എന്നതാണ് വിപണി […]
ഓഹരി വിപണിയില്‍ ഇന്ന് നിര്‍ണായകമാവുക ആര്‍ബിഐയുടെ പണനയ തീരുമാനമാണ്. റിപ്പോ നിരക്കു വര്‍ധന എത്രയാകുമെന്ന കാര്യത്തിലും, ബാങ്കുകളുടെ കരുതല്‍ ധനാനുപാതം ഉയര്‍ത്തുമോ എന്ന കാര്യത്തിലും വിപണിയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നു. 30 മുതല്‍ 50 ബേസിസ് പോയിന്റ് വരെയുള്ള വര്‍ധനവ് റിപ്പോ നിരക്കില്‍ എല്ലാവരും പ്രതീക്ഷിക്കുന്നു. കരുതല്‍ ധനാനുപാതം ഉയര്‍ത്തിയാല്‍ അത് ബാങ്കുകള്‍ക്ക് തിരിച്ചടിയാകും. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഓഹരികളാണ് ബാങ്കുകളുടെയും, ധനകാര്യ സ്ഥാപനങ്ങളുടെയും. അവയുടെ ലാഭത്തില്‍ ആര്‍ബിഐ തീരുമാനം എത്രമാത്രം സ്വാധീനം ചെലുത്തും എന്നതാണ് വിപണി ഉറ്റുനോക്കുന്നത്.
അമേരിക്കൻ വിപണി
ആഗോളസൂചനകള്‍ ഇന്ന് സമ്മിശ്രമാണ്. അമേരിക്കയില്‍ എസ് ആന്‍ഡ് പി 500, ഡൗജോണ്‍സ് എന്നിവ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ നാസ്ഡാക്ക് ലാഭത്തിലാണ് അവസാനിച്ചത്. ഇന്നലെ പുറത്തു വന്ന അമേരിക്കയിലെ തൊഴില്‍ ഇല്ലായ്മ കണക്കുകള്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായ തൊഴില്‍ ഇല്ലായ്മാ വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണവും, ആദ്യമായി അപേക്ഷിക്കുന്നവരുടെ എണ്ണവും കഴിഞ്ഞയാഴ്ച്ച ഉയര്‍ന്ന് നില്‍ക്കുന്നു. അമേരിക്കന്‍ തൊഴില്‍ വിപണി ഏറെക്കുറേ തളര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന് വേണം ഇതില്‍ നിന്നും അനുമാനിക്കാന്‍. ഓഹരി വിപണികള്‍ക്ക് ഇത് നെഗറ്റീവായ ഘടകമാണ്.
ഏഷ്യന്‍ വിപണികള്‍
ഏഷ്യന്‍ വിപണികള്‍ മിക്കവയും ഇന്ന് രാവിലെ ലാഭത്തിലാണ്. ഹോങ്കോങ്ങിലെ ഹാങ്‌സെങ് സൂചിക മാത്രം നഷ്ടം കാണിയ്ക്കുന്നു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.25ന് 0.39 ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു. അമേരിക്കന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം ഉയര്‍ത്തിവിട്ട സംഘര്‍ഷ സാധ്യതകള്‍ ഇന്ന് രാവിലെ വിപണിയെ ബാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍.
ക്രൂഡ് ഓയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുകയാണ്. രാവിലെ 8.35ന് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 94 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. അമേരിക്കയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ക്രൂഡ് ഓയില്‍ ശേഖരവും, കുറയുന്ന ഉപഭോഗവും ആഗോള ഡിമാന്‍ഡും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ആഗോള മാന്ദ്യഭീതി ഇപ്പോഴും പൂര്‍ണമായി വിട്ടൊഴിഞ്ഞിട്ടില്ല. അമേരിക്കയില്‍ നിന്നും പുറത്തു വരുന്ന സാമ്പത്തിക സൂചനകളും ഇത് തന്നെയാണ് കാണിക്കുന്നത്. ഇതെല്ലാം ക്രൂഡ് ഓയിലിന്റെ ഉയര്‍ച്ചയ്ക്ക് ഒരു പരിധി വരെ തടയിടുന്നുണ്ട്.
ആഭ്യന്തര വിപണി
ആഭ്യന്തര വിപണിയെ സംബന്ധിച്ച്, താഴുന്ന ക്രൂഡ് വിലകള്‍ ഏറെ അനുഗ്രഹമാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, രൂപയുടെ വിലത്തകര്‍ച്ചയ്ക്ക് തടയിടുന്നതിനും ഇത് ഏറെ സഹായകരമാണ്. കേന്ദ്ര ബാങ്കിന്റെ സഹനപരിധിയ്ക്കുള്ളില്‍ പണപ്പെരുപ്പം നിലനിര്‍ത്തണമെങ്കില്‍ പണനയ പരിപാടികളിലൂടെ മാത്രം സാധ്യമാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വില ഇക്കാര്യത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്.
വിപണിയെ സംബന്ധിച്ച് മറ്റൊരു അനുകൂല ഘടകം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികളിലെ അറ്റ നിക്ഷേപകരായി മാറി എന്നതാണ്. തുടര്‍ച്ചയായി അവര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയും 1,474 കോടി രൂപ വിലയുള്ള ഓഹരികളില്‍ അറ്റ നിക്ഷേപം നടത്തി. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 47 കോടി വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. വിദേശ നിക്ഷേപകരുടെ നിക്ഷേപ തന്ത്രത്തില്‍ വന്ന മാറ്റം വിപണി ഉയരുന്നതിന് ഏറെ സഹായകരമാണ്.
കമ്പനി ഫലങ്ങള്‍
ഇന്ന് പുറത്തു വരാനുള്ള പ്രധാന കമ്പനി ഫലങ്ങള്‍: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നൈക, പേടിഎം, ടൈറ്റാന്‍, ആദിത്യ ബിര്‍ല ഫാഷന്‍, പെട്രോനെറ്റ് എല്‍എന്‍ജി, ഫൈസര്‍, റെയ്മണ്ട്, യുക്കോ ബാങ്ക്, മുത്തൂറ്റ് ക്യാപിറ്റല്‍ എന്നിവയാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,750 രൂപ (ഓഗസ്റ്റ് 5)
ഒരു ഡോളറിന് 79.23 രൂപ (ഓഗസ്റ്റ് 5, 9.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 94.26 ഡോളര്‍ (ഓഗസ്റ്റ് 5, 9.00 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 23,129.38 ഡോളര്‍ (ഓഗസ്റ്റ് 4, 9.10 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)