സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍ വിപണിയ്ക്ക് ഊർജ്ജം പകർന്നേക്കാം

ഏഷ്യന്‍ വിപണികളെല്ലാം ഇന്നു രാവിലെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.15 ന് 0.36 ശതമാനം ഉയര്‍ച്ചയിലാണ്. ആഗോള വിപണികളെല്ലാം ഇന്ന് പുറത്തുവരാനിരിക്കുന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ്. അതിന്റെ ആശങ്ക എല്ലാ വിപണികളിലും നിഴലിക്കുന്നുമുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് ഏഷ്യന്‍ വിപണികളില്‍ ഇപ്പോഴൊരു മുന്നേറ്റം കാണപ്പെടുന്നത്. ഐഎംഎഫ് അമേരിക്കയുടെ വളര്‍ച്ചാ പ്രവചനം കുറച്ചിട്ടുണ്ട്. പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്നത് അമേരിക്കന്‍ സമ്പദ്ഘടനയില്‍ ഘടനാപരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും, ഇത് ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഹാനികരമാണെന്നും രാജ്യാന്തര […]

Update: 2022-07-12 22:20 GMT

ഏഷ്യന്‍ വിപണികളെല്ലാം ഇന്നു രാവിലെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.15 ന് 0.36 ശതമാനം ഉയര്‍ച്ചയിലാണ്. ആഗോള വിപണികളെല്ലാം ഇന്ന് പുറത്തുവരാനിരിക്കുന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ്. അതിന്റെ ആശങ്ക എല്ലാ വിപണികളിലും നിഴലിക്കുന്നുമുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് ഏഷ്യന്‍ വിപണികളില്‍ ഇപ്പോഴൊരു മുന്നേറ്റം കാണപ്പെടുന്നത്. ഐഎംഎഫ് അമേരിക്കയുടെ വളര്‍ച്ചാ പ്രവചനം കുറച്ചിട്ടുണ്ട്. പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്നത് അമേരിക്കന്‍ സമ്പദ്ഘടനയില്‍ ഘടനാപരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും, ഇത് ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഹാനികരമാണെന്നും രാജ്യാന്തര നാണയ നിധി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ അമേരിക്കന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ആഭ്യന്തര വിപണി
ഇന്ത്യന്‍ വിപണിയിലും ഇന്നത്തെ വ്യാപാരത്തിന്റെ ഗതി പ്രവചിക്കാനാവില്ല. ഇന്നലെ വിപണിയില്‍ കാര്യമായ നഷ്ടം സംഭവിച്ചിരുന്നു. അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ നാളെ മാത്രമേ ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുകയുള്ളു. അതിനാല്‍, വിപണിയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുക ആഭ്യന്തര സ്ഥിതിവിവര കണക്കുകളായിരിക്കും. ഇന്നലെ പുറത്തു വന്ന ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 7.01 ശതമാനമായതും, വ്യവസായ ഉത്പാദന വളര്‍ച്ച 12 മാസത്തെ ഉയര്‍ന്ന നിരക്കായ 19.6 ശതമാനത്തിലെത്തിയതും സമ്പദ്ഘടനയുടെ ആരോഗ്യ സ്ഥിതി മികച്ചതാണെന്ന് വെളിപ്പെടുത്തുന്നു. ഈ രണ്ടു കണക്കുകളും വിപണിക്കും ഉത്തേജനം പകരുന്നവയാണ്. നേരിയ തോതിലെങ്കിലും പണപ്പെരുപ്പം കുറയുന്നത് കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന നടപടികള്‍ക്ക് ഫലമുണ്ടാകുന്നു എന്നതിന്റെ തെളിവാണ്. കടുത്ത നിരക്കു വര്‍ദ്ധനയില്‍ നിന്ന് പിന്മാറാന്‍ ഒരു പക്ഷേ, ആര്‍ബിഐയെ ഈ കണക്കുകള്‍ പ്രേരിപ്പിച്ചേക്കാം.

ക്രൂഡോയില്‍
ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ ക്രൂഡോയില്‍ വില കുറയുകയാണ്. ഇതിനു പ്രധാന കാരണം അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകളനുസരിച്ച് യുഎസില്‍ ക്രൂഡോയിലിന്റെയും, ഗ്യാസൊലീന്റെയും ശേഖരം ഉയര്‍ന്ന നിലയിലാണ്. അതിനാല്‍, എണ്ണയുടെ ഡിമാന്‍ഡില്‍ കാര്യമായ വര്‍ദ്ധനയുണ്ടാവുകയില്ല. ഇതിനു പുറമേ ആഗോള മാന്ദ്യ ഭീതിയും ചൈനയിലെ വര്‍ദ്ധിച്ചു വരുന്ന കോവിഡ് നിയന്ത്രണങ്ങളും ഊര്‍ജ്ജ ഉപഭോഗം കുറച്ചേക്കാം. ഇക്കാരണങ്ങള്‍ കൊണ്ടാണ് ക്രൂഡോയില്‍ വില ബാരലിന് ഇന്നലെ 95 ഡോളറിനടുത്തേക്ക് താഴ്ന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത് ഏറെ അനുകൂല ഘടകമാണ്. ഓഹരി വിപണിയില്‍ ഇത് പോസിറ്റീവായ സ്വാധീനം ചെലുത്തിയേക്കാം.

വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റയനുസരിച്ച് ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,565.68 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 141 കോടി രൂപ വിലയുള്ള ഓഹരികള്‍ മാത്രമേ അധികമായി വാങ്ങിയുള്ളു. വിദേശ നിക്ഷേപകരുടെ ഓഹരി വില്‍പ്പന വീണ്ടും വര്‍ദ്ധിക്കുന്നത് വിപണിയുടെ മുന്നേറ്റത്തിന് തടസമാണ്. ഇന്നു പുറത്തുവരാനുള്ള പ്രധാന കമ്പനി ഫലം ഐടി സര്‍വീസസ് സ്ഥാപനമായ മൈന്‍ഡ്ട്രീയുടേതാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഐടി ഓഹരികളില്‍ കാര്യമായ വീഴ്ച്ച സംഭവിക്കുന്നുണ്ട്. മൈന്‍ഡ് ട്രീയുടെ ഫലം പുറത്തു വരുന്നതോടെ ഈ ട്രെന്‍ഡിന് മാറ്റമുണ്ടാകുമോയെന്ന് കാണാം.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,670 രൂപ (ജൂലൈ 13)
ഒരു ഡോളറിന് 79.50 രൂപ (ജൂലൈ 13)
ബ്രെന്റ് ക്രൂഡ് ബാരലിന് 99.80 ഡോളര്‍ (8.20 am)
ഒരു ബിറ്റ് കോയിന്റെ വില 16,31,900 രൂപ (8.20 am)

Tags:    

Similar News