ഏഷ്യന്‍ വിപണികളില്‍ കോവിഡ് ഭീതി പിടിമുറുക്കുന്നു

ആഴ്ച്ചയുടെ ആരംഭത്തില്‍ ഏഷ്യന്‍ ഓഹരി വിപണികളില്‍ തകര്‍ച്ചയാണ് പ്രകടമാവുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സി നിഫ്റ്റി രാവിലെ 8.15 ന് 0.68 ശതമാനം താഴ്ച്ചയിലാണ്. മറ്റു പ്രമുഖ വിപണികളെല്ലാം ഏറെക്കുറേ ഒരു ശതമാനത്തോളം നഷ്ടം കാണിക്കുന്നു. ഇന്നലെ ഷാംങ്ഹായില്‍ കണ്ടെത്തിയ ഒമിക്രോണിന്റെ പുതിയ വകഭേദം ഏഷ്യയില്‍ ആകെ ഭീതി പരത്തിയിട്ടുണ്ട്. ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏഷ്യന്‍ വിപണികളെല്ലാം മന്ദഗതിയിലാണ് വ്യാപാരം നടത്തുന്നത്. കൂടാതെ, ബുധനാഴ്ച്ച വരാനിരിക്കുന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ ആഗോള വിപണിയ്ക്ക് ഏറെ […]

Update: 2022-07-10 22:32 GMT

ആഴ്ച്ചയുടെ ആരംഭത്തില്‍ ഏഷ്യന്‍ ഓഹരി വിപണികളില്‍ തകര്‍ച്ചയാണ് പ്രകടമാവുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സി നിഫ്റ്റി രാവിലെ 8.15 ന് 0.68 ശതമാനം താഴ്ച്ചയിലാണ്. മറ്റു പ്രമുഖ വിപണികളെല്ലാം ഏറെക്കുറേ ഒരു ശതമാനത്തോളം നഷ്ടം കാണിക്കുന്നു. ഇന്നലെ ഷാംങ്ഹായില്‍ കണ്ടെത്തിയ ഒമിക്രോണിന്റെ പുതിയ വകഭേദം ഏഷ്യയില്‍ ആകെ ഭീതി പരത്തിയിട്ടുണ്ട്. ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏഷ്യന്‍ വിപണികളെല്ലാം മന്ദഗതിയിലാണ് വ്യാപാരം നടത്തുന്നത്. കൂടാതെ, ബുധനാഴ്ച്ച വരാനിരിക്കുന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ ആഗോള വിപണിയ്ക്ക് ഏറെ നിര്‍ണ്ണായകമാണ്. ഇതില്‍ വ്യക്തത വരുന്നതു വരെ വിപണിയില്‍ കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കേണ്ടതില്ല.

അമേരിക്കന്‍ വിപണി

അമേരിക്കന്‍ തൊഴിലില്ലായ്മ കണക്കുകള്‍ 3.6 ശതമാനത്തില്‍ തുടരുന്നത് സമ്പദ് ഘടനയുടെ ആരോഗ്യം മെച്ചമാണെന്ന് കാണിക്കുന്നു. വെള്ളിയാഴ്ച്ച വിപണികള്‍ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. നാസ്ഡാക്ക് നേരിയ നേട്ടം കൈവരിച്ചപ്പോള്‍ എസ്ആന്‍ഡ്പി 500, ഡൗ ജോണ്‍സ് എന്നീ സൂചികകള്‍ നഷ്ടത്തിലായിരുന്നു. മെച്ചപ്പെട്ട സാമ്പത്തിക സൂചകങ്ങള്‍ കൂടുതല്‍ ഉയര്‍ന്ന തോതിലുള്ള നിരക്കു വര്‍ധനയിലേയ്ക്ക് ഫെഡിനെ നയിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

ആഭ്യന്തര വിപണി

കുറയുന്ന ക്രൂഡ് വിലയും, പണപ്പെരുപ്പത്തില്‍ ഉണ്ടായേക്കാവുന്ന താഴ്ച്ചയും ഓഹരി വിപണികളെ ഉത്തേജിപ്പിക്കും. ഇന്ന് ഏഷ്യന്‍ വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ഏറെക്കുറെ മാറ്റമില്ലാതെ തുടരുകയാണ്. ആഭ്യന്തര വിപണിയില്‍ കമ്പനി ഫലങ്ങളുടെ സീസണ്‍ ആരംഭിച്ച് കഴിഞ്ഞു. വെള്ളിയാഴ്ച്ച വിപണി അവസാനിച്ചതിന് ശേഷം പുറത്തുവന്ന ടിസിഎസിന്റെ ഫലത്തോടുള്ള പ്രതികരണം ഇന്നുണ്ടാവും. ജൂണ്‍ പാദത്തിലെ കമ്പനിയുടെ അറ്റാദായത്തില്‍ 5.2 ശതമാനം വര്‍ധനയുണ്ട്. എന്നാല്‍ പൊതുവെ ഐടി ഓഹരികള്‍ക്ക് പ്രിയം കുറയുകയാണ്. അമേരിക്കയില്‍ രൂപപ്പെട്ടേക്കാവുന്ന മാന്ദ്യം ഇന്ത്യന്‍ ഐടി കമ്പനികളെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലാണ് ഇതിന് പ്രധാന കാരണം. ഇന്ന് പ്രധാന കമ്പനികളുടെ ഫലങ്ങളൊന്നും പുറത്തു വരാനില്ല. ഈ ആഴ്ച്ചയില്‍ എസിസി, ജിണ്ടാല്‍ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ഫലങ്ങള്‍ പുറത്തുവരും.

വിദേശ നിക്ഷേപകര്‍

നാളെയും ബുധനാഴ്ച്ചയുമായി പുറത്തു വരാനുള്ള ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകളും, വ്യവസായ ഉത്പാദന കണക്കുകളും, മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കും വിപണിയ്ക്ക് ഏറെ നിര്‍ണ്ണായകമാണ്. ഇതോടൊപ്പം ആഗോള ഘടകങ്ങളായ ക്രൂഡ് ഓയില്‍ വിലയും, വിദേശ നിക്ഷേപകരുടെ ഓഹരി വില്‍പ്പനയും ആഭ്യന്തര വിപണിയുടെ ഗതി നിര്‍ണ്ണയിക്കും. ജൂലൈ മാസത്തില്‍ ഇതുവരെ 4,000 കോടി രൂപ വിലയുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പന നടത്തിയത്. എന്നാല്‍ 2,100 കോടി രൂപയുടെ ഓഹരികള്‍ അവര്‍ അധികമായി വാങ്ങി. ഇത് വിപണിയില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. ജൂണില്‍ മാത്രം അവര്‍ 50,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു നിക്ഷേപ രീതി അവര്‍ പ്രകടിപ്പിക്കുന്നു എന്നുള്ളത് വിപണിയെ മുന്നോട്ട് നയിച്ചേക്കാം. എങ്കിലും ഇന്ത്യയുടെ ഉയരുന്ന വ്യാപാരക്കമ്മി വിദേശ നിക്ഷേപകര്‍ക്ക് ഒരു പ്രശ്‌നമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വിദഗ്ധാഭിപ്രായം

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "ഓഹരി വിപണികളെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഒരുപാട് സ്ഥിതിവിവരക്കണക്കുകള്‍ ഈ ആഴ്ച്ച പുറത്ത് വരും. അമേരിക്കന്‍ തൊഴില്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് അവരുടെ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്നാണ്. ഇത് ഫെഡറല്‍ റിസര്‍വിനെ, സമ്പദ് ഘടനയില്‍ വലിയ ആഘാതം സൃഷ്ടിക്കാത്ത വിധം, പണപ്പെരുപ്പ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സഹായിക്കും. ഇന്ത്യന്‍ സാഹചര്യത്തില്‍, ചരക്കു വിലകളിലുണ്ടാകുന്ന കുറവ് — പ്രത്യേകിച്ചും ക്രൂഡ് ഓയില്‍, ലോഹങ്ങള്‍, ഗോതമ്പ്, ഭക്ഷ്യ എണ്ണകള്‍ എന്നിവയുടെ — ആഭ്യന്തര പണപ്പെരുപ്പ നിരക്ക് നിയന്ത്രണവിധേയമാക്കുവാന്‍ ആര്‍ബിഐയെ സഹായിക്കും. അതായത്, കേന്ദ്ര ബാങ്കിന് കര്‍ശന നിരക്കു വര്‍ധനയുമായി വേഗത്തില്‍ മുന്നോട്ടു നീങ്ങേണ്ട ആവശ്യം ഒഴിവാകും. ഇത് ആഭ്യന്തര വിപണിയ്ക്ക് സഹായകരമാണ്. വിദേശ നിക്ഷേപകരുടെ വില്‍പ്പനയുടെ അളവ് കുറയുന്നതും വിപണിയ്ക്ക് ഹ്രസ്വകാലത്തേയ്ക്ക് ഏറെ സഹായകരമാണ്. ക്യാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോമൊബൈല്‍, ധനകാര്യ ഓഹരികള്‍ മികച്ച നിലയിലാണ്. 'വിപണി ഉയരുമ്പോള്‍ വില്‍ക്കുക'യെന്ന ജൂണിലെ വ്യാപാര തന്ത്രത്തില്‍ നിന്നും 'വില കുറയുമ്പോള്‍ വാങ്ങുക' എന്ന തരത്തിലേയ്ക്ക് വിപണിയുടെ സ്വാഭാവം ജൂലൈയില്‍ മാറുന്നുണ്ട്."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,685 രൂപ (ജൂലൈ 11)
ഒരു ഡോളറിന് 79.23 രൂപ (ജൂലൈ 11)
ബ്രെന്റ് ക്രൂഡ് ബാരലിന് 106.34 ഡോളര്‍ (ജൂലൈ 11, 8.15 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 17,09,398 രൂപ (ജൂലൈ 11, 8.16 am, വസീര്‍എക്‌സ്)

Tags:    

Similar News