ഒന്നാംപാദ ഫലങ്ങള്‍ ഇന്നു മുതല്‍, വിപണിയില്‍ പ്രതീക്ഷകളേറെ

രണ്ടു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഇന്നും ഓഹരി വിപണിയില്‍ മുന്നേറ്റത്തിന് സാധ്യതയുണ്ട്. ഒന്നാംപാദ കമ്പനി ഫലങ്ങള്‍ ഇന്നു മുതല്‍ പുറത്തു വന്നു തുടങ്ങും. ടിസിഎസിന്റെ ഫലമാണ് ഇന്നു പ്രധാനമായും പുറത്തുവരിക. നാളെ ഡി മാര്‍ട്ടിന്റെ ഫലപ്രഖ്യാപനമുണ്ടാകും. രാവിലെ ഏഷ്യന്‍ വിപണികളെല്ലാം മികച്ച നിലയില്‍ വ്യാപാരം നടത്തുന്നു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.20 ന് 0.78 ശതമാനം ഉയര്‍ച്ചയിലാണ്. അമേരിക്കന്‍ വിപണിയിലും ഇന്നലെ മുന്നേറ്റമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്നു രാവിലെ ഏഷ്യന്‍ വിപണികളില്‍ വ്യാപാരം മുന്നേറുന്നത്. അമേരിക്കന്‍ […]

Update: 2022-07-07 22:23 GMT

രണ്ടു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഇന്നും ഓഹരി വിപണിയില്‍ മുന്നേറ്റത്തിന് സാധ്യതയുണ്ട്. ഒന്നാംപാദ കമ്പനി ഫലങ്ങള്‍ ഇന്നു മുതല്‍ പുറത്തു വന്നു തുടങ്ങും. ടിസിഎസിന്റെ ഫലമാണ് ഇന്നു പ്രധാനമായും പുറത്തുവരിക. നാളെ ഡി മാര്‍ട്ടിന്റെ ഫലപ്രഖ്യാപനമുണ്ടാകും. രാവിലെ ഏഷ്യന്‍ വിപണികളെല്ലാം മികച്ച നിലയില്‍ വ്യാപാരം നടത്തുന്നു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.20 ന് 0.78 ശതമാനം ഉയര്‍ച്ചയിലാണ്. അമേരിക്കന്‍ വിപണിയിലും ഇന്നലെ മുന്നേറ്റമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്നു രാവിലെ ഏഷ്യന്‍ വിപണികളില്‍ വ്യാപാരം മുന്നേറുന്നത്.

അമേരിക്കന്‍ വിപണി
ഫെഡറല്‍ റിസര്‍വ് മീറ്റിംഗിന്റെ മിനിറ്റ്‌സ് പ്രകാരം നിരക്കു വര്‍ദ്ധനയുണ്ടായാലും അതൊരു മാന്ദ്യത്തിലേക്ക് നയിക്കാതെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന പല പ്രമുഖ ഗവര്‍ണര്‍മാരുടെയും അഭിപ്രായം വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ക്രിസ്റ്റഫര്‍ വാലര്‍, ജെയിംസ് ബുള്ളാര്‍ഡ് എന്നീ ഗവര്‍ണര്‍മാര്‍ പറയുന്നത് സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത തീരെക്കുറവാണെന്നാണ്. ഇത് അമേരിക്കന്‍ വിപണിയുടെ മുന്നേറ്റത്തിന് ഏറെ സഹായകരമായി. ഇന്നലെ പുറത്തു വന്ന സാമ്പത്തിക സൂചകങ്ങളനുസരിച്ച് അമേരിക്കന്‍ സമ്പദ്ഘടനയുടെ സ്ഥിതി അത്ര മെച്ചമല്ല. 'ഇനീഷ്യല്‍ ജോബ് ലെസ് ക്ലെയിംസ്' (തൊഴിലില്ലായ്മ വേതനത്തിനായുള്ള ആദ്യ അപേക്ഷകര്‍) വര്‍ദ്ധിച്ചു. സഹായത്തിനായുള്ള തുടര്‍ച്ചയായ അപേക്ഷകളും ഉയര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകള്‍ പ്രകാരം ക്രൂഡോയില്‍ ശേഖരം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത് കാണിക്കുന്നത് ഊര്‍ജ്ജ ഉപഭോഗത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ്. ഇത്തരം ദൗര്‍ബല്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഫെഡ് കനത്ത നിരക്കു വര്‍ദ്ധനയ്ക്ക് തുനിഞ്ഞേക്കില്ല എന്നാണ് വിപണിയുടെ വിലയിരുത്തല്‍.

ക്രൂഡോയില്‍
ക്രൂഡോയില്‍ വില ഏഷ്യന്‍ വിപണിയില്‍ രാവിലെ നേരിയ താഴ്ച്ചയിലാണ്. തുടക്കത്തില്‍, വിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായെങ്കിലും 104 ഡോളറിനടുത്തേക്ക് വില താഴുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ അമേരിക്കയുടെ ശേഖരത്തില്‍ കുറവുണ്ടാകുന്നില്ല എന്നത് ആഗോള എണ്ണ വിപണിക്ക് തിരിച്ചടിയാണ്. കൂടാതെ, ലോക സമ്പദ് വ്യവസ്ഥകളില്‍ മാന്ദ്യം ഒഴിവാക്കാനാകും എന്ന തരത്തിലുള്ള വിശ്വസനീയമായ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഇന്നലെ, ഐഎംഎഫ് പുറത്തുവിട്ട മുന്നറിയിപ്പ് മാന്ദ്യ ഭീതിക്ക് ശക്തിപകരുന്നതായിരുന്നു. അമേരിക്കന്‍ വിദഗ്ധരും ഒരു 'സോഫ്റ്റ് ലാന്‍ഡിംഗി'നെപ്പറ്റിയാണ് ചിന്തിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സമീപഭാവിയില്‍ എണ്ണയുടെ ഡിമാന്‍ഡില്‍ വലിയൊരു കുതിച്ചു ചാട്ടത്തിന് സാധ്യതയില്ലെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ക്രൂഡിനോടൊപ്പം മെറ്റല്‍സ് അടക്കമുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വിലയും താഴുകയാണ്. ഇത് ഓഹരി വിപണിക്ക് അനുകൂലമാണ്.

വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റയനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 925.11 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. വിദേശ നിക്ഷേപകരുടെ വില്‍പ്പനയുടെ തോത് കുറയുന്നത് വിപണിക്കും ഇന്ത്യന്‍ രൂപയ്ക്കും ഏറെ അനുഗ്രഹമാണ്. ആര്‍ബിഐ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാന്‍ നടപ്പിലാക്കിയ പല നീക്കങ്ങളും ഫലം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 980 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,672രൂപ (ജൂലൈ 08)
ഒരു ഡോളറിന് 79.06 രൂപ (ജൂലൈ 08)
ബ്രെന്റ് ക്രൂഡ് ബാരലിന് 104.64 ഡോളര്‍ (8.25 am)
ഒരു ബിറ്റ് കോയിന്റെ വില 17,23,599 രൂപ (8.25 am)

Tags:    

Similar News