ഇപിഎല്‍ വാങ്ങാം: മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്
ഇപിഎല്‍ നിര്‍ദ്ദേശം: വാങ്ങുക വിപണി വില: 157.05 രൂപ നിര്‍ദ്ദേശിച്ചത്: മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇപിഎല്‍ മാനേജ്‌മെന്റ്, കമ്പനിക്ക് സഹായകരമായേക്കാവുന്ന പ്രധാന വ്യാവസായിക ട്രെന്‍ഡുകള്‍ വിശദീകരിച്ചിരുന്നു. ഇതില്‍, സുസ്ഥിരതയിലേക്കുള്ള മാറ്റങ്ങള്‍, അലുമിനിയം ട്യൂബുകളില്‍ നിന്നും ലാമിനേറ്റഡ് ട്യൂബുകളിലേക്കുള്ള മാറ്റം, ദൃഢമായ പാക്കേജിംഗില്‍ നിന്നും ട്യൂബിലേക്കുള്ള മാറ്റം, കാര്‍ട്ടണ്‍ ഒഴിവാക്കിയുള്ള പാക്കേജിംഗ്, ഡിസൈനിംഗിലൂടെ പ്രീമിയം സേവനങ്ങളിലേക്കുള്ള മാറ്റം എന്നിവ ഉള്‍പ്പെടുന്നു. ദീര്‍ഘകാലത്തില്‍, കമ്പനി ലക്ഷ്യമിടുന്നത് ലോകത്തെ ഏറ്റവും സുസ്ഥിരമായ പാക്കേജിംഗ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാകാനാണ്. ഹ്രസ്വകാലത്തില്‍, അസംസ്‌കൃത […]
ഇപിഎല്‍
നിര്‍ദ്ദേശം: വാങ്ങുക
വിപണി വില: 157.05 രൂപ
നിര്‍ദ്ദേശിച്ചത്: മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്
ഇപിഎല്‍ മാനേജ്‌മെന്റ്, കമ്പനിക്ക് സഹായകരമായേക്കാവുന്ന പ്രധാന വ്യാവസായിക ട്രെന്‍ഡുകള്‍ വിശദീകരിച്ചിരുന്നു. ഇതില്‍, സുസ്ഥിരതയിലേക്കുള്ള മാറ്റങ്ങള്‍, അലുമിനിയം ട്യൂബുകളില്‍ നിന്നും ലാമിനേറ്റഡ് ട്യൂബുകളിലേക്കുള്ള മാറ്റം, ദൃഢമായ പാക്കേജിംഗില്‍ നിന്നും ട്യൂബിലേക്കുള്ള മാറ്റം, കാര്‍ട്ടണ്‍ ഒഴിവാക്കിയുള്ള പാക്കേജിംഗ്, ഡിസൈനിംഗിലൂടെ പ്രീമിയം സേവനങ്ങളിലേക്കുള്ള മാറ്റം എന്നിവ ഉള്‍പ്പെടുന്നു. ദീര്‍ഘകാലത്തില്‍, കമ്പനി ലക്ഷ്യമിടുന്നത് ലോകത്തെ ഏറ്റവും സുസ്ഥിരമായ പാക്കേജിംഗ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാകാനാണ്.
ഹ്രസ്വകാലത്തില്‍, അസംസ്‌കൃത വസ്തുക്കളുടെ പണപ്പെരുപ്പം ലാഭത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് മാനേജ്‌ന്റെ് സൂചിപ്പിക്കുന്നു. ഉയര്‍ന്ന വിപണി പങ്കാളിത്തം നേടുക, കൂടുതൽ ഉപഭോക്താക്കളെ സ്വന്തമാക്കുക, ചെറിയ മത്സരമുയര്‍ത്തുന്ന എതിരാളികളില്‍ നിന്നും വിപണി പങ്കാളിത്തം കൈക്കാലാക്കുക, സുസ്ഥിര സേവനങ്ങള്‍ ഇരട്ടിയാക്കുക, സേവനം, ഗുണമേന്‍മ എന്നിവയിലെ നേട്ടം നിലനിര്‍ത്തുക എന്നിവയിലൂടെ വേഗത്തില്‍ വളര്‍ച്ച നേടാനാണ് കമ്പനി ലക്ഷ്യംവെയ്ക്കുന്നത്.
ഓറല്‍ കെയര്‍ മേഖലയില്‍ ഉയര്‍ന്ന ഒറ്റയക്ക വളര്‍ച്ചയാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബ്യൂട്ടി, കോസ്‌മെറ്റിക്സ്, ഫാര്‍മ മേഖലകള്‍ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തിയേക്കാം. ഈ മേഖലകളില്‍ കമ്പനിക്ക് കുറഞ്ഞ വിപണി പങ്കാളിത്തമേയുള്ളു. കൂടാതെ, കമ്പനിക്ക് വളരാനുള്ള സാധ്യതയുമുണ്ട്.
അസംസ്‌കൃത വസ്തുക്കള്‍, ചരക്ക് നീക്കം, പാക്കേജിംഗ് എന്നിവയിലെ ചെലവ് വര്‍ദ്ധന കമ്പനി ഉപഭോക്താക്കളിലേക്ക് കൈമാറും. കരാറിലേര്‍പ്പെട്ടിട്ടുള്ള ഉപഭോക്താക്കളുമായി നിരക്കിന്റെ കാര്യത്തില്‍ ഒറ്റത്തവണ ടോപ് അപ് നടത്താനുദ്ദേശിക്കുന്നു. കൂടാതെ, കരാറിനു പുറത്തുള്ളവരുമായും അനുയോജ്യമായ വിധത്തില്‍ ചർച്ച നടത്തി വില വര്‍ദ്ധന നടപ്പിലാക്കും. മാനേജ്‌മെന്റ് വിശ്വസിക്കുന്നത് പുതിയ ഓര്‍ഡറുകള്‍ കൂടുതല്‍ ലാഭം കൊണ്ടു വരുമെന്നാണ്. ഇപിഎല്ലിന് ഓറല്‍ ട്യൂബുകളില്‍ 33 ശതമാനം; ബ്യൂട്ടി, കോസ്‌മെറ്റിക്, ഫാര്‍മ മേഖലകളില്‍ 10 ശതമാനം; ഫുഡ്, ഹോം, ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ എട്ട് ശതമാനം എന്നിങ്ങനെ വിപണി വിഹിതമുണ്ട്.
എച്ച്ഡിഎഫ്‌സി ബാങ്ക്
നിര്‍ദ്ദേശം: വാങ്ങുക
വിപണി വില: 1,353.65 രൂപ
നിര്‍ദ്ദേശിച്ചത്: ജെഎം ഫിനാന്‍ഷ്യല്‍
എച്ചഡിഎഫ്‌സി ബാങ്കിന്റെ 2022 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ബാങ്കിന്റെ സാന്നിധ്യം (ഒരു വര്‍ഷം 1,500-2,000 ശാഖകള്‍) വളര്‍ത്തുന്നതിനും, പേയ്മെന്റ് മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും, എസ്എംഇ-കൊമേഴ്‌സ്യല്‍ ബാങ്കിംഗ് എന്നിവയിലെ വളര്‍ച്ചയ്ക്കുമായിരുന്നു കഴിഞ്ഞ വർഷം ശ്രദ്ധ നല്‍കിയിരുന്നതെന്നാണ്.
ബാങ്കിന്റെ ഉപഭോക്തൃ അടിത്തറ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍, 10 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍, ഏഴു കോടിയായി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ഹോള്‍സെയില്‍ ബാങ്കിംഗിലെ ശക്തമായ വളര്‍ച്ചയുടെ ഫലമായി വന്‍കിട വായ്പാ സ്വീകര്‍ത്താക്കളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും വലിയ 20 വായ്പ സ്വീകര്‍ത്താക്കള്‍ മൊത്തം വായ്പകളുടെ 13.8 ശതമാനം വരും. 2020 മാര്‍ച്ചില്‍ ഇത് 11.6 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹോള്‍സെയില്‍ ബാങ്കിംഗില്‍ നിന്നുള്ള വരുമാനം 43 ശതമാനം വര്‍ദ്ധിച്ചു. എന്നാല്‍, റീട്ടെയില്‍ ബാങ്കിംഗ് വരുമാനത്തില്‍ 13 ശതമാനം കുറവുണ്ടായി. കൂടാതെ, ഡിപ്പോസിറ്റുകളുടെ ചെലവ് കഴിഞ്ഞ 10 വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 3.4 ശതമാനത്തിലെത്തി. ഫീസ് വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി.
കാര്‍ഷിക, എംഎസ്എംഇ വായ്പകള്‍ യഥാക്രമം മൊത്തം ലോണ്‍ ബുക്കിന്റെ 10 ശതമാനവും, 23 ശതമാനവുമാണ്. ഏകദേശം 84 ശതമാനം ബാങ്ക് ശാഖകളും എംഎസ്എംഇ ലോണുകള്‍ നല്‍കുന്നുണ്ട്. ബാങ്കിന്റെ റൂറല്‍ ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഫണ്ട് നിക്ഷേപങ്ങളിലും നിര്‍ണ്ണായക വളര്‍ച്ചയുണ്ടായി. ഇത് മൊത്തം ആസ്തികളുടെ 2.2 ശതമാനമാണിപ്പോള്‍. പ്രയോറിറ്റി സെക്ടര്‍ ലെന്‍ഡിംഗ് മാനദണ്ഡങ്ങളും (മൊത്തം വായ്പകളുടെ 8.9 ശതമാനം) ബാങ്ക് കൃത്യമായി പാലിക്കുന്നുണ്ട്. വാഹന വായ്പ വിഭാഗത്തില്‍ ബാങ്കിന് ശക്തമായ സാന്നിധ്യമുണ്ട്. വാണിജ്യ വാഹന വിഭാഗത്തില്‍ 28 ശതമാനവും, ചെറു വാണിജ്യ വാഹന വിഭാഗത്തില്‍ എട്ട് ശതമാനവും വര്‍ദ്ധനവുണ്ട്.
എച്ച്ഡിഎഫ്‌സി ബാങ്ക് കാഷ്‌ലെസ് ഇടപാടുകളുടെ ഏറ്റവും വലിയ സേവനദാതാവാണ്. ബാങ്ക് 4.3 കോടി ഡെബിറ്റ് കാര്‍ഡുകളും, 1.65 കോടി ക്രെഡിറ്റ് കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ട്.
ബന്ധന്‍ ബാങ്ക്
നിര്‍ദ്ദേശം: വാങ്ങുക
വിപണി വില: 264.80 രൂപ
നിര്‍ദ്ദേശിച്ചത്: ജെഫ്രീസ്
ബന്ധന്‍ ബാങ്കിന്റെ വായ്പാ വിതരണവും, തിരിച്ചടവും ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ കോവിഡിനു മുമ്പുള്ള തലത്തിലേക്ക് എത്തിയിട്ടുണ്ടൈന്ന് ബന്ധന്‍ ബാങ്ക് മാനേജ്‌മെന്റ് പറഞ്ഞു. ബാങ്കിന്റെ മധ്യകാലത്തേക്കുള്ള ലക്ഷ്യങ്ങൾ വായ്പാ വിതരണം വൈവിധ്യവത്കരിക്കുകയെന്നതും, പുതിയ സ്ഥലങ്ങളിലേക്ക് ബാങ്കിന്റെ സാന്നിധ്യം വ്യാപിപ്പിക്കുക എന്നതുമാണ്.
വായ്പകളിലെ വൈവിധ്യവത്കണം പുതിയ പ്രദേശങ്ങളിലേക്ക് ബാങ്കിനെ തീര്‍ച്ചയായും നയിക്കും. ബാങ്ക് ഇരുചക്ര വാഹന വായ്പകള്‍, സ്വര്‍ണപ്പണയ, വ്യക്തിഗത വായ്പകള്‍ എന്നിവ വികസിപ്പിക്കാനൊരുങ്ങുകയാണ്. ഭവന വായ്പകളിലെ പങ്കാളിത്തം നിലവിലെ 24 ശതമാനത്തില്‍ നിന്നും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ആസാമിലെ വെള്ളപ്പൊക്കം (മൈക്രോഫിനാന്‍സ് വായ്പയുടെ 9 ശതമാനവും, മൊത്തം വായ്പയുടെ 6 ശതമാനവും) മൂലം മുന്‍കാലയളവിലേക്കാള്‍ ബിസിനസ് ഇവിടെ മോശമാണ്. ബിസിനസ്സ് സാധാരണ നിലയിലാകാന്‍ മൂന്നു മുതല്‍ നാല് ആഴ്ച്ചകള്‍ എടുത്തേക്കാം. മാനേജ്‌മെന്റ് കണക്കാക്കുന്നത് ഇവിടെ നിന്നുള്ള നഷ്ടം നേരത്തെ വകയിരുത്തിയ 2-2.5 ശതമാനം ക്രെഡിറ്റ് കോസ്റ്റിനുള്ളില്‍ നിലനിന്നേക്കുമെന്നാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം താരതമ്യേന മോശമായിരിക്കും. പ്രത്യേകിച്ച് വായ്പ വിതരണത്തിലും, തിരിച്ചടവിലും ഇടിവുണ്ടാകും (നാലാംപാദത്തെ അപേക്ഷിച്ച് 200-300 ബേസിസ് പോയിന്റ് കുറവായിരിക്കും). എന്നാല്‍, നല്ല മഴ ലഭിച്ചാല്‍ അത് വിളവെടുപ്പിനുശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, ഉത്സവകാല ആവശ്യങ്ങള്‍ക്കും സഹായകരമാകും.
പുനക്രമീകരിച്ച വായ്പകളില്‍ നിന്നുള്ള തിരിച്ചടവ് ഏകദേശം 60 ശതമാനമാണ്. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ മോശമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തിലും, രണ്ടാം പാദത്തിലും കൂടുതല്‍ വായ്പകള്‍ നിഷ്‌ക്രിയ ആസ്തികളാകാനുള്ള സാധ്യതയുണ്ട്. ജെഫ്രീസിന്റെ അനുമാന പ്രകാരം 50 ശതമാനം പുനക്രമീകരിച്ച വായ്പകള്‍ (2022 മാര്‍ച്ചില്‍ പുനക്രമീകരിച്ച വായ്പകള്‍ 5,400 കോടി രൂപയുടേതാണ്. ഇത് മൊത്തം വായ്പകളുടെ 5.5 ശതമാനമാണ്) നിഷ്‌ക്രിയ ആസ്തികളുടെ ഗണത്തിലേക്ക് ഒന്നും, രണ്ടും പാദങ്ങളില്‍ വീണേക്കാം. അതിനു സമാനമായി പലിശ വരുമാനവും (ഏകദേശം 800 കോടി രൂപ) നഷ്ടപ്പെട്ടേക്കാം. എന്നിരുന്നാലും, ക്രെഡിറ്റ് കോസ്റ്റ് ഇംപാക്ട് കൈകാര്യം ചെയ്യാവുന്നതായിരിക്കുമെന്ന് കരുതപ്പെടുന്നു. കാരണം, ബാങ്ക് അതിനാവശ്യമായ കരുതല്‍ ഫണ്ടുകള്‍ സൂക്ഷിക്കുന്നുവെന്ന് ജെഫ്രീസ് അനുമാനിക്കുന്നു.
റാലീസ് ഇന്ത്യ
നിര്‍ദ്ദേശം: വാങ്ങുക
വിപണി വില: 187.60 രൂപ
നിര്‍ദ്ദേശിച്ചത്: പ്രഭുദാസ് ലീലാധര്‍
റാലീസ് ഇന്ത്യ നിക്ഷേപകര്‍ക്കായുള്ള കോണ്‍ഫറന്‍സ് കോളില്‍ അഭിപ്രായപ്പെട്ടത് ആഭ്യന്തര കീടനാശിനി, വിത്ത് വിഭാഗങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ സ്ഥിരമായ പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നാണ്. ഉത്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡും, വിതരണവും വരും പാദങ്ങളില്‍ മെച്ചമായിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. എന്നാല്‍, മഹാരാഷ്ട്രയില്‍ കാലവര്‍ഷം പ്രതീക്ഷിച്ചത്ര ശക്തിപ്രാപിക്കാഞ്ഞതിനാല്‍ കോട്ടണ്‍ വിത്തുകളുടെ വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടു. ഇത് വിളവിറക്ക് താമസിക്കുന്നതിനും, വ്യാജ ബിടി കോട്ടണ്‍ വിത്തുകളുടെ വ്യാപനത്തിനും ഇടയാക്കി. ഉത്പന്നങ്ങളുടെ കാര്യക്ഷമമായ വിതരണം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്. മഴയുടെ അളവ് താരതമ്യേന മെച്ചമായിരുന്നതാണ് കാരണം.
വരുന്ന ആഴ്ച്ചകള്‍ മഴയുടെ കാര്യത്തിലും, ഉത്പന്ന വിതരണത്തിന്റെ കാര്യത്തിലും വളരെ നിര്‍ണായകമാണ്. ആഗോള വിപണികളില്‍ നിന്നുള്ള നല്ല പ്രതികരണം കാരണം കമ്പനിയുടെ കയറ്റുമതി ബിസിനസില്‍ നല്ല പ്രതീക്ഷയുണ്ട്. കയറ്റുമതിയിലുണ്ടാകുന്ന വര്‍ദ്ധനവും, കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തെ മികച്ച ബിസനസും ഈ പാദത്തില്‍ വളര്‍ച്ചയെ സഹായിക്കുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു. എന്നാല്‍, കയറ്റുമതി ബിസിനസില്‍ ലാഭം താരതമ്യേന കുറവായിരിക്കാനാണ് സാധ്യത. ബ്രോക്കറേജ് ഹൗസ് കണക്കാക്കുന്നത്, ഒന്നാംപാദത്തില്‍ ഒമ്പത് ശതമാനം വരുമാന വളര്‍ച്ചയുണ്ടാകുമെന്നാണ്. ആഭ്യന്തര വളര്‍ച്ചയിലുണ്ടാകുന്ന എട്ട് ശതമാനം വര്‍ദ്ധനവും, കയറ്റുമതിയിലുണ്ടാകുന്ന 20 ശതമാനം വര്‍ദ്ധനവും കണക്കിലെടുത്താണ് ഈ നിഗമനത്തിലെത്തിയത്.
അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവ് നേരിടാന്‍ കമ്പനി ഉത്പന്നങ്ങളുടെ വില ഒന്നാംപാദത്തില്‍ 4 മുതല്‍ 5 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു. ഇതിനു പുറമേ, കാലവര്‍ഷം സാധാരണ നിലയിലാവുകയും, കാര്‍ഷികോത്പന്ന വിലകള്‍ ആദായകരമാവുകയും ചെയ്താല്‍ ആഭ്യന്തര ബിസിനസില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)