ആഗോള ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിര്‍ണായകമാവും

സുപ്രധാന ആഭ്യന്തര സംഭവവികാസങ്ങളൊന്നും ഇന്നു പ്രതീക്ഷിക്കാനില്ലാത്ത സാഹചര്യത്തില്‍ ഓഹരി വിപണി ഇന്ന് ആഗോള നീക്കങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചേക്കും. വിപണിയില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന നേരിയ ഉയര്‍ച്ചകള്‍ ലാഭമെടുപ്പിന് അവസരം നല്‍കും. അതിനാല്‍ ഏറെക്കുറെ വിപണി ഇന്ന് ചാഞ്ചാട്ടത്തിലായിരിക്കും. ക്രൂഡോയില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറെ നിര്‍ണായകമാവുക ആഗോള ക്രൂഡ് വിലകളാണ്. ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ എണ്ണ വില അസ്ഥിരമാണ്. കഴിഞ്ഞ സെഷനില്‍ ആറു ശതമാനം നഷ്ടമുണ്ടാക്കിയ ശേഷം ഇന്നു നേരിയ തിരിച്ചുവരവ് സംഭവിക്കുന്നുണ്ട്. എന്നാല്‍, ആഗോള തലത്തില്‍ വളര്‍ച്ച ദുര്‍ബലമായേക്കുമോ എന്ന […]

Update: 2022-06-19 22:24 GMT

സുപ്രധാന ആഭ്യന്തര സംഭവവികാസങ്ങളൊന്നും ഇന്നു പ്രതീക്ഷിക്കാനില്ലാത്ത സാഹചര്യത്തില്‍ ഓഹരി വിപണി ഇന്ന് ആഗോള നീക്കങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചേക്കും. വിപണിയില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന നേരിയ ഉയര്‍ച്ചകള്‍ ലാഭമെടുപ്പിന് അവസരം നല്‍കും. അതിനാല്‍ ഏറെക്കുറെ വിപണി ഇന്ന് ചാഞ്ചാട്ടത്തിലായിരിക്കും.

ക്രൂഡോയില്‍
ഇന്ത്യന്‍ വിപണിയില്‍ ഏറെ നിര്‍ണായകമാവുക ആഗോള ക്രൂഡ് വിലകളാണ്. ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ എണ്ണ വില അസ്ഥിരമാണ്. കഴിഞ്ഞ സെഷനില്‍ ആറു ശതമാനം നഷ്ടമുണ്ടാക്കിയ ശേഷം ഇന്നു നേരിയ തിരിച്ചുവരവ് സംഭവിക്കുന്നുണ്ട്. എന്നാല്‍, ആഗോള തലത്തില്‍ വളര്‍ച്ച ദുര്‍ബലമായേക്കുമോ എന്ന ഭീതി ക്രൂഡ് വിലയെ തളര്‍ത്തുന്നുണ്ട്. ഉയര്‍ന്ന ഊര്‍ജ്ജ വിലകളാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണമെന്ന് വിലയിരുത്തലും ഈ ഘട്ടത്തില്‍ എണ്ണയ്ക്ക് തിരിച്ചടിയാകുന്നു.

ഏഷ്യന്‍-യുഎസ് വിപണികള്‍
ഏഷ്യന്‍ വിപണികളെല്ലാം ഇന്നു രാവിലെ സമ്മിശ്ര പ്രതികരണമാണ് കാണിക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സി നിഫ്റ്റി രാവിലെ 8.44 ന് 0.31 ശതമാനം നഷ്ടം കാണിക്കുന്നു. ജപ്പാനിലെ നിക്കി, തായ് വാന്‍ വെയിറ്റഡ്, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവയും നഷ്ടത്തിലാണ്. എന്നാല്‍, ഹോംകോംഗിലെ ഹാങ് സെങ് സൂചിക, ഷാങ്ഹായ് സൂചിക, ഷാങ്ഹായിലെ ചൈനഎ50 എന്നിവ നേരിയ ലാഭത്തിലാണ്. കേന്ദ്ര ബാങ്കുകള്‍ തുടരുന്ന കര്‍ശന പണനയം ആഗോള മാന്ദ്യത്തിലേക്ക് നയിക്കുമോ എന്ന ഭീതിയാണ് ഇപ്പോഴും വിപണിക്ക് തിരിച്ചടിയാകുന്നത്. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണിയും സമ്മിശ്ര ഫലമാണ് നല്‍കിയത്. എസ് ആന്‍ഡ് പി 500, നാസ്ഡാക് എന്നിവ ലാഭത്തില്‍ അവസാനിച്ചപ്പോള്‍ ഡൗ ജോണ്‍സ്് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

മണ്‍സൂണ്‍
ഇന്ത്യന്‍ വിപണിയെ ഏറെ സ്വാധീനിക്കാവുന്ന മറ്റൊരു ഘടകം മണ്‍സൂണ്‍ എത്തിച്ചേരുന്നതിനുള്ള കാലതാമസമാണ്. ദക്ഷിണ പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ത്യന്‍ കാര്‍ഷിക ഉത്പാദനത്തില്‍ നിര്‍ണായക ഘടകമാണ്. ദുര്‍ബലമായ മണ്‍സൂണ്‍ ഗ്രാമീണ മേഖലയുടെ വാങ്ങല്‍ ശേഷിയെ കുറയ്ക്കും. ഭക്ഷ്യ പണപ്പെരുപ്പത്തിന് ഇത് ആക്കം കൂട്ടുകയും ചെയ്യും. ഗ്രാമീണ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട എല്ലാ ഉത്പന്നങ്ങള്‍ക്കും-എഫ്എംസിജി മുതല്‍ ട്രാക്ടറുകളും, ടൂവീലറുകളും വരെ- ഡിമാന്‍ഡ് കുറയാന്‍ കാരണമായി തീരും.

വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന ഇപ്പോഴും തുടരുകയാണ്. ജൂണ്‍ മാസം ഇതുവരെ 31,400 കോടി രൂപ വിലയുള്ള ഓഹരികള്‍ അവര്‍ വിറ്റഴിച്ചു. ഈ വര്‍ഷം ഇതുവരെ 1.98 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റു കഴിഞ്ഞു. യുഎസ് ഫെഡിന്റെ അടുത്തഘട്ടത്തിലെ നിരക്കുയര്‍ത്തലോടുകൂടി ഏറെ ആകര്‍ഷകമായേക്കാവുന്ന അമേരിക്കന്‍ ഇക്വിറ്റി-ബോണ്ട് വിപണികളിലേക്ക് അവര്‍ ഭൂരിപക്ഷവും തിരികെ പോകും. ഇത് ആഭ്യന്തര വിപണിക്ക് വലിയ തിരിച്ചടിയാണ്.

വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: 'കഴിഞ്ഞ കുറേ ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ അമേരിക്കന്‍ വിപണിയിലെ മാന്ദ്യ സാധ്യതകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കുകളുടെ ഒത്തൊരുമിച്ചുള്ള നിരക്കു വര്‍ദ്ധന ആഗോള വളര്‍ച്ചയ്ക്ക തീര്‍ച്ചയായും തിരിച്ചടിയാകും. ഉയര്‍ന്ന പലിശ നിരക്കുകളും, താഴുന്ന സാമ്പത്തിക വളര്‍ച്ചയും കമ്പനികളുടെ ലാഭം കുറയ്ക്കും. റിസ്‌ക് കൂടിയ ആസ്തികളെല്ലാം ഈ നിരാശജനകമായ സാഹചര്യത്തില്‍ ചാഞ്ചാട്ടം പ്രകടിപ്പിക്കും. ബിറ്റ്‌കോയിന്റെ വിലയിലുണ്ടായ വന്‍ തകര്‍ച്ച (72 ശതമാനം) ഈ ഭീതിയുടെ പ്രകടനമാണ്. ഇന്ത്യന്‍ വിപണിയിലെ വിലയിടിവ് അമേരിക്കന്‍ വിപണിയോളം ആഴ്ത്തിലുള്ളതല്ല. അതിനുകാരണം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പനയെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും, റീട്ടെയില്‍ നിക്ഷേപകരും വാങ്ങാനുള്ള അവസരമായി ഉപയോഗിക്കുന്നതാണ്. തുടര്‍ച്ചയായുള്ള വീഴ്ച്ചയില്‍ നിന്നും ഏതു സമയവും ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാം. ഇതിനു സഹായകരമായേക്കാവുന്ന ഒരു ഘടകം ക്രൂഡോയില്‍ വിലയിലുണ്ടായ ആറു ശതമാനം കുറവാണ്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ അത് വിപണിയുടെ ഉത്തേജനത്തിനും, ആഗോള പണപ്പെരുപ്പം തടയുന്നതിനും സഹായകരമാണ്. എല്ലാ മേഖലയിലുമുള്ള ഉയര്‍ന്ന മൂല്യമുള്ള ലാര്‍ജ്-കാപ് ഓഹരികള്‍ ഈ അവസരത്തില്‍ വാങ്ങാവുന്നതാണ്.'

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,765 രൂപ (ജൂണ്‍ 20)
ഒരു ഡോളറിന് 78.05 രൂപ (ജൂണ്‍ 20)
ബ്രെന്റ് ക്രൂഡ് ബാരലിന് 113.04 ഡോളര്‍ (8.35 am)
ഒരു ബിറ്റ് കോയിന്റെ വില 16,60,488 രൂപ (8.35 am)

Tags:    

Similar News