അനിശ്ചിതത്വം നീങ്ങിയതിന്റെ ആശ്വാസത്തില്‍ വിപണികള്‍

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഇന്നലെ 0.75 ശതമാനം നിരക്ക് വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് ഏഷ്യന്‍ വിപണികളിലെല്ലാം ആശ്വാസ മുന്നേറ്റം പ്രകടമാണ്. 1994 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കു വര്‍ദ്ധനയാണിത്. ഇതോടെ അമേരിക്കയിലെ ഫണ്ട് നിരക്ക് 1.5 ശതമാനത്തിനും 1.7 ശതമാനത്തിനും മധ്യേ എത്തി. ഏഷ്യ-യുഎസ് വിപണികള്‍ സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.09 ന് 0.73 ശതമാനം നേട്ടത്തിലാണ്. ഹോംകോംഗിലെ ഹാങ്‌സെങ് സൂചികയൊഴികെ മറ്റു പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം ലാഭം കാണിക്കുന്നു. ഇന്നലെ അമേരിക്കന്‍ വിപണിയും നേട്ടത്തിലാണ് ക്ലോസ് […]

Update: 2022-06-15 22:32 GMT

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഇന്നലെ 0.75 ശതമാനം നിരക്ക് വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് ഏഷ്യന്‍ വിപണികളിലെല്ലാം ആശ്വാസ മുന്നേറ്റം പ്രകടമാണ്. 1994 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കു വര്‍ദ്ധനയാണിത്. ഇതോടെ അമേരിക്കയിലെ ഫണ്ട് നിരക്ക് 1.5 ശതമാനത്തിനും 1.7 ശതമാനത്തിനും മധ്യേ എത്തി.

ഏഷ്യ-യുഎസ് വിപണികള്‍
സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.09 ന് 0.73 ശതമാനം നേട്ടത്തിലാണ്. ഹോംകോംഗിലെ ഹാങ്‌സെങ് സൂചികയൊഴികെ മറ്റു പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം ലാഭം കാണിക്കുന്നു. ഇന്നലെ അമേരിക്കന്‍ വിപണിയും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡൗ ജോണ്‍സ് ഒരു ശതമാനവും, എസ് ആന്‍ഡ് പി 500 1.46 ശതമാനവും, നാസ്ഡാക് 2.50 ശതമാനവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.

നിക്ഷേപകരെല്ലാവരും ഫെഡിന്റെ പ്രവചനത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. നിരക്കു വര്‍ദ്ധന കഠിനമാണെങ്കിലും ഇതിലൂടെ അമേരിക്കന്‍ സമ്പദ്ഘടനയെ മെച്ചപ്പെടുത്താനാകുമെന്നുള്ള ശുഭപ്രതീക്ഷയാണ് അവരെ നയിക്കുന്നത്. എന്നാല്‍, തൊഴിലില്ലായ്മ നിരക്കും ഉയരുന്ന പണപ്പെരുപ്പവും വെല്ലുവിളികളായി തുടരുമെന്ന് ഫെഡ് പ്രവചനം പറയുന്നു. ഇതിനെ മറികടക്കുവാന്‍ വരും മാസങ്ങളിലും 50-75 ബേസിസ് പോയിന്റ് നിരക്കില്‍ വര്‍ദ്ധനവ് അനിവാര്യമാണെന്ന് ഫെഡ് കണക്കാക്കുന്നു. ഈ നിലയില്‍ പോയാല്‍ വര്‍ഷാന്ത്യത്തോടെ ഫെഡ് നിരക്ക് 3.4 ശതമാനം വരെയെത്താം. 2024 ല്‍ മാത്രമേ ഈ നിരക്കില്‍ ഏതെങ്കിലും തരത്തില്‍ കുറവുവരുത്താനുദ്ദേശിക്കുന്നുള്ളുവെന്നും ഫെഡ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ഫലമായി ജിഡിപി വളര്‍ച്ച 1.7 ശതമാനമായി കുറയുമെന്നും അവര്‍ കണക്കാക്കുന്നു. ഇന്നലെ പുറത്തു വന്ന റീട്ടെയില്‍ സെയില്‍സ് കണക്കുകള്‍ അമേരിക്കന്‍ സമ്പദ്ഘടനയിലെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നതാണ്. അവിടെ ചെലവഴിക്കല്‍ നെഗറ്റീവായി മാറുകയാണ് ചെയ്തത്.

ക്രൂഡോയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുകയാണ്. ഫെഡ് നിരക്കുയര്‍ത്തിയ സമയത്ത് രണ്ടു ഡോളര്‍ താഴേക്കു പോയ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വില ഇപ്പോള്‍ $119.6 ആയി തിരികെ വന്നിരിക്കുകയാണ്. ഇതിനു പ്രധാന കാരണം ഉത്പാദനത്തിലെ കുറവാണ്. ആഗോള മാന്ദ്യഭീതിയെക്കാളും ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളെക്കാളും വിപണിയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഉത്പാദന-വിതരണ തടസങ്ങളാണ്. വേനല്‍ക്കാലത്തെ ഉപഭോഗം യുഎസിലും, പടിഞ്ഞാറന്‍ രാജ്യങ്ങളിലും വര്‍ദ്ധിച്ചത് വില വര്‍ദ്ധനയ്ക്കുള്ള മറ്റൊരു കാരണമാണ്. ഇന്ത്യയുടെ വ്യാപാരക്കമ്മി മേയില്‍ ഉയര്‍ന്നതായാണ് ഇന്നലെ പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നത്. ഉയരുന്ന ക്രൂഡ് വിലയാണ് ഇതിനു പ്രധാനകാരണം. ഇന്നലെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 78.17 ലാണ് ക്ലോസ് ചെയ്തത്. ഇന്ത്യന്‍ കറന്‍സി ഇനിയും ദുര്‍ബലമാകാനുള്ള സാധ്യതകളാണ് കമ്മി വര്‍ദ്ധനവോടെ നിലനില്‍ക്കുന്നത്.

വിദേശ നിക്ഷേപകര്‍
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 3,531 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,588 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ഫെഡ് നിരക്കുയര്‍ന്നതിനാല്‍ അമേരിക്കന്‍ വിപണി സ്ഥിരത കൈവരിക്കുകയും അതിലൂടെ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഏഷ്യന്‍ വിപണികളിലെ ഓഹരി വിറ്റഴിക്കലിന് ശമനമുണ്ടാകുകയും ചെയ്യുമെന്ന് വിപണി വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: "28 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കു വര്‍ദ്ധനയോടെ ഫെഡ് ചീഫ് നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. അവരുടെ കയ്യില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഫലപ്രദമായ ഉപകരണങ്ങളുണ്ടെന്നും, വില സ്ഥിരത ഉറപ്പുവരുത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ, ബാലന്‍സ് ഷീറ്റില്‍ കാര്യമായ കുറവു വരുത്തുവാനും ഫെഡ് തീരുമാനിച്ചിട്ടുണ്ട്. ഇത് ആഗോള ഓഹരി വിപണികള്‍ക്ക് തിരിച്ചടിയാണ്. ഇന്ന് സംഭവിച്ചേക്കാവുന്ന ആശ്വാസ മുന്നേറ്റങ്ങളൊന്നും അധിക സമയം നിലനില്‍ക്കില്ല. ഇന്ത്യയിലെ വിദേശ നിക്ഷേപകരുടെ ഓഹരി വില്‍പ്പനയും തുടരാനാണ് സാധ്യത. നിക്ഷേപകര്‍ ശ്രദ്ധയോടെയുള്ള വ്യാപാരം തെരഞ്ഞെടുക്കണം. ദീര്‍ഘകാല ലക്ഷ്യത്തോടുകൂടി മികച്ച ഐടി, ബാങ്കിംഗ്, ഫാര്‍മ, ഓട്ടോമൊബൈല്‍ ഓഹരികള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. പോര്‍ട്‌ഫോളിയോയിലെ കാഷ് നിലവാരം ഉയര്‍ന്ന നിലയില്‍ സൂക്ഷിക്കണം. വിപണിയുടെ ട്രെന്‍ഡിലുണ്ടാകുന്ന ഏതു മാറ്റത്തേയും ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണിത്."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,715 രൂപ (ജൂണ്‍ 16)
ഒരു ഡോളറിന് 78 രൂപ (ജൂണ്‍ 16)
ബ്രെന്റ് ക്രൂഡ് ബാരലിന് 119.44 ഡോളര്‍ (8.30 am)
ഒരു ബിറ്റ് കോയിന്റെ വില 18,37,822 രൂപ (8.30 am)

Tags:    

Similar News