ഡ്രാഫ്റ്റ് റെഡ്ഹെറിംഗ് പ്രോസ്പെക്ടസ്
കമ്പനിയുടെ ബിസിനസ് സംബന്ധിച്ച വിവരങ്ങള്‍, പ്രമോട്ടര്‍മാര്‍, ധനസ്ഥിതി, കമ്പിനി കൈകാര്യം ചെയ്യുന്ന വ്യവസായത്തെ സംബന്ധിച്ച വിവരങ്ങള്‍ മുതലായവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഐപിഒ കള്‍ പുറത്തിറക്കുന്നതിനു മുന്‍പായി മര്‍ച്ചന്റ് ബാങ്കര്‍മാര്‍ ഒരു പ്രാഥമിക രജിസ്ട്രേഷന്‍ രേഖയായി തയ്യാറാക്കുന്ന ഡോക്യുമെന്റാണ്...
ഐപിഒ കള്‍ പുറത്തിറക്കുന്നതിനു മുന്‍പായി മര്‍ച്ചന്റ് ബാങ്കര്‍മാര്‍ ഒരു പ്രാഥമിക രജിസ്ട്രേഷന്‍ രേഖയായി തയ്യാറാക്കുന്ന ഡോക്യുമെന്റാണ് ഡ്രാഫ്റ്റ് റെഡ്ഹെറിംഗ് പ്രോസ്പെക്ടസ്. ഇത് ഓഫര്‍ ഡോക്യുമെന്റ് എന്നും അറിയപ്പെടുന്നു. ഈ പ്രോസ്പെക്ടസ് തയ്യാറാക്കുന്നതും, ഐപിഒ നടത്താനുള്ള അംഗീകാരത്തിനായി ഇത് സെബി (SEBI) യിലേക്ക് സമര്‍പ്പിക്കുന്നതും കമ്പനിയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍ ആണ്.
കമ്പനിയുടെ ബിസിനസ് സംബന്ധിച്ച വിവരങ്ങള്‍, പ്രമോട്ടര്‍മാര്‍, ധനസ്ഥിതി, കമ്പനി കൈകാര്യം ചെയ്യുന്ന വ്യവസായത്തെ സംബന്ധിച്ച വിവരങ്ങള്‍ മുതലായവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനി എന്തുകൊണ്ട് പൊതുജനങ്ങളില്‍ നിന്നും പണം സമാഹരിക്കാന്‍ തയ്യാറാവുന്നു, എങ്ങനെയാണ് ഈ പണം ഉപയോഗിക്കുക, കമ്പനിയില്‍ നിക്ഷേപിക്കുമ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകട സാധ്യതകള്‍ (risk) എന്നിവ ഈ ഡോക്യുമെന്റില്‍ വ്യക്തമാക്കേണ്ടതാണ്. ഈ പ്രോസ്പെക്ടസില്‍ നല്‍കാനുദ്ദേശിക്കുന്ന ഓഹരികളുടെ എണ്ണത്തിന്റെയോ, വിലയുടെയോ വിശദാംശങ്ങള്‍ നല്‍കണമെന്നില്ല. എന്നാല്‍, ഓഹരി നല്‍കാനുദ്ദേശിക്കുന്ന വിലയുടെ റേഞ്ച് ഇതില്‍ വ്യക്തമാക്കാറുണ്ട് (ഉദാഹരണത്തിന് 100-110). ഓഹരി അനുവദിക്കുന്നതിന്റെ എണ്ണവും, അളവും ഇഷ്യൂ ചെയ്യുന്ന കമ്പനി പിന്നീട് നിശ്ചയിച്ചാലും മതിയാവും. അന്തിമ വില നിശ്ചയിക്കുന്നത് ബിഡിംഗ് പ്രോസ്സസുകള്‍ക്ക് ശേഷമായിരിക്കും.
നിയമപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും, കമ്പനിയിലേക്ക് വരാനിരിക്കുന്ന നിക്ഷേപകര്‍ ഇതിനെക്കുറിച്ച് ബോധവാന്‍മാരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് മര്‍ച്ചന്റ് ബാങ്കറുടെ ഉത്തരവാദിത്തമാണ്. ഇവരാണ് ഈ ഡോക്യുമെന്റ് തയ്യാറാക്കി സെബിയ്ക്കും, റജിസ്ട്രാര്‍ ഓഫ് കമ്പനീസി (ROC) നും, സ്റ്റോക്ക് എക്സ്ചേഞ്ചിനും കൈമാറുന്നത്. സെബി (SEBI) പ്രോസ്പെക്ടസ് വിലയിരുത്തി കാര്യങ്ങളെല്ലാം പരിശോധിച്ചതിനു ശേഷം നിരീക്ഷണങ്ങള്‍ മര്‍ച്ചന്റ് ബാങ്കറുമായി പങ്കു വെയ്ക്കുന്നു. ഐപിഒ യ്ക്ക് അന്തിമ അനുമതി നല്‍കുന്നത് സെബിയാണ്.