സാമ്പത്തികമായി ശക്തരാകാം; പലിശ നിരക്ക് 7.5 ശതമാനം, അറിയാം വനിതകള്‍ക്കായുള്ള നിക്ഷേപ പദ്ധതികള്‍
- ഏപ്രില്‍ 1 മുതല്‍ പദ്ധതി ലഭ്യമായി തുടങ്ങും
- അപേക്ഷിക്കാവുന്ന പ്രായപരിധി 10 വയസ്
ഫിനാന്‍ഷ്യല്‍ ഫ്രീഡം ആഗ്രഹിക്കുന്നവരാണ് ഓരോ സ്ത്രീകളും. എന്നാല്‍ ജോലി ചെയ്ത് സമ്പാദിക്കുന്ന പണം എങ്ങനെ സുരക്ഷിതമാക്കാമെന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും ഏതെങ്കിലും ബാങ്കുകളില്‍ ഡെപ്പോസിറ്റായി സൂക്ഷിക്കുകയോ മറ്റോ ചെയ്യുകയാണ് പതിവ്. വനിതകള്‍ക്കായി മികച്ച നിക്ഷേപ മാര്‍ഗങ്ങളുണ്ടെങ്കിലും പലരും അതിനെ കുറിച്ച് മനസിലാക്കാറുമില്ല. ഇത്തരത്തില്‍ വനിതകള്‍ക്കായി കേന്ദ്രം പുതുതായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രം ചേരാന്‍ കഴിയുന്നൊരു ചെറുകിട സമ്പാദ്യ പദ്ധതിയാണിത്.
പദ്ധതിയുടെ സവിശേഷതകള്‍
* ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. രണ്ട് ലക്ഷമാണ് നിക്ഷേപിക്കാവുന്ന പരമാവധി തുക. ഒരു സ്ത്രീയുടെയോ പെണ്‍കുട്ടിയുടെയോ പേരില്‍ തുക നിക്ഷേപിക്കാം
* ഈ നിക്ഷേപ പദ്ധതി 7.5 ശതമാനം പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റു ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്കിനേക്കാളും ഉയര്‍ന്നതാണിത്. കൂടാതെ പോസ്റ്റ് ഓഫീസ് വരുമാന പദ്ധതി, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ്‌കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ ജനപ്രിയ നിക്ഷേപ പദ്ധതികളേക്കാളും പലിശ ഇതില്‍ നിന്നും ലഭിക്കുന്നു.
* ഭാഗികമായി തുക പിന്‍വലിക്കാനുള്ള സൗകര്യം ഉണ്ടാകും
* 2023 മുതല്‍ 2025 മാര്‍ച്ച് 31 വരെ ഈ പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്
* 2023 ഏപ്രില്‍ 1 മുതല്‍ ഏതെങ്കിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളില്‍ ഈ പദ്ധതി ലഭ്യമായി തുടങ്ങും
* അപേക്ഷിക്കാവുന്ന പ്രായപരിധി 10 വയസാണ്
* ഈ സ്‌കീമിന് ഒരു പരമാധികാരിയുടെ പിന്തുണ ഉള്ളതുകൊണ്ടുതന്നെ ക്രെഡിറ്റ് റിസ്‌കൊന്നും വരുന്നില്ല.
രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ ഈ പദ്ധതിയിലൂടെ കിട്ടുന്ന പലിശ എന്നത് 7.5 ശതമാനമാണ്. അങ്ങനെയാണെങ്കില്‍ 2 ലക്ഷം നിക്ഷേപിച്ചു കഴിഞ്ഞാല്‍ വര്‍ഷം 15000 രൂപ നേടാന്‍ സാധിക്കും.