കുറച്ച് കാശ് പഴ്‌സിലും കരുതിക്കോളൂ, ഇ-പേയ്‌മെന്റ് എണ്ണത്തില്‍ പരിധി വന്നേക്കും

ഡിജിറ്റല്‍ പേയ്‌മെന്റ് എന്നത് ഏതാനും കമ്പനികളില്‍ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നതിന്റെ അപകടം ഒഴിവാക്കുക എന്നതാണ് എന്‍പിസിഐയുടെ ലക്ഷ്യം.

Update: 2022-11-23 08:47 GMT
digital payment

ഡെല്‍ഹി: ഏത് തരം പേയ്‌മെന്റിനും യുപിഐ അധിഷ്ഠിത ആപ്പുകളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് ഇനി മുതല്‍ 'ഇ-പേയ്‌മെന്റ്' സേവനം പരിമിതമായി ഉപയോഗിക്കേണ്ടി വന്നേക്കും. നിലവില്‍ അണ്‍ലിമിറ്റഡ് പേയ്‌മെന്റ് രീതിയാണുള്ളത്. ഇത് ഒരോ ഉപഭോക്താവിനും പ്രതിമാസം അനുവദനീയമായ അളവില്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കും. ഇത്തരത്തില്‍ ഓരോ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനികള്‍ക്കും ട്രാന്‍സാക്ഷന്‍ പരിധി ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചയിലാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ).

നിലവില്‍ രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് വോള്യത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് ഗൂഗിള്‍ പേയും, ഫോണ്‍ പേയുമാണ്. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് എന്നത് ഏതാനും കമ്പനികളില്‍ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നതിന്റെ അപകടം ഒഴിവാക്കുക എന്നതാണ് എന്‍പിസിഐയുടെ ലക്ഷ്യം. അങ്ങനെയെങ്കില്‍ രാജ്യത്തെ ആകെ ഡിജിറ്റല്‍ ഇടപാടുകളില്‍ ഒരു നിശ്ചിത വിഹിതം മാത്രമേ ഓരോ കമ്പനികള്‍ക്കും കൈകാര്യം ചെയ്യാന്‍ സാധിക്കൂ.

ഇത്തരത്തില്‍ ഇടപാടുകളുടെ ഉയര്‍ന്ന പരിധി നിശ്ചയിച്ചാല്‍ നിലവില്‍ ലഭ്യമായ അണ്‍ലിമിറ്റഡ് ഉപയോഗം നിലയ്ക്കും. ഒരുപക്ഷേ ഒരു നിശ്ചിത ഇടപാടുകള്‍ക്ക് ശേഷം കമ്പനികള്‍ അധിക തുക ഫീസായി ഈടാക്കാനുള്ള സാധ്യതയുമുണ്ട്. ഓരോ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് കമ്പനികള്‍ക്കും പരമാവധി 30 ശതമാനം മാത്രം ഇടപാടുകള്‍ മാത്രം നടത്താനുള്ള അനുമതി നല്‍കുക എന്നതാണ് എന്‍പിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്.

ഇത് സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ എന്‍പിസിഐ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആര്‍ബിഐയില്‍ നിന്നും, കേന്ദ്ര ധനകാര്യമന്ത്രാലയത്തില്‍ നിന്നുമുള്ള പ്രതിനിധികളുമുണ്ട്. 2020ല്‍ ഇത്തരത്തില്‍ ഇടപാട് പരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ നടന്നുവെങ്കിലും അവ അധികം മുന്നോട്ട് പോയില്ല. ഈ മാസം അവസാനത്തോടെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളുടെ ഇടപാട് പരിധി നിശ്ചയിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

Tags:    

Similar News