നിങ്ങളിലേക്കും ഇ-റുപ്പി ഉടനെത്തും: എങ്ങനെ ഉപയോഗിക്കാം?
- എന്താണ് ഇ റുപ്പി ?
- എന്താണ് ഇ-റുപ്പിയുടെ പ്രത്യേകതകള്‍?
- ഇത് എവിടെയാണ് സൂക്ഷിക്കാന്‍ സാധിക്കുക?
- പ്രവര്‍ത്തനം എങ്ങനെ ? ... എല്ലാം വിശദമായി അറിയൂ
ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സിയായ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) ജനങ്ങളിലേക്ക് ഏതാനും മാസങ്ങള്‍ക്കകം എത്തിയേക്കും. ഇ-റുപ്പി ഉപയോഗിച്ചുള്ള ഇടപാടുകളെ പറ്റി ആഴത്തിലറിയാന്‍ നവംബര്‍ ഒന്നിന് ഹോള്‍സെയില്‍ ഇടപാടുകള്‍ക്കുള്ള പൈലറ്റ് പ്രോജക്ട് ആരംഭിച്ചിരുന്നു. ഡിസംബര്‍ ഒന്നു മുതല്‍ റീട്ടെയില്‍ ഇടപാടുകള്‍ക്കുള്ള പൈലറ്റ് പ്രോജക്ട് ആരംഭിക്കുന്നതോടെ ചെറുകിട ഇടപാടുകളിലും ഇ-റുപ്പി സാന്നിധ്യമറിയിക്കും.
നിലവില്‍ നടത്തുന്ന പ്രോജക്ടുകള്‍ ആഴത്തില്‍ പഠിച്ച ശേഷം വേണ്ട മാറ്റങ്ങള്‍ വരുത്തി സാധാരണക്കാരിലേക്കുള്‍പ്പടെ ഇ-റുപ്പി വരും. സര്‍ക്കാരിന്റെ ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച് വാര്‍ത്തകള്‍ ഏറെ വന്നെങ്കിലും ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ, എവിടെയാണ് സിബിഡിസി സ്റ്റോര്‍ ചെയ്യുക (സൂക്ഷിച്ചു വെക്കുന്നത്), ക്രയവിക്രയം എങ്ങനെയാണ് എന്നത് മുതല്‍ ഇത് സമ്പദ് വ്യവസ്ഥയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുമെന്നും ഏവരും അറിഞ്ഞിരിക്കണം.
എന്താണ് ഇ-റുപ്പി?
ബ്ലോക്ക് ചെയിന്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്റ്റോ എന്ന് ഏവര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് ഇ-റുപ്പിയും. ക്രിപ്റ്റോ എന്നത് സര്‍ക്കാര്‍ അംഗീകൃതമോ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതോ അല്ല. എന്നാല്‍ ഇ-റുപ്പി പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കറന്‍സിയാണ്.
ആര്‍ബിഐ ഇറക്കുന്ന കറന്‍സി നോട്ടിന്റെ ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ രൂപമാണിത്. 50 പൈസ മുതല്‍, 2000 രൂപയുടെ വരെ ഡിനോമിനേഷനില്‍ (വര്‍ഗ്ഗീകരണം) ഇ-റുപ്പിയും സജ്ജീകരിച്ചിട്ടുണ്ട്. അതായത് നിലവില്‍ ലഭിക്കുന്ന പ്രിന്റ് ചെയ്ത നോട്ടുകളുടേയും കോയിനുകളുടേയും അതേ മൂല്യമുള്ള ഡിജിറ്റല്‍ കറന്‍സികളാണ് ഇ-റുപ്പിയായി സൃഷ്ടിച്ചിരിക്കുന്നത്.
എന്താണ് ഇ-റുപ്പിയുടെ പ്രത്യേകതകള്‍?
ആര്‍ബിഐയുടെ ധനനയത്തിന് അനുസൃതമായി സൃഷ്ടിച്ചെടുത്തിരിക്കുന്നതാണ് ഇ-റുപ്പി. കേന്ദ്ര ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ മാത്രമാകും ഇത് ബാധ്യതയായി രേഖപ്പെടുത്തുക. അതായത് ആര്‍ബിഐയില്‍ നിന്നും ഒരു തവണ ഇറക്കുന്ന കറന്‍സി പിന്നീട് ഡിജിറ്റലായി തന്നെ സര്‍ക്കുലേറ്റ് (വിനിമയം) നടത്തുകയാകും. സര്‍ക്കാര്‍ ഇറക്കുന്നതിനാല്‍ തന്നെ ഇ-റുപ്പി ഒരു ലീഗല്‍ ടെന്‍ഡറാണ്. അതായത് ഒരു സാഹചര്യത്തിലും ഈ ഡിജിറ്റല്‍ രൂപയുടെ മൂല്യം തിരസ്‌ക്കരിക്കപ്പെടില്ല.
ഇ-റുപ്പി ഫിയറ്റ് മണിയാക്കി (നോട്ടു രൂപത്തിലുള്ള പണം) മാറ്റാന്‍ എളുപ്പമാണ്. രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും ഇത്തരത്തില്‍ മാറ്റാന്‍ സാധിക്കും (ഇത് പൂര്‍ണമായും നടപ്പാക്കുന്നതോടെയാകും എല്ലാ ബാങ്കുകളിലും ഇടപാട് സാധ്യമാകുക). ഇ-റുപ്പി കൈവശം വെക്കുന്നതിന് പ്രത്യേകം ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. പകരം ഇ-റുപ്പി സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും വിധമുള്ള ഡിജിറ്റല്‍ വാലറ്റ് മതിയാകും. അതിനാലാണ് ഇതൊരു ഫംജിബിള്‍ ലീഗല്‍ ടെന്‍ഡറാണെന്ന് പറയുന്നത്. അതായത് ലളിതമായി തന്നെ കൈമാറ്റം ചെയ്യാന്‍ സാധിക്കും.
ഗുണങ്ങളുണ്ടോ ?
ഇ-റുപ്പിയ്ക്ക് തീര്‍ച്ചയായും ഒട്ടേറെ ഗുണങ്ങളുണ്ട്. ഒരു പരിധിയിലധികം പണം പഴ്സില്‍ കരുതാനാവില്ല. മാത്രമല്ല ചെയ്ഞ്ച് ഇല്ലെങ്കില്‍ അതും കുഴപ്പമാകും. ഇ-റുപ്പി വന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. മാത്രമല്ല പണം പ്രിന്റ് ചെയ്യുന്നതിനും ബാങ്ക് ഇടപാടുകള്‍ക്ക് വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും നിലവിലുള്ള ചെലവുകള്‍ ഭീമമാണ്. ഇ-റുപ്പി വരുന്നതോടെ ഇത് കുറയും. ഡിജിറ്റല്‍ രൂപത്തിലുള്ള പണത്തിന്റെ അളവ് കൂടുന്നതോടെ വിനിമയത്തിലുള്ള പ്രിന്റഡ് നോട്ടുകളുടെ എണ്ണം കുറഞ്ഞാലും പ്രതിസന്ധി ഉണ്ടാകില്ല.
ഇടപാടുകളില്‍ കൃത്യതയും വേഗതയും ഉറപ്പാക്കാം. ക്രിപ്റ്റോ പോലുള്ള ഡിജിറ്റല്‍ കറന്‍സികളെക്കാള്‍ വിശ്വാസ്യതയുള്ള ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത കറന്‍സിയായി ഇ-റുപ്പി മാറും. പ്രിന്റ് ചെയ്ത നോട്ടുകളെക്കാള്‍ സുരക്ഷിതമാണ് ഇ-റുപ്പി. വിദേശത്തേക്ക് പണം അയയ്ക്കുമ്പോള്‍ ഇ-റുപ്പി ആയിട്ടാണെങ്കില്‍ ട്രാന്‍സാക്ഷന്‍ ചെലവ് പോലുള്ളവ ലാഭിക്കാം.
ഓഫ് ലൈനായും ഇടപാട് നടത്താവുന്ന ഇ-റുപ്പി വരാനുള്ള സാധ്യത നിലവിലുണ്ട്. ഇത് വന്നാല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഇടപാട് നടക്കും. പ്രിന്റ് ചെയ്ത നോട്ടുകള്‍ നശിച്ച് പോകുന്നത് പോലുള്ള പ്രശ്നങ്ങള്‍ ഇ-റുപ്പിയ്ക്ക് ഉണ്ടാകില്ല എന്ന പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.
ഇത് എവിടെയാണ് സൂക്ഷിക്കാന്‍ സാധിക്കുക?
ഇ-റുപ്പി ആര്‍ബിഐ ഡിജിറ്റലായി ഇറക്കി അതാത് ബാങ്കുകള്‍ക്ക് വിതരണം ചെയ്യും. ബാങ്കുകളില്‍ നിന്നും ഇത് ഉപഭോക്താക്കളിലെത്തും. നിലവില്‍ പൈലറ്റ് പ്രോജക്ടുമായി സഹകരിക്കുന്ന ബാങ്കുകളുടെ ഇ-വാലറ്റില്‍ ഇത് ലഭ്യമാകും. ഒരുപക്ഷേ ഇ-റുപ്പി വ്യാപകമാകുമ്പോഴേയക്കും ആര്‍ബിഐയുടെ നേതൃത്വത്തില്‍ പ്രത്യേക ഇ-റുപ്പി ഡിജിറ്റല്‍ വാലറ്റും വന്നേക്കാം. ഇത്തരത്തില്‍ ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത വാലറ്റ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇറക്കുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വരാനുണ്ട്. പൈലറ്റ് പ്രോജക്ടില്‍ പങ്കെടുക്കുന്ന വ്യാപാരികള്‍ക്കായി പ്രത്യേകം ക്യു ആര്‍ കോഡും സജ്ജീകരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ വാലറ്റില്‍ കിടക്കുന്ന ഇ-റുപ്പിയ്ക്ക് പലിശ ലഭിക്കില്ല.
പ്രവര്‍ത്തനം എങ്ങനെ ?
നിര്‍ദ്ദിഷ്ട വാലറ്റിലേക്ക് നിക്ഷേപിക്കുന്ന സമയത്ത് മാത്രമാകും ഇടപാടുകാരന് ബാങ്കിംഗ് സംവിധാനം ഉപയോഗിക്കേണ്ടി വരിക. പിന്നീട് വാലറ്റുകള്‍ തമ്മിലുള്ള ഇടപാടാകും നടക്കുക. ബാങ്കില്‍ നിന്നും ഇഷ്യു ചെയ്യുന്ന ഇ-റുപ്പി പിന്നീട് സര്‍ക്കുലേറ്റ് (പ്രചരിക്കുക) ചെയ്യും എന്നര്‍ത്ഥം. എന്നാല്‍ ഇ-റുപ്പിയുടെ നിയന്ത്രണം ആര്‍ബിഐയ്ക്കായിരിക്കും.
സംശയവും ആശങ്കയും
ഇ-റുപ്പിയുടെ ഇടപാട് പ്രായോഗികമായി എപ്രകാരമായിരിക്കും എന്നത് സംബന്ധിച്ചുള്ള സംശയങ്ങള്‍ മാത്രമേ ഇപ്പോള്‍ നിലനില്‍ക്കുന്നുള്ളൂ. അക്കാര്യം ഇ-റുപ്പിയുടെ പ്രചാരം വര്‍ധിച്ചാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ. അതിന് ഇനിയും മാസങ്ങള്‍ എടുത്തേക്കാം. ക്രിപ്റ്റോ കറന്‍സി നേരിട്ടിരുന്ന ക്രിപ്റ്റോ ജാക്കിംഗ് പോലുള്ള തട്ടിപ്പുകളില്‍ നിന്നും ഇ-റുപ്പി സുരക്ഷിതമായിരിക്കുമോ എന്ന ആശങ്ക ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പഴുതടച്ച സുരക്ഷയോടെയാകും ഇ-റുപ്പി എത്തുക എന്ന് ആര്‍ബിഐ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.