ക്രെഡിറ്റ്‌ കാർഡും ഡെബിറ്റ് കാർഡും ഉണ്ടോ? ഏതു വേണമെന്ന കൺഫ്യൂഷൻ ഒഴിവാക്കാം

  • ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ബാധ്യത ഉണ്ടാവില്ല
  • ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നവർക്ക് ക്രെഡിറ്റുകാർഡ് ഗുണം ചെയ്യും
  • സാമ്പത്തിക അച്ചടക്കം ,യു പി ഐ ഇടപാടുകൾ എന്നിവക്ക് മുൻഗണന നല്കുന്നവർക് ഡെബിറ്റ് കാർഡ് അനുയോജ്യം

Update: 2023-07-27 10:39 GMT

നിങ്ങളുടെ കയ്യിൽ ക്രെഡിറ്റ്‌ കാർഡും ഡെബിറ്റ് കാർഡും ഉണ്ട്.. ഇടക്കെങ്കിലും ഏതുപയോഗിക്കണമെന്ന കൺഫ്യൂഷൻ ഉണ്ടോ? തീരുമാനം ഏതായാലും രണ്ടിന്റേം ചില സാമ്പത്തിക വശങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്

ഡെബിറ്റ് കാർഡുകൾ എവിടെയും

ഇന്ത്യയിൽ കൂടുതൽ പേരും ഡെബിറ്റ് കാർഡ് അല്ലെങ്കിൽ എ ടി എം കാർഡ് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.ഒരു ടെൻഷനുമില്ലാതെ സ്വന്തം അക്കൗണ്ടിലെ പണം പിൻവലിക്കാമെന്നതാണ് അതിനു കാരണം. കടം വാങ്ങാൻ ഇഷ്ടപ്പെടാത്തവർക്കും ചെലവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും മറ്റൊരു മികച്ച ഓപ്ഷൻ ഇല്ല. അത് മാത്രമല്ല, ഡെബിറ്റ് കാർഡുകൾ രാജ്യത്തുടനീളം വ്യാപകമായി ആളുകൾ സ്വീകരിക്കും. മിക്ക വ്യാപാരികളും ഓൺലൈൻ ഇടപാടുകളിലും എ ടി എമ്മുകളിലും ഇത് ഉപയോഗിക്കാം.

ക്രെഡിറ്റ് സ്കോർ ഇല്ലാത്തവർക്ക് 

വായ്പക്ക് അപേക്ഷിക്കണമെങ്കിൽ ക്രെഡിറ്റ് സ്കോർ വേണമെന്ന് നമുക്ക് അറിയാം.വായ്പ എടുത്ത്  കൃത്യമായി അടക്കുക വഴി ആണ് ക്രെഡിറ്റ് സ്കോർ ഉണ്ടാവുന്നത്. ക്രെഡിറ്റ് കാർഡ് എടുത്ത് കൃത്യമായി തിരികെ അടക്കുന്നവർക്ക് ക്രെഡിറ്റ് സ്കോർ കൂട്ടാം.

തടസമില്ലാത്ത യു പി ഐ ഇടപാടുകൾക്ക്

ഡിജിറ്റൽ ഇന്ത്യ എന്ന ആശയവും യു പി ഐ സംവിധാനവും അനുദിനം മുന്നേറ്റത്തിന്റെ പാതയിൽ ആണ്. ഡെബിറ്റ് ക്രെഡിറ്റ്‌ കാർഡുകൾ യു പി ഐ പ്ലാറ്റ് ഫോമുകളുമായി ബന്ധിപ്പിച്ച് മൊബൈൽ ബാങ്കിംഗ് ആപ്പുകൾ വഴിയും ദ്രുത ഗതിയിൽ സുരക്ഷിത ഇടപാടുകൾ നടത്താൻ കഴിയും. യു പി ഐ സംവിധാനങ്ങൾ വ്യാപകമായതോടെ ഭൂരിഭാഗം ഇന്ത്യക്കാർക്കും ഡെബിറ്റ് കാർഡുകൾ അവശ്യവസ്തുവായി മാറി.

ക്യാഷ്ബാക്കും റിവാർഡുകളും വേണമെങ്കിൽ

ക്രെഡിറ്റ്‌ കാർഡുകളുടെ ഉപയോഗം സമീപ കാലങ്ങളിൽ കുതിക്കുകയാണ്. കാരണം ക്രെഡിറ്റ്‌ കാർഡ് ഉപയോഗം വഴി ധാരാളം റിവാർഡുകളും ക്യാഷ് ബാക്ക് ഓഫറുകളുമായും, വിവിധ കിഴിവുകളായും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. അതിനാൽ ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നത് ആളുകൾ ഇഷ്ടപ്പെടുന്നു.

ഉത്തരവാദിത്വമില്ലെങ്കിൽ ഇത് വേണ്ട

ഓഫറുകളും റിവാർഡുകളും ലഭിക്കുമെങ്കിലും ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. ക്രെഡിറ്റ്‌ കാർഡ് സൗകര്യപ്രദവും കൂടുതൽ റിവാർഡുകൾ നൽകുന്നുണ്ടെങ്കിലും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കടം കുമിഞ്ഞു കൂടാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. കുടിശ്ശിക അടക്കാൻ ബാക്കി ഉണ്ടെങ്കിൽ ഉയർന്ന പലിശ നിരക്കുകളും പെനാലിറ്റി ചാർജുകളും ക്രെഡിറ്റ്‌ കാർഡിനെ ഒരു വൻ സാമ്പത്തിക ബാധ്യത ആക്കി മാറ്റും. സാമ്പത്തിക അച്ചടക്കം ഇല്ലാത്ത ഒരാൾക്ക് ക്രെഡിറ്റ്‌ കാർഡ് ഉപയോഗം ഒഴിവാക്കുന്നതാവും നല്ലത്.

സുരക്ഷയെ പറ്റി പറയുകയാണെങ്കിൽ

ഇനി സുരക്ഷ വശത്തെ ക്കുറിച്ച് പറയാം. ഡെബിറ്റ് ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുമ്പോൾ പിൻ സംവിധാനം, ടു ഫാക്ടർ ഓതേന്റിക്കേഷൻ, എസ് എം എസ് അലെർട്ടുകൾ തുടങ്ങിയ ശക്തമായ സുരക്ഷ സംവിധാനങ്ങൾ നിലവിലുണ്ട്. എന്നാൽ ഡെബിറ്റ് കാർഡിനേക്കാൾ തട്ടിപ്പുകളിൽ നിന്ന് കൂടുതൽ സുരക്ഷ നൽകുന്നത് ക്രെഡിറ്റ്‌ കാർഡുകളുടെ ഉപയോഗം ആണെന്നു പറയാം.

അമിത പലിശ ഈടാക്കും 

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ എളുപ്പമാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ കൃത്യമായി അടച്ചിരിക്കണം. ഇല്ലെങ്കിൽ ദിവസങ്ങൾ വൈകുന്നതിന് അനുസരിച്ച് ഭീമമായ  പലിശ ചുമത്താറുണ്ട്. അതിനാൽ കൃത്യമായി അടക്കാൻ കഴിയില്ലെങ്കിൽ ക്രെഡിറ്റുകാർഡ് വേണെന്നു വെക്കണം 

ഇതെല്ലാം ഒന്ന് ശ്രദ്ധിക്കണേ

ഡെബിറ്റ്,ക്രെഡിറ്റ്‌ കാർഡ് ഉപയോഗം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഉത്തരവാദിത്വത്തോടെ ഉള്ള ചെലവിടൽ, സാമ്പത്തിക അച്ചടക്കം, യു പി ഐ ഇടപാടുകൾ എന്നിവക്ക് മുൻഗണന നൽകുന്നവർക്ക് ഡെബിറ്റ് കാർഡ് കൂടുതൽ ഉപയോഗിക്കാം. ആനുകൂല്യങ്ങളും റിവാർഡുകൾക്കും കൂടാതെ ഫ്ലെക്സിബ്ൾ ആയ സാമ്പത്തിക ഇടപാടുകളും ആവശ്യമുള്ളവർക്ക് ക്രെഡിറ്റ്‌ കാർഡ് അനുയോജ്യമായിരിക്കും. എന്നാൽ ഫീസുകളെയും പലിശ നിരക്കുകളെ കുറിച്ച് അറിവുണ്ടാവുകയും അച്ചടക്കത്തോടെ ഉപയോഗിക്കാനും സാധിക്കണം.

Tags:    

Similar News