കെ എസ് എഫ് ഇ, സുതാര്യവും സുസ്ഥിരവുമായ സാമ്പത്തിക സേവനങ്ങള്‍ക്ക്
ഒരു ചിട്ടി കമ്പനിയാണെങ്കിലും വ്യത്യസ്തമായ സാമ്പത്തികസേവനങ്ങളാണ് നല്‍കുന്നത്.
കമ്പനി നിയമപ്രകാരം കേരളസര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്ത കെഎസ്എഫ്ഇ തൃശൂര്‍ ആസ്ഥാനമാക്കി 1969 നവംബര്‍ 6 ന് പ്രവര്‍ത്തനം ആരംഭിച്ചു. 2,00,000 രൂപ മൂലധനത്തില്‍ ആരംഭിച്ച കെഎസ്എഫ്ഇ ക്ക് അന്ന് 45 ജീവനക്കാരും 10 ശാഖകളുമാണ് ഉണ്ടായിരുന്നത്.
പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന വിശ്വസ്തമായ ഒരു സ്ഥാപനമായി പ്രവര്‍ത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ചിട്ടി മേഖലയ്ക്ക് കൃത്യമായ ഒരു വ്യവസ്ഥയുണ്ടാക്കി ഈ രംഗത്തെ ചൂഷകരുടെ പിടിയില്‍ നിന്നും മോചിപ്പിക്കുന്നതിനൊപ്പം സുതാര്യവും സുസ്ഥിരവുമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കുക എന്നതും കെഎസ്എഫ്ഇ ലക്ഷ്യമിടുന്നു. പിന്നീട് സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ച് സാമ്പത്തികരംഗത്തെ വിവിധ മേഖലകളിലേക്ക് കെഎസ്എഫ്ഇ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ആറ്റിങ്ങല്‍, ആലപ്പുഴ, കട്ടപ്പന, മലപ്പുറം എന്നിവിടങ്ങളിലായി 600 ശാഖകളും പതിനൊന്ന് മേഖലാ ഓഫീസുകളും കമ്പനിയ്ക്കുണ്ട്.
കെഎസ്എഫ്ഇ ഒരു നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി അല്ലാത്തതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിന് കീഴില്‍ വരുന്നില്ല. ഒരു ചിട്ടി കമ്പനിയാണെങ്കിലും വ്യത്യസ്തമായ സാമ്പത്തിക സേവനങ്ങളാണ് നല്‍കുന്നത്. ചിട്ടിയില്‍ തന്നെ ചിട്ടി അധിഷ്ഠിത വായ്പയും നിക്ഷേപ പദ്ധതികളുമുണ്ട്. പുതിയ സാമ്പത്തിക നിയമങ്ങള്‍ക്കനുസരിച്ച് വിദേശ ഇന്ത്യക്കാര്‍ക്ക് നേരിട്ട് ചേരാവുന്ന എന്‍ആര്‍ഐ ചിട്ടികളും കെഎസ്എഫ്ഇ ആരംഭിച്ചിട്ടുണ്ട്. വ്യക്തിഗത വായ്പ, സ്വര്‍ണ്ണവായ്പ, ഹൗസിങ് ലോണ്‍, വാഹനവായ്പ എന്നീ വായ്പാപദ്ധതികളും സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രത്യേക ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും കെഎസ്എഫ്ഇ നല്‍കുന്നു.